2022ല്‍ ഓഹരി വിപണിയില്‍ എന്തുപ്രതീക്ഷിക്കാം; നിക്ഷേപകര്‍ എന്താണ് ചെയ്യേണ്ടത്?
2020 മാര്‍ച്ചിലെ 7511 പോയ്ന്റില്‍ നിന്ന് 2021 ഒക്ടോബറിലെ 18604 പോയ്ന്റിലേക്ക് നിഫ്റ്റി നടത്തിയ റാലി അഭൂതപൂര്‍വ്വമായ, ഏകദിശയിലേക്കുള്ള പ്രയാണമായിരുന്നു. മുന്നോട്ട് മാത്രം നോക്കിയുള്ള ഈ കുതിപ്പ് ഏകദേശം 10 ശതമാനത്തോളം തിരുത്തലോടെയാണ് അവസാനിച്ചത്. എന്നാല്‍ ഓഹരി വിപണി വീണ്ടും ശക്തിപ്രാപിക്കാന്‍ പ്രാപ്തിയുള്ളതാണ്. അതുകൊണ്ട് തന്നെ ദീര്‍ഘകാല സാധ്യതകള്‍ വളരെ മികച്ചതുമാണ്. സമ്പദ് വ്യവസ്ഥ ശക്തമായ തിരിച്ചുവരവാണ് കാഴ്ചവെയ്ക്കുന്നത്. അടുത്ത 2-3 വര്‍ഷത്തില്‍ കോര്‍പ്പറേറ്റുകളുടെ വരുമാനം ഗണ്യമായ തോതില്‍ വളരുകയും ചെയ്യും. അതുകൊണ്ട് തന്നെ ഈ ബുള്‍ മാര്‍ക്കറ്റില്‍ നിക്ഷേപം തുടരുക എന്നതുതന്നെയാണ് സ്വീകരിക്കാവുന്ന രീതി. എന്നിരുന്നാലും 2022ല്‍ നിക്ഷേപകര്‍ ന്യായമായൊരു നേട്ടമേ ഓഹരി വിപണിയില്‍ നിന്ന് പ്രതീക്ഷിക്കാന്‍ പാടുള്ളൂ.
2022ലെ ഭീഷണികള്‍
അജ്ഞാതമായ കാരണങ്ങളാണ് പലപ്പോഴും വിപണിയില്‍ ശക്തമായ തിരുത്തലുകള്‍ സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ 2022ല്‍ വിപണിയെ പിടിച്ചുലയ്ക്കാന്‍ സാധ്യതയുള്ള കാരണങ്ങളെന്തൊക്കെയെന്ന് പ്രവചിക്കാന്‍ പ്രയാസവുമാണ്. എന്നിരുന്നാലും ഓഹരി വിപണിയെ സ്വാധീനിക്കാനിടയുള്ള രണ്ട് കാര്യങ്ങളുണ്ട്. ഒന്ന്: കൊറോണ വൈറസിന്റെ കൂടുതല്‍ മാരകമായ വകഭേദങ്ങള്‍ ഓഹരി വിപണിക്ക് കടുത്ത വെല്ലുവിളിയായേക്കും. രണ്ടാമത്തേത്; വിലക്കയറ്റം റോക്കറ്റ് പോലെ കുതിച്ചുമുന്നേറുന്നത് കണക്കിലെടുത്ത് പ്രതീക്ഷിച്ചതിലും നേരത്തേയും പ്രതീക്ഷിച്ചതിലും കൂടുതലും പലിശ നിരക്കുകള്‍ 2022 ല്‍ മൂന്നുതവണ വര്‍ധിപ്പിക്കാന്‍ ഫെഡ് തീരുമാനിച്ചു. ഇത് മൂലധനത്തിന്റെ തിരിച്ചൊഴിക്കിന് കാരണമാകും. ഇന്ത്യ പോലുള്ള എമര്‍ജിംഗ് മാര്‍ക്കറ്റുകളെയാകും ഇത് ഏറെ പ്രതികൂലമായി ബാധിക്കുക.അതുകൊണ്ട് 2022ല്‍ നിക്ഷേപകര്‍ ജാഗ്രതയോടെയുള്ള തന്ത്രങ്ങളാണ് പിന്തുടരേണ്ടത്.
