Begin typing your search above and press return to search.
സ്‌പെഷ്യാലിറ്റി രാസവസ്തുക്കള്‍, ഫാര്‍മ രംഗത്ത് 30% വരെ നേട്ടം ലഭിക്കാവുന്ന 3 ഓഹരികള്‍
സ്‌പെഷ്യാലിറ്റി രാസപദാര്‍ത്ഥങ്ങള്‍, ഫാര്‍മ രംഗത്ത് ഇന്ത്യയിലെ ചില മികച്ച കമ്പനികള്‍ കഴിഞ്ഞ വർഷങ്ങളിൽ അതിവേഗം വിദേശ വിപണിയില്‍ ശക്തമായി. എന്നാല്‍ ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷം ആരംഭിച്ചതോടെ ചെങ്കടലില്‍ കപ്പലുകളുടെ നീക്കം തടസപ്പെട്ടത് കയറ്റുമതി ചെയ്യുന്ന കമ്പനികള്‍ക്ക് പ്രതിസന്ധിയായി. എങ്കിലും പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കിയും പുതിയ ബിസിനസുകളിലേക്ക് കടന്നും ഈ കമ്പനികള്‍ ശക്തമാകാന്‍ ശ്രമിക്കുകയാണ് . അത്തരത്തിലുള്ള മൂന്ന് ഓഹരികള്‍ നോക്കാം.
1. ബ്ലൂ ജെറ്റ് ഹെല്‍ത്ത് കെയര്‍ (Blue Jet Healthcare Ltd): 1968ല്‍ സ്ഥാപിതമായ സ്‌പെഷ്യാലിറ്റി രാസവസ്തു ഉത്പാദന കമ്പനിയാണ് ബ്ലൂ ജെറ്റ് ഹെല്‍ത്ത് കെയര്‍. റേഡിയോളജി വിഭാഗത്തില്‍ അവയവങ്ങള്‍ വ്യക്തമായി കാണാന്‍ വേണ്ടി ശരീരത്തിന്റെ ഉള്ളിലേക്ക് കടത്തി വിടുന്ന പദാര്‍ത്ഥങ്ങളാണ് കോണ്‍ട്രാസ്റ്റ് മീഡിയ. ഈ ബിസിനസില്‍ കമ്പനിക്ക് പുതിയ കരാറുകള്‍ ലഭിച്ചത് കൂടുതല്‍ ശക്തിപ്പെടാൻ സഹായിക്കും. കോണ്‍ട്രാസ്റ്റ് മീഡിയ വിഭാഗത്തില്‍ 2022-23 മുതല്‍ 2025-26 വരെയുള്ള കാലയളവില്‍ വരുമാനത്തില്‍ 18 ശതമാനം സംയുക്ത വാര്‍ഷിക നിരക്ക് കൈവരിക്കാന്‍ സാധിക്കും. ഫാര്‍മസ്യൂട്ടിക്കല്‍ ഇന്റര്‍മീഡിയറ്റുകള്‍, സജീവ ഫാര്‍മസ്യൂട്ടിക്കല്‍ ഘടകം എന്നിവയില്‍ നിന്നുള്ള വരുമാനം ഏഴിരട്ടി വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2023-24 ഡിസംബര്‍ പാദത്തില്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്റര്‍മീഡിയറ്റുകളുടെ ബിസിനസില്‍ 250 ശതമാനം വളര്‍ച്ചയുണ്ടായി. മഹാരാഷ്ട്രയിലെ മഹദ് ഉത്പാദന കേന്ദ്രത്തില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ഒരു തൊഴിലാളി മരണപെട്ടു. കുടുംബത്തിന് നഷ്ടപരിഹാരം നല്‍കി. യൂണിറ്റ് മൂന്നിൽ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ഉത്പാദനം നിറുത്തിവെക്കേണ്ടി വന്നു. ആ യൂണിറ്റിലെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. അംബര്‍നാഥ് എന്ന സ്ഥലത്തെ യൂണിറ്റ് രണ്ടില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. 2024-25ല്‍ പ്രവര്‍ത്തന സജ്ജമാകും. മധുര പദാര്‍ത്ഥങ്ങളുടെ ബിസിനസില്‍ (sweeteners) കടുത്ത ചൈനീസ് മത്സരം നേരിടുന്നുണ്ട്. പ്രധാനമായും സാക്കറിനാണു ഉത്പാദിപ്പിക്കുന്നത്.
അര്‍ബുദത്തിനെതിരായി നൊവാര്‍ട്ടീസ് എന്ന ബഹുരാഷ്ട്ര ഔഷധ കമ്പനി നിര്‍മിക്കുന്ന മരുന്നിനു തന്മാത്രകള്‍ ഉണ്ടാക്കാന്‍ ബ്ലൂ ജെറ്റിന് സാധിച്ചു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം- വാങ്ങുക (Buy)
ലക്ഷ്യ വില- 450 രൂപ
നിലവില്‍- 347 രൂപ
Stock Recommendation by ICICI Securities.
2. വിനതി ഓർഗാനിക്‌സ് (Vinati Organics Ltd): സ്‌പെഷ്യാലിറ്റി രാസവസ്തു നിര്‍മാതാക്കളാണ് വിനതി. ഐസോബ്യൂട്ടൈല്‍ ബെന്‍സീന്‍, 2-അക്രിലാമിന്‍ഡോ 2-മീഥൈല്‍പ്രൊപെയ്ന്‍ സള്‍ഫോണിക് ആസിഡ് (എ.ടി.ബി.എസ്) എന്നിവയുടെ ആഗോള വിപണിയില്‍ നേതൃ സ്ഥാനം നേടാന്‍ സാധിച്ചിട്ടുണ്ട്. 2023-24 മൂന്ന് പാദങ്ങളില്‍ മൊത്ത വരുമാനം 15 ശതമാനം കുറഞ്ഞു. എ.ടി.ബി.എസ് വിപണിയില്‍ ഡീസ്റ്റോക്കിംഗ് നടന്നതാണ് വില്‍പ്പന കുറയാന്‍ കാരണം. 2024-25ല്‍ സ്ഥിതി മെച്ചപ്പെടുമെന്ന് കരുതുന്നു. പുതിയ ഉത്പന്നങ്ങളായ ഐസോബ്യൂട്ടൈല്‍ ബെന്‍സീന്‍ ഡെറിവേറ്റീവുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ കൂടുതല്‍ വരുമാനം നേടി കൊടുക്കും. ഉപകമ്പനിയുടെ അവകാശ ഓഹരികള്‍ കരസ്ഥമാക്കാന്‍ വേണ്ടി 49.89 കോടി രൂപ ചെലവഴിച്ചു. ഉപകമ്പനി പുതിയ ഉത്പന്നങ്ങള്‍ 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ പുറത്തിറക്കുന്നുണ്ട്. നടപ്പ് വര്‍ഷം ബിസിനസ് കുറഞ്ഞെങ്കിലും 2024-25ല്‍ സ്ഥിതി മെച്ചപ്പെടുമെന്ന് കരുതുന്നു. പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കിയും നിലവിലുള്ള ഉത്പന്നങ്ങളില്‍ മുന്നേറ്റം കൈവരിക്കാനും സാധിക്കും 2023-24 മുതല്‍ 2025-26 വരെ കാലയളവില്‍ വരുമാനത്തില്‍ 18.4 ശതമാനം സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കാന്‍ സാധ്യതയുണ്ട്. 2023-24ല്‍ മൂന്ന് പാദങ്ങളില്‍ നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ലാഭ മാര്‍ജിന്‍ (EBITDA margin) 3.54 ശതമാനം ഇടിഞ്ഞു.
