ഓഹരി വാങ്ങുന്നതിന് മുമ്പ് കമ്പനിയെക്കുറിച്ച് എന്തെല്ലാം ശ്രദ്ധിക്കണം?

ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പ് നാം പല ഘടകങ്ങള്‍ വിലയിരുത്താറുണ്ടല്ലോ. അവയില്‍ സുപ്രധാനമാണ് നമ്മള്‍ നിക്ഷേപിക്കാന്‍ താത്പര്യപ്പെടുന്ന കമ്പനിയുടെ മൂല്യം. കമ്പനി ലാഭത്തിലാണെന്നത് കൊണ്ടോ ഓഹരിവില കുതിച്ചുയര്‍ന്നത് കൊണ്ടോ നിക്ഷേപിച്ചാല്‍ നേട്ടം ലഭിക്കുമോ? സാദ്ധ്യത വിരളമെന്ന് ഓഹരി വിപണിയില്‍ പയറ്റിത്തെളിഞ്ഞവര്‍ പറയും. കേവലം, ലാഭം മാത്രമല്ല. നിരവധി ഘടകങ്ങള്‍ വിലയിരുത്തുമ്പോഴാണ് കമ്പനിയുടെ പ്രവര്‍ത്തന ക്ഷമതയും ഭാവിയിലെ ദിശാഗതിയും മനസ്സിലാകൂ.

