ഓഹരി, കടപ്പത്രങ്ങളിലൂടെ വമ്പന്‍ പണസമാഹരണത്തിന് വോഡഫോണ്‍ ഐഡിയ; 5ജിയിലേക്ക് ഇനി അതിവേഗം

സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് പതറുന്ന പ്രമുഖ സ്വകാര്യ ടെലികോം കമ്പനിയായ വോഡഫോണ്‍ ഐഡിയ (Vi) ഓഹരികളും കടപ്പത്രങ്ങളുമിറക്കി 45,000 കോടി രൂപയുടെ മൂലധന സമാഹരണം നടത്തും. ഇതിന് ഇന്നലെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് അനുമതി നൽകി.
നിലവിലെ 4ജി സേവനം കൂടുതല്‍ വിപുലമാക്കാനും 5ജി സേവനത്തിന് തുടക്കമിടാനും ഈ പണം പ്രധാനമായും ഉപയോഗിക്കും. 5ജി സ്‌പെക്ട്രം കിട്ടിയിട്ടും സേവനത്തിന് തുടക്കമിടാത്ത ഏക സ്വകാര്യ ടെലികോം കമ്പനിയാണ് വീ. ഭാരതി എയര്‍ടെല്ലും റിലയന്‍സ് ജിയോയും ഇതിനകം തന്നെ രാജ്യമെമ്പാടും സേവനം ലഭ്യമാക്കി കഴിഞ്ഞു.
ഓഹരി, ഓഹരിയധിഷ്ഠിത മാര്‍ഗങ്ങള്‍ എന്നിവ വഴി പുറമേ നിന്നുള്ള നിക്ഷേപകരില്‍ നിന്നായി അടുത്ത ത്രൈമാസത്തില്‍ 20,000 കോടി രൂപ കമ്പനി സമാഹരിക്കും. നിക്ഷേപം നേടിയെടുക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ഓഹരികളാക്കി മാറ്റാവുന്ന കടപ്പത്രങ്ങള്‍ (Convertible Debentures), അമേരിക്കന്‍ ഡെപ്പോസിറ്ററി റെസീറ്റ്‌സ്, വിദേശ കറന്‍സിയിലെ കണ്‍വെര്‍ട്ടിബിള്‍ ബോണ്ടുകള്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയും മൂലധനം സമാഹരിക്കും. 25,000 കോടി രൂപയാണ് ഇവവഴി ഉന്നമിടുന്നത്. പുറമേ പ്രമോട്ടര്‍മാര്‍ 2,000 കോടി രൂപ നിക്ഷേപിക്കാമെന്നും ഏറ്റിട്ടുണ്ട്.
വീയും ഓഹരി പങ്കാളിത്തവും
വോഡഫോണ്‍ ഐഡിയയുടെ പ്രമോട്ടര്‍മാരിലൊന്ന് യു.കെയിലെ വോഡഫോണ്‍ ഗ്രൂപ്പാണ്. വീയില്‍ 32.3 ശതമാനമാണ് വോഡഫോണ്‍ ഗ്രൂപ്പിന്റെ ഓഹരി പങ്കാളിത്തം. വീ തുടര്‍ച്ചയായി പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ നിക്ഷേപത്തിനില്ലെന്ന് വോഡഫോണ്‍ ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു.
വീയില്‍ 33 ശതമാനം ഓഹരികള്‍ കേന്ദ്ര സര്‍ക്കാരിന് സ്വന്തമാണ്. വീ നല്‍കാനുള്ള വിവിധ ഫീസുകള്‍ കുടിശികയായപ്പോള്‍ അത് ഓഹരി പങ്കാളിത്തമാക്കി മാറ്റുകയായിരുന്നു. മറ്റൊരു പ്രമോട്ടറായ ആദിത്യ ബിര്‍ള ഗ്രൂപ്പിന് 18.1 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്. അതേസമയം, വീയുടെ ദൈനംദിന കാര്യങ്ങളിലോ തീരുമാനങ്ങളിലോ കേന്ദ്ര സര്‍ക്കാര്‍ ഇടപെടാറില്ല.
നഷ്ടം കുറയുന്നു
വോഡഫോണ്‍ ഐഡിയ ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തില്‍ രേഖപ്പെടുത്തിയ നഷ്ടം 6,985 കോടി രൂപയാണ്. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 7,990 കോടി രൂപയെ അപേക്ഷിച്ച് ഇത് 12.5 ശതമാനം കുറവാണ്. നടപ്പുവര്‍ഷത്തെ സെപ്റ്റംബര്‍ പാദത്തിലെ 8,737 കോടി രൂപയുടെ നഷ്ടവുമായി തട്ടിച്ചുനോക്കുമ്പോള്‍ 20 ശതമാനം കുറവുമാണ് കഴിഞ്ഞപാദ നഷ്ടം. വോഡഫോണ്‍ ഐഡിയയ്ക്ക് ബാങ്കുകളില്‍ ആകെ 4,500 കോടി രൂപയുടെ കടബാദ്ധ്യതയേയുള്ളൂ എന്നാണ് കമ്പനി അവകാശപ്പെടുന്നത്.
റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും 5ജി സേവനം ഉള്‍പ്പെടെ ഉപയോക്താക്കള്‍ക്ക് നല്‍കി കാഴ്ചവയ്ക്കുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ വോഡഫോണ്‍ ഐഡിയയ്ക്ക് വലിയ പ്രതിസന്ധിയാണ്. ഡിസംബര്‍ പാദത്തില്‍ മാത്രം വീയില്‍ നിന്ന് കൂടൊഴിഞ്ഞത് 46 ലക്ഷം ഉപയോക്താക്കളാണ്. 21.52 കോടിയാണ് നിലവില്‍ വീയുടെ മൊത്തം ഉപയോക്താക്കള്‍.
ഉറ്റുനോട്ടം ഓഹരികളില്‍
ഇന്നലെ 5.94 ശതമാനം താഴ്ന്ന് 15.85 രൂപയിലാണ് വോഡഫോണ്‍ ഐഡിയ ഓഹരികള്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ഒരുവര്‍ഷക്കാലത്തെ പ്രകടനം നോക്കിയാല്‍ ഓഹരിവില 133 ശതമാനം കയറിയിട്ടുണ്ട്. 5.7 രൂപയായിരുന്ന വില ഒരുവേള 18.40 രൂപവരെയും എത്തിയിരുന്നു. 77,150 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം. മൂലധന സമാഹരണ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ഓഹരിവില ഏത് ദിശയില്‍ സഞ്ചരിക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it