വി-ഗാര്‍ഡിന് ₹1,148 കോടി സെപ്റ്റംബര്‍പാദ വരുമാനം; ലാഭം 35% ഉയര്‍ന്നു

കൊച്ചി ആസ്ഥാനമായ പ്രമുഖ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മ്മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറില്‍ 58.95 കോടി രൂപയുടെ സംയോജിത ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 43.66 കോടി രൂപയേക്കാള്‍ 35 ശതമാനം അധികമാണിത്.

പ്രവര്‍ത്തന വരുമാനം 986.55 കോടി രൂപയില്‍ നിന്ന് 14.9 ശതമാനം വര്‍ധിച്ച് 1,133.75 കോടി രൂപയിലെത്തി. 989 കോടി രൂപയില്‍ നിന്ന് 1,147.91 കോടി രൂപയിലേക്ക് മൊത്ത വരുമാനവും വര്‍ധിച്ചു. ഇന്ന് ഓഹരി വിപണിയില്‍ വ്യാപാരം പുരോഗമിക്കവേയാണ് കമ്പനി പ്രവര്‍ത്തനഫലം പുറത്തുവിട്ടത്. വ്യാപാരാന്ത്യത്തില്‍ 1.81 ശതമാനം താഴ്ന്ന് 297.55 രൂപയിലാണ് ഓഹരി വിലയുള്ളത്.
കടബാധ്യതയില്‍ വന്‍ കുറവ്
വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ കടബാധ്യത സെപ്റ്റംബര്‍ 30ലെ കണക്കുപ്രകാരം 292 കോടി രൂപയാണ്. കഴിഞ്ഞ മാര്‍ച്ച് 31ലെ 420 കോടി രൂപയില്‍ നിന്ന് ബാധ്യത കുത്തനെ കുറഞ്ഞത് കമ്പനിക്ക് വന്‍ നേട്ടമായി.
കമ്പനിയുടെ കൈവശമുള്ള കാശ്, കാശ് തത്തുല്യ ആസ്തി (Cash and Cash Equivalent) 40 കോടി രൂപയില്‍ നിന്ന് 90 കോടി രൂപയായും വര്‍ധിച്ചു.
ഉപഭോക്തൃ ഡിമാന്‍ഡിലുണ്ടായ വര്‍ധനയാണ് കഴിഞ്ഞപാദത്തില്‍ മികച്ച പ്രവര്‍ത്തനഫലം കാഴ്ചവയ്ക്കാന്‍ സഹായിച്ചതെന്ന് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ഡ് വിഭാഗത്തിലെ ഉപഭോക്തൃ ഡിമാന്‍ഡ് വളര്‍ച്ചയ്ക്ക് കൂടുതല്‍ കരുത്തായെന്നും സമീപകാലത്ത് അവതരിപ്പിച്ച പുതിയ ഉത്പന്നങ്ങള്‍ക്ക് നല്ല പ്രതികരണം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഗിഗാഡൈനില്‍ പങ്കാളിത്തം ഉയര്‍ത്തും
മുംബൈ ആസ്ഥാനമായ ബാറ്ററി നിര്‍മ്മാതാക്കളായ ഗിഗാഡൈന്‍ എനര്‍ജി ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡിലെ (GEL) ഓഹരി പങ്കാളിത്തം വി-ഗാര്‍ഡ് 24.32 ശതമാനമായി ഉയര്‍ത്താന്‍ തീരുമാനിച്ചു 2021 ജനുവരി 15ലെ 18.77 ശതമാനത്തില്‍ നിന്നാണ് പുതിയ 20.01 കോടി രൂപയുടെ നിക്ഷേപത്തോടെ ഓഹരി പങ്കാളിത്തം ഉയര്‍ത്തുന്നത്. ഗിഗാഡൈന്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നത് തുടങ്ങിയിട്ടില്ല.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it