എന്തൊക്കെയാണ് മൂല്യനിര്‍ണയ ഘടകങ്ങള്‍? നമുക്കത് പരിശോധിക്കാം
.
കമ്പനിയുടെ ആസ്തി, വിപണിയിലെ വിജയസാദ്ധ്യത (potential) തുടങ്ങി നിരവധി ഘടകങ്ങള്‍ വിലയിരുത്തിയാണ് മൂല്യ നിര്‍ണയം.
1) വരുമാനവും ലാഭക്ഷമതയും
കമ്പനിയുടെ പ്രവര്‍ത്തന ചരിത്രത്തിലെ വരുമാനം, ലാഭം എന്നിവയുടെ ഗതി (ട്രെന്‍ഡ്) നോക്കണം. സ്ഥിരതയോടെ ഉയരുന്ന വരുമാനവും ലാഭവും കമ്പനിക്ക് മികച്ച പ്രവര്‍ത്തനക്ഷമതയുണ്ടെന്ന് വ്യക്തമാക്കും.
2) വളര്‍ച്ചാ സാദ്ധ്യതകൾ (growth prospects)
ഭാവിയിലെ വളര്‍ച്ചാക്കഴിവുകളാണ് (growth potential) മറ്റൊന്ന്. കമ്പനിയുടെ വിപണിമൂല്യം, മത്സരക്ഷമത, വിപണിവിഹിതം കൂട്ടാനുള്ള കഴിവ് ഇതെല്ലാം വിലയിരുത്തണം.
3) വിപണിയും സാന്നിദ്ധ്യവും
വിപണിയില്‍ കമ്പനിയുടെ സ്ഥാനം എവിടെയാണെന്ന് നോക്കുക. വളരുന്ന വിപണിയില്‍, അതിവേഗം വളരുന്ന കമ്പനിയെങ്കില്‍ മൂല്യം ശക്തവും മികച്ചതുമായിരിക്കും.
4) ആസ്തിയും ബാദ്ധ്യതയും
കമ്പനിയുടെ ആസ്തികള്‍ മനസ്സിലാക്കണം. അതില്‍ ഭൂമിയും കെട്ടിടങ്ങളും, ഉപകരണങ്ങള്‍, ബൗദ്ധിക സ്വത്ത് (Intellectual Property), അസംസ്‌കൃത വസ്തുക്കളുടെ സ്‌റ്റോക്ക് (Inventory) എന്നിവയും കമ്പനിയുടെ ബാദ്ധ്യതകളും (liabilities) ഉള്‍പ്പെടുന്നു. കടം, നികുതിഭാരം തുടങ്ങിയവയാണ് ബാദ്ധ്യതകളിലുണ്ടാവുക.
5) പണലഭ്യത (Cash flow)
കമ്പനിയുടെ പ്രവര്‍ത്തനത്തിന് ലഭിക്കുന്ന പണലഭ്യത നോക്കുക. പണലഭ്യതയില്‍ തടസ്സമോ പ്രതിസന്ധികളോ കമ്പനിക്കില്ലെങ്കില്‍ സാമ്പത്തികസ്ഥിതി മികച്ചാണെന്ന് മനസ്സിലാക്കാം.
6) മാനേജ്‌മെന്റും നേതൃത്വവും
കമ്പനിയില്‍ മാനേജ്‌മെന്റ് പദവി വഹിക്കുന്നവരുടെയും നേതൃത്വത്തിലുള്ളവരുടെയും കഴിവുകള്‍ ശ്രദ്ധിക്കണം. മത്സരക്ഷമതയും ഊര്‍ജവും നിലനിറുത്തി കമ്പനിയെ മുന്നോട്ട് കൊണ്ടുപോകാന്‍ കെല്‍പ്പുള്ളവരാണോ അവരെന്ന് വിലയിരുത്തുക.
7) വിപണിയിലെ മുന്‍തൂക്കം (Competitive Advantage)
വിപണിയില്‍ എതിരാളികളേക്കാള്‍ മുന്‍തൂക്കമുണ്ടോ, ബ്രാന്‍ഡ് മൂല്യം ശക്തവും ശ്രദ്ധിക്കപ്പെടുന്നതുമാണോ, വേറിട്ടതും ലോകോത്തരവുമായ സാങ്കേതികവിദ്യയുടെ ഉപയോഗിക്കുന്നുണ്ടോ, ധനവിനിയോഗത്തിലെ നേട്ടമുണ്ടോ തുടങ്ങിയ ഘടകങ്ങളും വിലയിരുത്തണം.
8) ഉപയോക്തൃ അടിത്തറയും വിശ്വാസ്യതയും
കമ്പനികളെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് അവയുടെ ഉപയോക്തൃ ബാഹുല്യം. ഉപയോക്താക്കളോടുള്ള സമീപനം, ഉപയോക്താക്കള്‍ വച്ചുപുലര്‍ത്തുന്ന വിശ്വാസം എന്നിവയും സുപ്രധാനമാണ്.
9) സാമ്പത്തിക അന്തരീക്ഷം
വിപണിയിലെ നിലവിലെ സാമ്പത്തിക അന്തരീക്ഷം കമ്പനിയെ എങ്ങനെ ബാധിക്കുമെന്ന് നോക്കുക. പ്രതിസന്ധികള്‍ തരണം ചെയ്യാനുള്ള ശേഷി കമ്പനിക്കുണ്ടോയെന്നും പരിശോധിക്കുക.
10) നിയമപ്രശ്നങ്ങൾ
കമ്പനിയുടെ പ്രവര്‍ത്തനത്തെയും മൂല്യത്തെയും ബാധിക്കുന്ന നിയമ പ്രശ്‌നങ്ങളെന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കുക.
11) വരുമാനക്ഷമത
സമാന കമ്പനികളുടെ കണക്കുകളിലേക്കും വരുമാനശേഷി എന്നിവ താരതമ്യം ചെയ്യുന്നതും ഉചിതമായിരിക്കും. ഉദാഹരണത്തിന് പ്രൈസ് ടു ഏണിംഗ്‌സ് റേഷ്യോ (PE Ratio), വില-വില്‍പന അനുപാതം (price-sales ratio) തുടങ്ങിയവ.
