പ്രതിരോധ, സാനിറ്ററി, തീം പാർക്ക് വിഭാഗങ്ങളിൽ നിക്ഷേപിക്കാൻ 4 ഓഹരികൾ; പ്രതീക്ഷിക്കാം 24% വരെ നേട്ടം

പ്രതിരോധ, സാനിറ്ററി, തീം പാർക്ക് രംഗത്തുള്ള കമ്പനികള്‍ക്ക് കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനം, ഭവന നിര്‍മാണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നത് നിരവധി വ്യവസായങ്ങള്‍ക്ക് നേരിട്ടും പരോക്ഷമായും കൂടുതല്‍ ബിസിനസ് ലഭിക്കാന്‍ സാഹചര്യം ഒരുക്കും. ടൂറിസം, ഒഴിവുകാല ആവശ്യങ്ങള്‍ എന്നിവയ്ക്ക്‌ കൂടുതല്‍ പണം ചെലവഴിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ തീം പാര്‍ക്കുകള്‍ക്കും അനുകൂല സാഹചര്യമാണ് നിലവിലുള്ളത്. ഈ പശ്ചാത്തലത്തില്‍ പരിഗണിക്കാവുന്ന നാലു ഓഹരികള്‍.

1. പ്രിന്‍സ് പൈപ്പ്സ് ആൻഡ് ഫിറ്റിംഗ്സ് (Prince Pipes & Fittings):
ഇന്ത്യയിലെ പ്രമുഖ പ്ലാസ്റ്റിക്ക് പൈപ്പ് നിര്‍മാതാക്കളാണ് പ്രിന്‍സ് പൈപ്പ്സ്. പൈപ്പ് വിപണിയുടെ 5.5 ശതമാനം വിഹിതം കരസ്ഥമാക്കിയിട്ടുണ്ട്. പ്രിന്‍സ് പൈപ്പിംഗ് സിസ്റ്റം, ട്രൂബോര്‍ (Trubore) എന്നീ ബ്രാന്‍ഡുകള്‍ സ്വന്തമായിട്ടുണ്ട്. ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം 2023 ജനുവരി 2ന് ധനം ഓണ്‍ലൈനില്‍ നല്‍കിയിരുന്നു (Stock Recommendatiion by ICICI Securities) അന്നത്തെ ലക്ഷ്യ വില ഭേദിച്ച് 2024 ജനുവരി 5ന് 52 ആഴ്ചയിലെ ഉയര്‍ന്ന വിലയായ 775.75 രൂപയില്‍ ഓഹരി എത്തി, തുടര്‍ന്ന് ലാഭമെടുപ്പില്‍ വില കുറഞ്ഞു. 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളില്‍ വരുമാനം 6 ശതമാനം ഇടിഞ്ഞു. വില്‍പ്പനയില്‍ നിന്ന് ലഭിച്ച തുകയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനം ഇടിവ് ഉണ്ടായി. വില്‍പ്പനയില്‍ 7 ശതമാനം വര്‍ധനയാണ് ഉണ്ടായത്. നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ആദായത്തില്‍ നിന്നുള്ള മാര്‍ജിന്‍ (EBITDA margin) വളര്‍ച്ച 12.2 ശതമാനത്തില്‍ മിതപ്പെട്ടു. കംപ്യൂട്ടർ ഇ.ആര്‍.പി സംവിധാനം നടപ്പാക്കിയത് കൊണ്ടും മറ്റു ചെലവുകള്‍ വര്‍ധിച്ചതുമാണ് മാര്‍ജിന്‍ വളര്‍ച്ച കുറയാന്‍ കാരണം. നിര്‍മാണം, പ്ലംബിംഗ് മേഖലയില്‍ നിന്ന് ഡിമാന്‍ഡ് വേനല്‍ക്കാലത്ത് വര്‍ധിക്കും. 55 കോടി രൂപയ്ക്ക് അക്വിൽ (Aquel) എന്ന ബാത്ത് വെയര്‍ ബ്രാന്‍ഡ് ഏറ്റെടുക്കുന്നതോടെ ബിസിനസ് വികസനം സാധ്യമാകും. 2022-23 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ EBITDA മാര്‍ജിന്‍ വളര്‍ച്ച 13.4 ശതമാനം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഉത്പാദന, അസംസ്‌കൃത വസ്തുക്കളുടെ ചെലവ് കുറയുന്ന പശ്ചാത്തലത്തിലാണ് നേട്ടം കൈവരിക്കാന്‍ സാധിക്കുന്നത്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം-വാങ്ങുക (Buy)
ലക്ഷ്യ വില- 659 രൂപ
നിലവില്‍ വില - 562.45 രൂപ
Stock Recommendation by Geojit Financial Services).
2. സെറ സാനിറ്ററിവെയര്‍ (Sera Sanitaryware Ltd) : പ്രമുഖ സാനിറ്ററി വെയര്‍ കമ്പനിയായ സെറ വികസനത്തിന്റെ പാതയിലാണ്. 2023-24 ഡിസംബര്‍ പാദത്തില്‍ വരുമാനം 4.2 ശതമാനം ഇടിഞ്ഞു. ബാത്ത് വെയര്‍ വിഭാഗത്തില്‍ ഡിമാന്‍ഡ് കുറഞ്ഞതാണ് വരുമാനം കുറയാന്‍ കാരണം. നാലാം പാദത്തില്‍ സ്ഥിതി മെച്ചപ്പെടാം. മൊത്തം മാര്‍ജിന്‍ 54.2 ശതമാനം നിലനിറുത്താൻ സാധിച്ചു. എന്നാല്‍ EBITDA മാര്‍ജിന്‍ മുന്‍ പാദത്തില്‍ 18.4 ശതമാനമായിരുന്നത് 16.7 ശതമാനമായി കുറഞ്ഞു. ഗുജറാത്തില്‍ സാനിറ്ററി വെയര്‍ ഉത്പന്നങ്ങള്‍ക്ക് പുതിയ സംവിധാനം സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടത്തി നിര്‍മാണ പരിപാടികള്‍ പുരോഗമിക്കുന്നു. 2024-25ല്‍ ഇത്‌ പ്രവര്‍ത്തന സജ്ജമാകും. ഫാസെറ്റ് വെയര്‍ (Faucetware) ഉത്പാദനം വര്‍ധിപ്പിക്കാനായി സ്ഥാപിച്ച യൂണിറ്റ് രണ്ടാം പാദം മുതല്‍ 90 ശതമാനം ഉത്പാദന ശേഷിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിലവില്‍ നാലു ലക്ഷം യൂണിറ്റുകള്‍ ഉത്പാദിപ്പിക്കുന്നത് 6 ലക്ഷമായി വര്‍ധിപ്പിക്കും. 500 പുതിയ ഡീലര്‍മാരെ പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കിഴക്കേ ഇന്ത്യയില്‍ സാന്നിധ്യം ദുര്‍ബലമാണ് - ഇവിടെ ശക്തമാകാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പ്രീമിയം ഉത്പന്നങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നത് കമ്പനിയുടെ വളര്‍ച്ചയ്ക്ക് സഹായകരമാകും. സാനിറ്ററി വെയര്‍ ഉത്പന്നങ്ങള്‍ക്ക് 2 ശതമാനം വില വര്‍ധിപ്പിച്ചു, എന്നാല്‍ ഫാസെറ്റ് വെയര്‍ വിഭാഗത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി വിലവര്‍ധിപ്പിച്ചിട്ടില്ല. നിലവില്‍ നടപ്പാക്കുന്നത് ഒഴിച്ച് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നില്ല. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ പുതിയ പ്രീമിയം ഉത്പന്നങ്ങള്‍ പുറത്തിറക്കിയത് കമ്പനിക്ക് നേട്ടമായി. മൊത്തം വില്‍പ്പനയുടെ 30 ശതമാനം വരെ പുതിയ ഉത്പന്നങ്ങളാണ്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - ശേഖരിക്കുക (Accumulate)
ലക്ഷ്യ വില - 8,486 രൂപ
നിലവില്‍ വില - 6,843 രൂപ
Stock Recommendation by Prabhudas Lilladher.

3. വണ്ടര്‍ലാ ഹോളിഡെയ്‌സ് (Wonderla Holidays): ഇന്ത്യയില്‍ ഏറ്റവുമധികം സന്ദര്‍ശകരെ തീം പാര്‍ക്കുകളിലേക്ക് ആകര്‍ഷിക്കാന്‍ സാധിച്ച കമ്പനിയാണ് വണ്ടര്‍ലാ. കൊച്ചി, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് തീം പാര്‍ക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കമ്പനിയുടെ ബിസിനസ് തന്ത്രം പുതിയ പാര്‍ക്കുകള്‍ ആരംഭിക്കുകയാണ്. നിലവിലുള്ള പാര്‍ക്കുകള്‍ക്ക് രൂപമാറ്റം വരുത്താനും പദ്ധതിയുണ്ട്. ഓരോ 3-4 വര്‍ഷത്തിലും രണ്ടു പുതിയ പാര്‍ക്കുകള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 2030ഓടെ തന്ത്ര പ്രധാനമായ 10 പ്രധാന നഗരങ്ങളില്‍ സാന്നിധ്യം ശക്തമാക്കും. ചെറുതും വലുതുമായ പാര്‍ക്കുകള്‍ ആരംഭിക്കുകയാണ് ലക്ഷ്യം. നിലവില്‍ സന്ദര്‍ശകരില്‍ 65 ശതമാനം വരെ റീറ്റെയ്ല്‍ വിഭാഗത്തിലും ബാക്കി ഗ്രൂപ്പുകളായി എത്തുന്നവരുമാണ്. നിലവിലുള്ള പാര്‍ക്കുകളില്‍ കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ട്. നിലവില്‍ 164 റൈഡുകള്‍ ഉള്ളതില്‍ 50 എണ്ണം വരെ കമ്പനിയുടെ എൻജിനിയറിംഗ് വിഭാഗം സ്വന്തമായി നിര്‍മിക്കുന്നതാണ്. പുതിയ പാര്‍ക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ച് ആദ്യ വര്‍ഷത്തില്‍ തന്നെ നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ലാഭത്തിൽ (EBITDA ) ബ്രേക്ക് ഈവന്‍ (ലാഭമോ -നഷ്ടമോ ഇല്ലാത്ത അവസ്ഥ ) കൈവരിക്കുമെന്ന് അവകാശപ്പെടുന്നു. നാലാം വർഷം EBITDA മാര്‍ജിന്‍ 45-50 ശതമാനം വരെ ലഭിക്കും. ചെറിയ തീം പാര്‍ക്കുകള്‍ നാലാം വര്‍ഷത്തില്‍ ആദായകരമാകും. വലിയ പാര്‍ക്കുകള്‍ ആദായകരമാകാന്‍ 7 വര്‍ഷം വരെ എടുത്തേക്കും. അടുത്ത വര്‍ഷങ്ങളില്‍ ചെറിയ പാര്‍ക്കുകള്‍ സ്ഥാപിക്കാനായി 180 കോടി രൂപവരെ മൂലധന ചെലവാകും, വലിയ പാര്‍ക്കുകള്‍ക്ക് 400 കോടി രൂപയും. ഒഡീഷയില്‍ സ്ഥാപിക്കുന്ന പാര്‍ക്കിന് 30 ശതമാനം സര്‍ക്കാര്‍ ഇന്‍വെസ്റ്റ്‌മെന്റ് സബ്സിഡിയായി ലഭിക്കും. ടിക്കറ്റ്, നോണ്‍ ടിക്കറ്റ് വരുമാനം എന്നിങ്ങനെ രണ്ടു തരത്തിലാണ് കമ്പനിക്ക് പണം ലഭിക്കുന്നത്. നോണ്‍ ടിക്കറ്റില്‍ ഭക്ഷണം, പാനീയങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവ ഉള്‍പ്പെടും. നോണ്‍ ടിക്കറ്റ് വിഭാഗത്തില്‍ 35-40 ശതമാനം വരെ മാര്‍ജിന്‍ ലഭിക്കും. ഈ ബിസിനസ് വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില- 1,085 രൂപ
നിലവില്‍ വില -904 രൂപ
Stock Recommendation by Sharekhan by BNP Paribas.
4. ബി.ഇ.എം.എല്‍ (BEML Ltd): പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പ്രമുഖ മിനി രത്‌ന -1 വിഭാഗത്തില്‍പെട്ട പൊതുമേഖല സ്ഥാപനമാണ് ബി.ഇ.എം.എല്‍. റെയില്‍വേ, മെട്രോ, ഖനനം, നിര്‍മാണം, പ്രതിരോധം, എയ്‌റോ സ്‌പേസ് തുടങ്ങിയ മേഖലകള്‍ക്കായാണ് ഉത്പാദനം നടത്തുന്നത്. പ്രതിരോധ രംഗത്ത് 40,000 കോടി രൂപയുടെ ഓര്‍ഡറുകള്‍, മെട്രോയ്ക്ക്‌ 10,000 കോടി രൂപ, വന്ദേ ഭാരത് തീവണ്ടികള്‍ നിര്‍മിക്കുന്നതിന് 365,00 കോടി രൂപയുടെ ഓര്‍ഡറുകള്‍ എന്നിങ്ങനെ ലഭിക്കുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ പിന്നിടുകയാണ്. ഓര്‍ഡറുകള്‍ പൂര്‍ത്തീകരിക്കാനായി 800 കോടി രൂപ മൂലധന ചെലവില്‍ ശേഷി വര്‍ധിപ്പിക്കുകയാണ്. പുതിയ വമ്പന്‍ ഓര്‍ഡറുകള്‍ ലഭിക്കുന്നത് കൊണ്ട് 2022-23 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ വരുമാനത്തില്‍ 16.4 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2022-23 മുതല്‍ 2025-26 കാലയളവില്‍ EBITDA മാര്‍ജിന്‍ 9.3 ശതമാനത്തിൽ നിന്ന് 13.6 ശതമാനമായി വര്‍ധിക്കും. നിലവില്‍ 95.4 ശതമാനം വരുമാനം ആഭ്യന്തര വിപണിയില്‍ നിന്നാണ് ലഭിക്കുന്നത്. എന്നാല്‍ വിദേശ വിപണിയില്‍ നിന്ന് കൂടുതല്‍ ബിസിനസ് നേടാനുള്ള സാധ്യതയുണ്ട്. ബംഗളൂരു മൈസൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ 9 നിര്‍മാണ യൂണിറ്റുകള്‍ ഉണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം-വാങ്ങുക (Buy)
ലക്ഷ്യ വില- 3,345 രൂപ
നിലവില്‍ വില - 3,092.40 രൂപ.
Stock Recommendation by Prabhudas Lilladher.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Related Articles
Next Story
Videos
Share it