നിക്ഷേപകര്‍ എന്ത് ചെയ്യണം?
2022ല്‍ നിക്ഷേപകര്‍ക്ക് സ്വീകരിക്കാവുന്ന തന്ത്രങ്ങളെന്തൊക്കെയെന്ന് പരിശോധിക്കാം.- മിഡ്, സ്‌മോള്‍ കാപ് ഓഹരികളേക്കാള്‍ ലാര്‍ജ് കാപ് തെരഞ്ഞെടുക്കുക:
ബുള്‍ മാര്‍ക്കറ്റില്‍ മിഡ്, സ്‌മോള്‍ കാപ് ഓഹരികളാകും മിന്നിതിളങ്ങുക. പക്ഷേ ട്രെന്‍ഡ് കീഴ്‌മേല്‍ തിരിയുമ്പോള്‍ ഇതിന് നേരെ എതിരുള്ളതാകും സംഭവിക്കുക. അതുകൊണ്ട്, വരും നാളുകളില്‍ സുരക്ഷിതമായ നിക്ഷേപം ലാര്‍ജ് കാപുകളിലേതാകും. എന്നിരുന്നാലും നിക്ഷേപകര്‍ മിഡ്, സ്‌മോള്‍ കാപ് ഓഹരികളിലെ നിക്ഷേപം തുടരുക തന്നെ വേണം. പക്ഷേ അത് മ്യൂച്വല്‍ ഫണ്ട് എസ് ഐ പിയിലൂടെ ആകുന്നതാകും കൂടുതല്‍ ഉചിതം.
- ശക്തമായ സാമ്പത്തിക അടിത്തറ
വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ വില്‍പ്പന തകൃതിയായി നടന്നാലും 2022ല്‍ ധനപരമായ കാര്യങ്ങള്‍ മികച്ച രീതിയില്‍ തന്നെയാകും. സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവും മൂലധന നിക്ഷേപ സൈക്ക്ള്‍ ആരംഭിക്കുന്നതും സമ്പദ് വ്യവസ്ഥയില്‍ ക്രെഡിറ്റ് ഗ്രോത്തിന് വഴിവെക്കും. ക്രെഡിറ്റ് ഗ്രോത്തുണ്ടാകുമ്പോള്‍ മുന്‍നിര സ്വകാര്യ ബാങ്കുകളുകള്‍ക്കും വലിയ പൊതുമേഖലാ ബാങ്കുകള്‍ക്കും അത് ഗുണം ചെയ്യും. പ്രമുഖ ഫിന്‍ടെക് കമ്പനികള്‍ മികച്ച പ്രകടനം തുടരും. കുറഞ്ഞ പലിശ നിരക്കാണ് ഹൗസിംഗ് ഫിനാന്‍സ് കമ്പനികളുടെ പ്രകടനത്തിന്റെ പിന്നിലെ സുപ്രധാനഘടകം. ഹൗസിംഗ് ഫിനാന്‍സ് രംഗത്തെ മാര്‍ക്കറ്റ് ലീഡറായ എച്ച് ഡി എഫ് സി ഒക്ടോബറില്‍ റെക്കോര്‍ഡ് വായ്പാ വിതരണമാണ് രേഖപ്പെടുത്തിയത്.
- ഐടി, കണ്‍സ്ട്രക്ഷന്‍ അനുബന്ധ മേഖലാ ഓഹരികള്‍ അവസരങ്ങള്‍ തുറന്നുതരും
കോവിഡ് ലോകമെമ്പാടും ഡിജിറ്റൈസേഷന്‍ ത്വരിതപ്പെടുത്താന്‍ ഇടയാക്കിയിട്ടുള്ളതിനാല്‍ നിക്ഷേപകര്‍ക്ക് ഏറെ അവസരങ്ങള്‍ നല്‍കുന്ന മേഖലയാണ് ഐറ്റി. നിരവധി വര്‍ഷങ്ങള്‍ നീണ്ടുനിന്നേക്കാവുന്ന സൈക്ക്‌ളിലാണ് ഈ സെഗ്്‌മെന്റ്. മാത്രമല്ല പ്രതീക്ഷിത വരുമാനത്തിന്റെ കാര്യത്തിലും വ്യക്തതയുണ്ട്. കെട്ടിട നിര്‍മാണ അനുബന്ധ ഓഹരികള്‍, പ്രത്യേകിച്ച് സിമന്റ് കമ്പനി ഓഹരികള്‍ 2022ല്‍ നിക്ഷേപത്തിന് അനുയോജ്യമായിരിക്കും.
