ധനകാര്യ, ഫാർമ, ഓട്ടോ രംഗത്ത് നിന്നുള്ള 4 ഓഹരികൾ, 10-21% മുന്നേറ്റ സാധ്യത

സെപ്റ്റംബർ പാദത്തിൽ ഇന്ത്യൻ കോർപ്പറേറ്റ് മേഖലയുടെ വരുമാനം 8-10% വർധിച്ചു. ഓട്ടോമൊബൈൽ മേഖല 12-14% വളർച്ച രേഖപ്പെടുത്തി. ധനകാര്യ രംഗത്ത് വായ്‌പ ചെലവുകൾ വർധിച്ചതും സ്വർണ വിലയിലെ ചാഞ്ചാട്ടവും അറ്റ പലിശ മാർജിൻ കുറയാൻ കാരണമായി. ഈ സാഹചര്യത്തിൽ ധനകാര്യ, ഔഷധ, ഓട്ടോ മേഖലകളിലെ മുന്നേറ്റ സാധ്യതയുള്ള നാലു ഓഹരികൾ നോക്കാം.

1. സി.എസ്.ബി ബാങ്ക് (CSB Bank Ltd): 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയില്‍ സി.എസ്.ബി ബാങ്കിന്റെ അറ്റാദായം 13% വര്‍ധിച്ച് 265 കോടി രൂപയായി. ബാങ്കിംഗ് രംഗം പൊതുവെ മാര്‍ജിന്‍ വര്‍ധിപ്പിക്കാന്‍ സമ്മര്‍ദ്ദത്തിലാകുമ്പോള്‍ സി.എസ്.ബിക്ക് 5.12% മാര്‍ജിന്‍ നേടാന്‍ സാധിച്ചു. ഡെപ്പോസിറ്റ് ചെലവുകള്‍ 5 ശതമാനത്തില്‍ നിന്ന് 5.22 ശതമാനമായി വര്‍ധിച്ചു. വായ്പയില്‍ നിന്നുള്ള ആദായം 11.18 ശതമാനത്തില്‍ നിന്ന് 10.88 ശതമാനമായി കുറഞ്ഞു. ഈ കുറവ് വരും പാദങ്ങളില്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. സ്വര്‍ണ വായ്പകളില്‍ 32% വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു.
ബാങ്കിംഗ് രംഗം മൊത്തത്തിൽ അറ്റ വായ്പകളില്‍ ശരാശരി 15% വളര്‍ച്ച നേടിയപ്പോൾ സി.എസ്ബിക്ക് 27% വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. സ്വര്‍ണ വിലയില്‍ കുറവ് ഉണ്ടായ സാഹചര്യത്തില്‍ വായ്പകളില്‍ നിന്നുള്ള ആദായം കുറഞ്ഞു. എന്നാല്‍ ഇസ്രയേല്‍ യുദ്ധം ആരംഭിച്ചതോടെ വീണ്ടും സ്വര്‍ണ വില കയറാന്‍ തുടങ്ങി അതിനാല്‍ ഡിസംബര്‍ പാദത്തില്‍ വായ്പകളില്‍ നിന്നുള്ള ആദായം മെച്ചപ്പെടും. അറ്റ പലിശ മാര്‍ജിന്‍ വര്‍ധിപ്പിക്കാനായി വളര്‍ച്ചയെ ത്യജിക്കില്ലന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
വായ്പ-നിക്ഷേപ അനുപാതം 90 ശതമാനത്തിനുള്ളില്‍ നിറുത്തും. മൂലധന പര്യാപ്തത അനുപാതം 23.96 ശതമാനമാണ്. നിയമപരമായി നിഷ്‌കര്‍ഷിക്കപ്പെട്ടതിന് മുകളിലാണ്. മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 1.27%, അറ്റ നിഷ്‌ക്രിയ ആസ്തികള്‍ 0.33% എന്നിങ്ങനെ നിലനിറുത്താൻ സാധിച്ചു. പ്രതികൂല സാഹചര്യങ്ങളെ നേരിടാനായി 170 കോടി രൂപ കരുതിയിട്ടുണ്ട്. ഫ്രാഞ്ചൈസി മാതൃക പിന്തുടര്‍ന്ന് ഹോള്‍ സെയില്‍, എസ്.എം.ഇ, സ്വര്‍ണ റീറ്റെയ്ല്‍ വായ്പകള്‍ വര്‍ധിപ്പിക്കാനാണ് നീക്കം. സ്ഥിര നിക്ഷേപങ്ങള്‍ 30 ശതമാനം വരെ വര്‍ധിക്കുന്നുണ്ട്. എങ്കിലും ഡെപ്പോസിറ്റ് ചെലവുകള്‍ 2% വര്‍ധിച്ചിട്ടുണ്ട്. ബാങ്ക് വികസനത്തിന്റെ ഭാഗമായി ഓരോ വര്‍ഷവും 100 പുതിയ ശാഖകള്‍ തുറക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 456 രൂപ
നിലവില്‍ വില- 400.85 രൂപ
Stock Recommendation by HDFC Securities.