അറ്റാദായം 32 ശതമാനം കുറഞ്ഞ് 233 കോടി രൂപയായി. പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കിയും നിലവിലുള്ള ഉത്പന്നങ്ങളുടെ വളര്‍ച്ചാ സാധ്യത മുതലെടുത്തും കമ്പനിക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. കൂടാതെ ശക്തമായ ബാലന്‍സ് ഷീറ്റും കമ്പനിക്ക് കരുത്ത് നല്‍കും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -ശേഖരിക്കുക (Accumulate)
ലക്ഷ്യ വില- 1,844 രൂപ
നിലവില്‍- 1,571 രൂപ
Stock Recommendation by Geojit Financial Services.
3. ഏറിസ് ലൈഫ് സയന്‍സസ് (Eris Life Sciences): രണ്ടു പ്രധാനപ്പെട്ട ഏറ്റെടുക്കലിലൂടെ ഫാര്‍മ രംഗത്തെ പ്രമുഖ കമ്പനിയായ ഏറിസ് ലൈഫ് സയന്‍സസ് കൂടുതൽ ശക്തമാകാനുള്ള തയ്യാറെടുപ്പിലാണ്. ബയോകോണ്‍ ബയോളജിക്കല്‍സ് എന്ന കമ്പനിയുടെ ഇന്ത്യന്‍ ബ്രാന്‍ഡഡ് ഫോര്‍മുലേഷന്‍സ് ബിസിനസ് എറ്റെടുക്കുകയാണ്. കൂടാതെ സ്വിസ്സ് പേരെന്റ്ററല്‍സ് എന്ന കമ്പനിയില്‍ 19 ശതമാനം ഓഹരി പങ്കാളിത്തം നേടാന്‍ സാധിച്ചു. ഇത് മൂലം അറ്റ കടം 890 കോടി രൂപയില്‍ നിന്ന് 2,400 കോടി രൂപയായി വര്‍ധിക്കും. ഈ ഏറ്റെടുക്കല്‍ മൂലം പ്രമേഹ രോഗങ്ങള്‍ക്കുള്ള കുത്തിവെപ്പ് ഔഷധങ്ങളിലും, അര്‍ബുദ ഔഷധ രംഗത്തും കമ്പനിക്ക് ശക്തമാകാന്‍ കഴിയും. 2025-26 ഓടെ ക്യാഷ് ഫ്‌ളോ മെച്ചപ്പെടുമെന്നത് കൊണ്ട് ഇപ്പോള്‍ അറ്റ കടം ഉയര്‍ന്നത് കുറച്ചുകൊണ്ട് വരുവാന്‍ സാധിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ലയനങ്ങളും ഏറ്റെടുക്കലുകളും വഴി ഉത്പന്ന പോര്‍ട്ട് ഫോളിയോ വര്‍ധിപ്പിക്കാനും വിപണി സാന്നിധ്യം മെച്ചപ്പെടുത്താനും സാധിച്ചു. ഡെര്‍മറ്റോളജി, നെഫ്രോളജി, സ്ത്രീകളുടെ ഔഷധങ്ങള്‍ എന്നി രംഗത്തേക്കും കടക്കാന്‍ സാധിച്ചു.
ഈ ഓഹരി വാങ്ങാനുള്ള നിര്‍ദേശം ധനം ഓണ്‍ലൈനില്‍ 2023 മെയ് 20ന് നല്‍കിയിരുന്നു (Stock Recommendation by Prabhudas Lilladher). അന്നത്തെ ലക്ഷ്യ വിലയായ 780 രൂപ ഭേദിച്ച് 2023 നവംബര്‍ 9ന് 52 ആഴ്ച്ചത്തെ ഉയര്‍ന്ന ഓഹരി വിലയില്‍ ഓഹരി എത്തി -971രൂപ. തുടര്‍ന്ന് വില കുറഞ്ഞു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം- വാങ്ങുക (Buy)
ലക്ഷ്യ വില- 930 രൂപ
നിലവില്‍- 842.90 രൂപ
Stock Recommendation by Motilal Oswal Financial Services.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)
Next Story
Videos