- കുമിളപോലെ ഊതിപ്പെരുപ്പിച്ച വാല്വേഷനുള്ള ഓഹരികളെ ഒഴിവാക്കുക
ഇന്ത്യന്‍ ഓഹരി വിപണിയിലെ കുതിപ്പിന് പിന്നിലെ ഒരു കാരണം ഓഹരി നിക്ഷേപകരായി എത്തിയ, എത്തിക്കൊണ്ടിരിക്കുന്ന പുത്തന്‍കൂറ്റ് നിക്ഷേപകരുടെ വര്‍ധനയാണ്. ടെക് ഭ്രമമുള്ള ഈ യുവ നിക്ഷേപക സമൂഹം വാല്വേഷനെ സംബന്ധിച്ച് യാതൊരു ആശങ്കയുമില്ലാതെ പുതുതായി വിപണിയില്‍ ലിസ്റ്റ് ചെയ്ത ന്യൂ ഏജ് ഡിജിറ്റല്‍ സ്റ്റോക്കുകളുടെ പിന്നാലെയാണ്. ഉയര്‍ന്ന വാല്വേഷനിലുള്ള കമ്പനികള്‍ പലതും നഷ്ടത്തിലുള്ളതാണ്. ലാഭത്തിലുള്ള പല കമ്പനികളുടെ വാല്വേഷനും ഒട്ടും നീതിയുക്തമല്ലാത്തതാണ്. ഭാവിയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കരുത്തുള്ളവയാണ് ന്യൂ ഏജ് കമ്പനികളില്‍ ചിലത്. എങ്കിലും അവയുടെ ഇപ്പോഴത്തെ ഉയര്‍ന്ന വിപണിമൂല്യത്തിന് നീതികരണമില്ല.
1990കളുടെ അവസാനത്തില്‍ Y2K ജ്വരക്കാലത്ത് പല ഐറ്റി ഓഹരികളും മാനംമുട്ടെയുള്ള വാല്വേഷനിലാണ് ട്രേഡ് ചെയ്തുകൊണ്ടിരുന്നത്. ഡോട്ട്‌കോം കുമിള പൊട്ടിയപ്പോള്‍ ആഗോളതലത്തില്‍ തന്നെ ഓഹരി വിപണികള്‍ നിലംപൊത്തി. ആ സമയം ഇത്തരത്തില്‍ ഉയര്‍ന്ന വാല്വേഷനുണ്ടായിരുന്ന കമ്പനികളുടെ തകര്‍ച്ച അനുപാതമില്ലാത്തവിധത്തിലായിരുന്നു. ചരിത്രം ഇനിയും ആവര്‍ത്തിക്കാം. നിക്ഷേപകര്‍ ജാഗരൂകരായിരിക്കുകയാണ് വേണ്ടത്.
- എസ് ഐ പി തുടരുക
ഓഹരി വിപണിയിലെ മികച്ച സമയം; അത് വാങ്ങാനോ വില്‍ക്കാനോ ആകട്ടേ, പ്രവചിക്കുക അസാധ്യമാണെന്ന് ഇത്രയും കാലത്തെ അനുഭവം നമ്മളെ പഠിപ്പിച്ചിട്ടുണ്ട്. എപ്പോള്‍ നിക്ഷേപിക്കുന്നു, എപ്പോള്‍ പിന്‍വലിക്കുന്നു എന്നതിനേക്കാള്‍ എത്രകാലം മാര്‍ക്കറ്റില്‍ നിക്ഷേപം തുടര്‍ന്നു എന്നതാണ് പ്രധാനം. അതായത് നിക്ഷേപം തുടര്‍ന്നുകൊണ്ടേയിരിക്കുക. വിപണിയിലെ തിരുത്തല്‍ പ്രതീക്ഷിച്ചോ കുതിപ്പ് പ്രതീക്ഷിച്ചോ എസ് ഐ പി നിര്‍ത്തുന്നതും തുടരുന്നതും തെറ്റായ നിക്ഷേപ തന്ത്രമാണെന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് എസ് ഐ പിയില്‍ നിക്ഷേപം തുടരുക.