2 . ചോളമണ്ഡലം ഇന്‍വെസ്റ്റ്മെന്റ്& ഫിനാന്‍സ് കമ്പനി (Cholamandalam Investment & Finance Co): 2023 സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം പുതിയ ബിസിനസുകളില്‍ നിന്നുള്ള കൈകാര്യം ചെയ്യുന്ന ആസ്തികളില്‍ 180% വര്‍ധന ഉണ്ടായി. വാഹന വായ്പ ബിസിനസില്‍ നിന്നാണ് പ്രധാന വരുമാനം. ഓട്ടോ രംഗം ഒഴിച്ചുള്ള മേഖലകള്‍ക്ക് നല്‍കുന്ന വായ്പ മൊത്തം വായ്പയുടെ 40 ശതമാനമാണ്. സ്വന്തമായി ബ്രാഞ്ചുകള്‍, നേരിട്ടുള്ള വിപണന ഏജന്റുകള്‍ കൂടാതെ ഫിന്‍ടെക്ക മ്പനികളുമായി സഹകരിച്ചും ബിസിനസ് നേടുന്നുണ്ട്. 2024-25 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ അറ്റ പലിശ മാര്‍ജിന്‍ 7.2 ശതമാനമായി ഉയരും. 2022-23 മുതല്‍ 2025-26 വരെ കാലയളവില്‍ കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ 27%, അറ്റാദായത്തില്‍ 31% സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് കരുതുന്നു. വായ്പ വിതരണത്തില്‍ 23%, ഓട്ടോ ഇതര വിഭാഗത്തില്‍ 29% എന്നിങ്ങനെ സംയുക്ത വാര്‍ഷിക വളര്‍ച്ച നേടാന്‍ സാധിച്ചേക്കും. വായ്പ ചെലവുകള്‍ 2023-24ല്‍ ഒരു ശതമാനത്തില്‍ നിറുത്താൻ സാധിക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 1,420 രൂപ
നിലവില്‍ വില - 1,167 രൂപ
Stock Recommendation by Motilal Oswal Financial Services.
3. ഡോ. റെഡ്ഡീസ് ലബോറട്ടറീസ് (Dr Reddys Laboratories ): യു.എസ്, യൂറോപ്പ് വിപണികളില്‍ ശക്തമായ വില്‍പ്പന നടത്തി. 2023-24 സെപ്റ്റംബര്‍ പാദത്തില്‍ അറ്റാദായത്തില്‍ 21% വര്‍ധന രേഖപ്പെടുത്തി. 2023 ജനുവരി 28ന് ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം ധനം ഓണ്‍ലൈനില്‍ നല്‍കിയിരുന്നു (Stock Recommendation by ICICI Securities). അന്നത്തെ ലക്ഷ്യ വിലയായ 5,131 രൂപ ഭേദിച്ച് ആഗസ്റ്റ് 24ന് 52 ആഴ്ചത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 5986.20 രൂപ വരെ ഉയര്‍ന്നു. തുടര്‍ന്ന് തിരുത്തല്‍ ഉണ്ടായിട്ടുണ്ട്. 2026-27 ഓടെ 30 പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കാന്‍ സാധിക്കുമെന്ന് കമ്പനി വിശ്വസിക്കുന്നു. മൊത്തം വില്‍പനയുടെ 41% വിഹിതം യു.എസ് വിപണിയില്‍ നിന്നും 20% ഇന്ത്യന്‍ വിപണിയില്‍ നിന്നുമാണ് നേടുന്നത്.
അര്‍ബുദ ചികിത്സക്ക് ഉപയോഗിക്കുന്ന റെവ് ലിമിഡ് (Revlimid) എന്ന ഔഷധത്തില്‍ നിന്നാണ് കൂടുതല്‍ നേട്ടം അമേരിക്കന്‍ വിപണിയില്‍ നടത്താന്‍ സാധിച്ചത്. ഇന്ത്യന്‍ വിപണിയില്‍ 3% വളര്‍ച്ച കൈവരിക്കാനേ കഴിഞ്ഞുള്ളുവെങ്കിലും വരും പാദങ്ങളില്‍ ഇരട്ട അക്ക വളര്‍ച്ച നേടാനായേക്കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 6,373 രൂപ
നിലവില്‍ വില - 5,763 രൂപ
Stock Recommendation by Sharekhan by BNP Paribas
4 . സുബ്രോസ് ലിമിറ്റഡ് (Subros Ltd): 1985ല്‍ സ്ഥാപിച്ച ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ കണ്ടീഷനിംഗ്, താപ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണിത്. മാരുതി സുസുകിക്ക് 12%, ഡെന്‍സോക്ക് 20%, പ്രൊമോട്ടര്‍മാര്‍ക്ക് 36.76% എന്നിങ്ങനെ പങ്കാളിത്തം ഉള്ള കമ്പനിയാണ്. 7 ഉത്പാദന കേന്ദ്രങ്ങള്‍ ഉണ്ട്. പാസഞ്ചര്‍ വാഹനങ്ങളുടെ എ.സി വിപണിയില്‍ 41%, ട്രക്ക് എ.സി വിഭാഗത്തില്‍ 48% എന്നിങ്ങനെ വിപണി വിഹിതവുമായി നേതൃ നിലയില്‍ തുടരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരുമാനത്തില്‍ 25% വളര്‍ച്ച നേടി. വൈദ്യുത വാഹനങ്ങള്‍ക്ക് വേണ്ട ഘടകങ്ങള്‍ നിര്‍മിക്കാന്‍ ധാരണയായിട്ടുണ്ട്. നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ലാഭത്തില്‍ (EBITDA) 9 -10% വളര്‍ച്ച പ്രതീക്ഷിക്കുന്നു. പ്രവര്‍ത്തന ലാഭം മെച്ചപ്പെടുത്താനായി ദീര്‍ഘകാല തന്ത്രങ്ങള്‍ നടപ്പാക്കും. ഉപയോഗപ്പെടുത്തിയ മൂലധനത്തില്‍ നിന്നുള്ള ആദായം 10 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു. പ്രവര്‍ത്തന മൂലധനത്തിന് വായ്പ എടുത്തിട്ടുണ്ട് എങ്കിലും വികസനത്തിനായി ദീര്‍ഘകാല വായ്പകള്‍ എടുക്കുന്നില്ല. നിലവിലുള്ള എ.സി മോഡലുകളായ സിഗ്‌ന, പ്രൈമ, ബ്ലാസ്സോ എന്നിവയുടെ വില്‍പ്പന മെച്ചപ്പെടുന്നുണ്ട്. ബസ് എ.സി വിപണി വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റെയില്‍ വിഭാഗത്തില്‍ നിന്ന് 75 കോടി രൂപ വരുമാനം അടുത്ത 3 വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്നു. നിര്‍മാണത്തിന് ഉപയോഗിക്കുന്ന സാമഗ്രികളുടെ വില കുറയുന്നത്, കാര്യക്ഷമത മെച്ചപ്പെടുത്തല്‍, വിഭവങ്ങളുടെ മെച്ചപ്പെട്ട ഉപയോഗം എന്നിവയിലൂടെ കമ്പനിക്ക് വരുമാന നേട്ടവും മാര്‍ജിന്‍ വര്‍ധനയും കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 513 രൂപ
നിലവില്‍ - 450.70 രൂപ
Stock Recommendation by HDFC Securities

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it