12) കടബാദ്ധ്യത
കമ്പനിക്ക് ഉയര്‍ന്ന കടബാദ്ധ്യതയുണ്ടെങ്കില്‍ റിസ്‌ക് കൂടുതലാണെന്ന് സാരം. അതുകൊണ്ട്, കമ്പനിയുടെ കടവും ഓഹരി വിലയും തമ്മിലെ അനുപാതവും (debt to equity ratio), പലിശ വീട്ടല്‍ അനുപാതം (Interest coverage ratio) തുടങ്ങിയവ പരിശോധിക്കുക. ഇവ കൂടുതലാണെങ്കില്‍ റിസ്‌കും കൂടുതലാണ്.
13) ലാഭവിഹിതവും ബൈബാക്കും
കമ്പനി ഉയര്‍ന്ന ലാഭവിഹിതം വിതരണം ചെയ്യാന്‍ പ്രാപ്തമാണെങ്കിലോ നിക്ഷേപകരില്‍ നിന്ന് മികച്ച വിലയില്‍ ഓഹരികള്‍ തിരികെ വാങ്ങാന്‍ (buyback) ശ്രമിക്കുന്നുണ്ടെങ്കിലോ കമ്പനിയുടെ സാമ്പത്തികാരോഗ്യം മികച്ചതാണെന്ന് പറയാം.
ഒന്ന് ഓര്‍ക്കുക, മേല്‍പ്പറഞ്ഞവയില്‍ ഏതെങ്കിലും ഒരു ഘടകം മാത്രം വിലയിരുത്തി കമ്പനിയുടെ മൂല്യത്തെയോ പ്രവര്‍ത്തനക്ഷമതയെയോ അളക്കരുത്. ഏതെങ്കിലും ഒരു ഘടകത്തിന് കമ്പനിയുടെ പ്രവര്‍ത്തനം, സാമ്പത്തികസ്ഥിതി എന്നിവയെക്കുറിച്ച് സമഗ്രമായ ചിത്രം നല്‍കാനുമാകില്ല. ഇവയെല്ലാം പരിശോധിക്കുന്നതിന് പുറമേ മികച്ചൊരു സാമ്പത്തിക വിദഗ്ദ്ധന്റെ അഭിപ്രായവും ആരായുക. തുടര്‍ന്ന് മാത്രം, ഉചിതമായ നിക്ഷേപ തീരുമാനങ്ങളെടുക്കുക.
മൂല്യം നിര്‍ണയിക്കുന്നത് എങ്ങനെ?
മൂല്യനിര്‍ണയത്തിന് നിരവധി മാര്‍ഗങ്ങളുണ്ട്. പൊതുവായുള്ളത് നോക്കാം.
വിപണിമൂല്യം
കമ്പനിയുടെ ഓഹരി വിലയും നിലവിലെ ആകെ ഓഹരികളും തമ്മില്‍ ഗുണിച്ചാല്‍ മൂല്യം ലഭിക്കും. ഉദാഹരണത്തിന് ഓഹരി വില 1,500 രൂപയെന്ന് കരുതുക. ആകെ ഓഹരികള്‍ 50 കോടിയും. അപ്പോള്‍ മൂല്യം = 1500*50 കോടി. അതായത് 75,000 കോടി രൂപ.
ബുക്ക് വാല്യു
കമ്പനിയുടെ ബാലന്‍സ് ഷീറ്റില്‍ ഓഹരി ഉടമകളുടെ കൈവശമുള്ള ഓഹരികളെ കുറിച്ച് സൂചിപ്പിക്കുന്നതാണ് ബുക്ക് വാല്യു (Book Value). കമ്പനിയുടെ മൊത്തം ആസ്തിയില്‍ നിന്ന് മൊത്തം ബാദ്ധ്യതകള്‍ കിഴിച്ചാണ് ഇത് കണക്കാക്കുന്നത്.
കമ്പനിക്ക് 150 കോടി രൂപ ആസ്തിയുണ്ടെന്നിരിക്കട്ടെ, കടം 50 കോടിയും. അപ്പോള്‍ ബുക്ക് വാല്യു 100 കോടി രൂപ.
മേല്‍പ്പറഞ്ഞവ കമ്പനിയുടെ മൂല്യനിര്‍ണയത്തിന് പൊതുവായി ഉപയോഗിക്കുന്ന രീതികളാണ്. ഇവയ്ക്ക് പുറമേ റിപ്ലേസ്‌മെന്റ് വാല്യു, ബ്രേക്കപ്പ് വാല്യു, അസറ്റ് ബേസ്ഡ് വാല്യുവേഷന്‍ തുടങ്ങി നിരവധി രീതികളുമുണ്ട്. കമ്പനിയുടെ മൂല്യത്തില്‍ കൃത്യത നേടാന്‍ വിവിധ രീതികള്‍ പരിശോധിക്കുന്നത് നന്നായിരിക്കും.
ചില വെബ്‌സൈറ്റുകള്‍
കമ്പനികളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭ്യമാക്കുന്ന നിരവധി വെബ്‌സൈറ്റുകളുണ്ട്. അവയില്‍ ചിലത് നോക്കാം.
1. മണികണ്‍ട്രോള്‍
2. സ്‌ക്രീനര്‍
3. എന്‍.എസ്.ഇ ഇന്ത്യ
4. ബി.എസ്.ഇ ഇന്ത്യ
5. ഇക്വിറ്റി മാസ്റ്റര്‍

Equity investing is subject to market risk. Please do your own research or consult a financial advisor before investing.

Jose Mathew T
Jose Mathew T  

പ്രമുഖ ഓഹരി വിപണി വിദഗ്ധനായ ജോസ് മാത്യൂ.ടി മൈ ഇക്വിറ്റി ലാബ് (myequitylab.com) എന്ന റിസര്‍ച്ച് പോര്‍ട്ടലിന്റെ സ്ഥാപകനാണ്. കാല്‍ നൂറ്റാണ്ടായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു.

Related Articles

Next Story

Videos

Share it