- സ്വര്‍ണത്തില്‍ നിക്ഷേപം കൂട്ടുക, ശ്രദ്ധയോടെ
അസ്ഥിരമായ കാലഘട്ടത്തില്‍ സ്വര്‍ണം ഒരു സുരക്ഷിത നിക്ഷേപമാണ്. അതുപോലെ തന്നെ പ്രാധാന്യമുള്ള കാര്യമാണ് നാണ്യപ്പെരുപ്പ കാലത്ത് സ്വര്‍ണം മികച്ച പ്രകടനം കാഴ്ചവെയ്ക്കും എന്നതും. ആഗോളതലത്തില്‍ തന്നെ വിലക്കയറ്റം തുടങ്ങിക്കഴിഞ്ഞു. 2022 ല്‍ അത് വീണ്ടും ഉയര്‍ന്നേക്കാം. ഇതിനു പുറമേ രൂപയ്ക്ക് 2022 ല്‍ അഞ്ചു മുതല്‍ ഏഴ് ശതമാനം വരെ മൂല്യശോഷണവും സംഭവിച്ചേക്കാം. ഫെഡ് പലിശ നിരക്കില്‍ വരുത്തുന്ന മാറ്റം പ്രതീക്ഷിച്ച് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപം പുറത്തേക്ക് ഒഴുകുന്നതും രൂപയുടെ മ്യൂലശോഷണത്തിന് ആക്കം കൂട്ടിയേക്കും. അതുകൊണ്ട് തന്നെ വരും നാളുകളില്‍ സ്വര്‍ണം നല്ലൊരു കാവല്‍ നിക്ഷേപമാണ്. പല പോര്‍ട്ട്‌ഫോളിയോയിലും സ്വര്‍ണത്തിന്റെ വിഹിതം അഞ്ചുശതമാനത്തിലും താഴെയാണ്. ഇത് ഏറ്റവും ചുരുങ്ങിയത് അഞ്ചു ശതമാനം വരെയെങ്കിലുമായി ഉയര്‍ത്തണം. സോവറിന്‍ ഗോള്‍ഡ് ബോണ്ടിലോ ഗോള്‍ഡ് ഇടിഎഫിലോ നിക്ഷേപിക്കുന്നത് നല്ലൊരു നിക്ഷേപതന്ത്രമാണ്. അങ്ങേയറ്റം ലിക്വിഡിറ്റിയുള്ള നിക്ഷേപ രീതിയാണ് ഗോള്‍ഡ് ഇടിഎഫ്, ട്രാന്‍സാക്ഷന്‍ ചെലവും കുറവാണ്.
2022ന് അപ്പുറത്തേക്ക് നോക്കുക!
വിജയകരമായ നിക്ഷേപത്തിന് ദീര്‍ഘകാല വീക്ഷണം വേണം. ബുദ്ധിപൂര്‍വ്വമായ ദീര്‍ഘകാല നിക്ഷേപത്തിലൂടെ മാത്രമേ സമ്പത്ത് സൃഷ്ടിക്കപ്പെടുകയുള്ളൂ. 2030 ഓടെ ഇന്ത്യ ഏഴ് ട്രില്യണ്‍ ഇക്കോണമിയായി മാറും. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ ലാഭക്ഷമതയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകും. ഉയര്‍ന്ന ലാഭക്ഷമതയുള്ള ഉന്നത നിലവാരമുള്ള കമ്പനികള്‍ വലിയ സമ്പത്ത് നിക്ഷേപകര്‍ക്ക് സൃഷ്ടിച്ചുനല്‍കും. ഓഹരി വിപണിയിലെ ഹ്രസ്വകാല ചാഞ്ചാട്ടങ്ങളെ കുറിച്ച് ആശങ്കപ്പെടാതെ, നിക്ഷേപകര്‍ ഈയൊരു കാഴ്ചപ്പാടോടെ വേണം നിക്ഷേപം നടത്താന്‍.(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍)