വിപണിയില്‍ ആവേശം, നിക്ഷേപകര്‍ കരുതലോടെ നീങ്ങുക

നിലവിലെ സാഹചര്യത്തില്‍ വിപണിക്ക് ചില നല്ല വാര്‍ത്തകളുണ്ട്.

ഒന്ന്: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് വന്‍ വിജയം. അടുത്തലോക്സഭ തെരഞ്ഞെടുപ്പ് സംബന്ധിച്ചു വിപണിക്കുണ്ടായിരുന്ന ആശങ്കകള്‍ മാറി.

രണ്ട്: ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച 7.6 ശതമാനമാണ്. ഇതോടെ 2023-24 ധനകാര്യ വര്‍ഷം ആദ്യ പകുതിയില്‍ വളര്‍ച്ച 7.7 ശതമാനമായി. 7.2% മാത്രമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. വാര്‍ഷിക വളര്‍ച്ച 6.5% എന്ന റിസര്‍വ് ബാങ്കിന്റെ നിഗമനം സ്വകാര്യ ഏജന്‍സികള്‍ തിരുത്തുകയാണ്. വാര്‍ഷിക വളര്‍ച്ചയില്‍ 7% വരെ വളര്‍ച്ച കണക്കാക്കുന്നവരുമുണ്ട്.

മൂന്ന്: ജൂലൈ-സെപ്റ്റംബര്‍പാദത്തില്‍ യു.എസ് 5.2% ജി.ഡി.പി വളര്‍ച്ച നേടി. ആദ്യം കണക്കാക്കിയിരുന്നത് 4.9 ശതമാനമായിരുന്നു. ഇതോടെ യു.എസ് 2023ല്‍ മാന്ദ്യത്തിലാകുമെന്ന പ്രവചനങ്ങള്‍ അസ്ഥാനത്തായി.

'ലഹരി' പകരുന്നു

മുകളില്‍ പറഞ്ഞ മൂന്നും ഇന്ത്യന്‍ വിപണിയെ ലഹരി പിടിപ്പിക്കാവുന്ന കാര്യങ്ങളാണ്. രാഷ്ട്രീയസ്ഥിരത സാമ്പത്തികരംഗത്തിന് ഉന്മേഷം പകരുകയും മൂലധന നിക്ഷേപം കൂട്ടി വളര്‍ച്ചയ്ക്കു വേഗംകൂട്ടുകയും ചെയ്യും. ജി.ഡി.പി വളര്‍ച്ച കൂടുമ്പോള്‍ വ്യവസായ-സേവന മേഖലകള്‍ വളരും. ഇതോടെ കമ്പനികള്‍ക്കു വരുമാനവും ലാഭവും വര്‍ധിക്കുകയും ഓഹരികള്‍ ഉയരുകയും ചെയ്യും.

യു.എസ് വളര്‍ച്ച ഐ.ടി സേവനങ്ങളുള്‍പ്പെടെ കയറ്റുമതി വിപണിയെയും സഹായിക്കും. ടൂറിസം അടക്കമുള്ള മേഖലകള്‍ക്ക് കൂടുതല്‍ കുതിപ്പുണ്ടാകും. ഡിസംബര്‍ തുടക്കത്തില്‍ വിപണി ഈ ആവേശത്തില്‍ കുതിച്ചുകയറി. ഒരു നീണ്ട ബുള്‍ തരംഗത്തിന്റെ തുടക്കമാണ് ഇതെന്നു വരെ വിശകലനം ഉണ്ടായി. അങ്ങനെയായാലും അല്ലെങ്കിലും കുറേ നീണ്ടുനില്‍ക്കാവുന്ന ആവേശം വിപണിയില്‍ പ്രകടമാണ്.

അപായക്കുരുക്കുകള്‍

ഇത്തരം ആവേശക്കുതിപ്പുകള്‍ വിപണിയില്‍ ചില അപായകരമായ പ്രവണതകള്‍ വളര്‍ത്താറുണ്ട്. യുക്തിരഹിതമായ അമിതാവേശത്തില്‍ പെട്ട് വിവേചനമില്ലാതെ ഓഹരികള്‍ വാങ്ങിക്കൂട്ടല്‍. യു.എസ് കേന്ദ്ര ബാങ്കായ ഫെഡിന്റെ മുന്‍ ചെയര്‍മാന്‍ അലന്‍ ഗ്രീന്‍സ്പാന്‍ ആണ് യുക്തിരഹിതമായ അമിതാവേശം (Irrational Exuberance) എന്ന പദപ്രയോഗം അവതരിപ്പിച്ചത്. കുളിത്തൊട്ടിയില്‍ കിടക്കുമ്പോഴാണ് ഈ പദപ്രയോഗം അദ്ദേഹത്തിന്റെ മനസില്‍ തോന്നിയത്. 1996 ഡിസംബര്‍ അഞ്ചിനു ന്യൂയോര്‍ക്കില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം അതു പ്രയോഗിച്ചു.

കുറഞ്ഞ പലിശയ്ക്കു കിട്ടുന്ന പണം ഓഹരികളുടെയും മറ്റും വില യുക്തിരഹിതമായി ഉയര്‍ത്തിത്തുടങ്ങിയ കാലത്തായിരുന്നു ആ പ്രസംഗം. അതു പ്രവചനമെന്നോണം കീര്‍ത്തിക്കപ്പെട്ടു. (ആ പദപ്രയോഗം ശീര്‍ഷകമാക്കി പുസ്തകമെഴുതിയ ധനശാസ്ത്രജ്ഞന്‍ റോബര്‍ട്ട് ഷില്ലര്‍ക്കു നൊബേല്‍ പുരസ്‌കാരം കിട്ടി) മിക്ക ബുള്‍ തരംഗങ്ങളും അവയുടെ പാരമ്യത്തില്‍ യുക്തിരഹിതമായ അമിതാവേശമെന്നോ വിഭ്രാന്തി എന്നോ തോന്നിക്കുന്ന അവസ്ഥയില്‍ എത്തും.

ദിവസേന കുതിച്ചുകയറുക മാത്രം ചെയ്യുന്ന ഓഹരി വിലകള്‍ നിക്ഷേപകരെ വല്ലാതെ ആകര്‍ഷിക്കും. സമീപ ഭാവിയിലൊന്നും കമ്പനിക്കു പ്രതീക്ഷിക്കാനാവാത്ത ലാഭം കണക്കാക്കി ഓഹരിവില കയറും. ആ വില എങ്ങനെ ന്യായീകരിക്കാം എന്നു പോലും ചിന്തിക്കില്ല. നല്ല കമ്പനികളോടൊപ്പം ദുര്‍ബല കമ്പനികളും ഈ കയറ്റത്തില്‍ ഉയരത്തിലെത്തും. ഇവയൊക്കെ വാങ്ങിക്കും.

അനുദിനം വില കുതിച്ചുകയറുമ്പോള്‍ യുക്തിയും ന്യായവും നോക്കിനില്‍ക്കാന്‍ സമയമില്ലെന്നാകും അവരുടെ വിശദീകരണം. മറ്റു കാരണങ്ങളാല്‍ വിപണി തകരുമ്പോള്‍ ഇവ വാങ്ങിക്കൂട്ടിയവര്‍ക്കാകും ഏറ്റവും നഷ്ടം.

പേടിയുടെ പുറത്ത്

ഈ ആവേശം വളര്‍ന്ന് നിക്ഷേപ അവസരം നഷ്ടപ്പെടുമോ എന്ന ഭീതിയില്‍ അമിതവിലയ്ക്ക് ഓഹരികള്‍ വാങ്ങിക്കൂട്ടല്‍.ബുള്‍ തരംഗങ്ങള്‍ തുടങ്ങുമ്പോള്‍ ഭൂരിപക്ഷം നിക്ഷേപകരും സംശയാലുക്കളായിരിക്കും. 'ഏയ്, ഇതു തരംഗമല്ല, ഞാന്‍ അബദ്ധത്തില്‍ വീഴാന്‍ ഉദ്ദേശിക്കുന്നില്ല' എന്നാകും അവര്‍ പറയുക. ഏതാനും ദിവസങ്ങളോ ഒന്നോ രണ്ടോ ആഴ്ചയോ മാത്രം നീണ്ട പല കയറ്റങ്ങളുടെയും ദയനീയ കഥകള്‍ അവര്‍ക്കു പറയാനുണ്ടാകും. ബുള്‍ തരംഗം ഒരു പകുതി ദൂരം പിന്നിട്ടു കഴിയുമ്പോഴാകും അവര്‍ വിചിന്തനം നടത്തുക. ഈ കയറ്റത്തില്‍ ചേരാതെ മാറിനിന്നാല്‍ വലിയ നഷ്ടം വരുമെന്നു കരുതും (Fear of Missing Out or FOMO). അപ്പോള്‍ മിക്ക ഓഹരികളും അമിത വിലയിലായിരിക്കും. ആ വിലയ്ക്കു വാങ്ങിക്കൂട്ടുകയാകും ഇവരുടെ വിധി.

ഇന്ദുലേഖ ഇല്ലെങ്കില്‍ ദാസി

നല്ല ഓഹരികള്‍ വലിയ വിലയിലായതു കൊണ്ട് കുറഞ്ഞ വിലയില്‍ കിട്ടുന്നവ കൊണ്ടു തൃപ്തിപ്പെടാന്‍ ശ്രമിക്കല്‍. 'ഇന്ദുലേഖ ഇല്ലെങ്കില്‍ ദാസി' എന്ന മനോഭാവം. വിപണിയിലെ ഏറ്റവും അപകടകരമായ പ്രവണതയാണിത്. നല്ലത് കിട്ടിയില്ലെങ്കില്‍ വില കുറഞ്ഞതിനെ പകരമാക്കുന്നത് എല്ലാ രീതിയിലും നഷ്ടം മാത്രമെ വരുത്തൂ. ബുള്‍ തരംഗങ്ങളുടെ ഒരു പ്രത്യേകത അവ എല്ലാ വ്യവസായ മേഖലകളെയും ഒപ്പം ഉയര്‍ത്തിക്കൊണ്ടുപോകും എന്നതാണ്. അങ്ങനെയൊരു തരംഗത്തിന്റെ കാലത്ത് കൂടുതല്‍ ജാഗ്രതയാണ് ആവശ്യം. കാരണം അര്‍ഹതയില്ലാത്തവ ഉയര്‍ന്നു പോകും. ആ ഉയര്‍ച്ച കണ്ടു ഭ്രമിച്ച് അവയില്‍ നിക്ഷേപത്തിനു മുതിരരുത്. യുക്തിസഹമായി ആലോചിച്ചു വളര്‍ച്ചാ സാധ്യത ഉള്ളവയെ മാത്രം നിക്ഷേപത്തിനു തിരഞ്ഞെടുക്കുക. ബുള്‍ തരംഗങ്ങളില്‍ മറ്റുള്ളവരെ അനുകരിക്കാന്‍ വലിയ പ്രലോഭനം ഉണ്ടാകും. അവര്‍ എന്തു ലക്ഷ്യത്തില്‍ നിക്ഷേപിക്കുന്നു എന്നറിയാതെ അനുകരിക്കുമ്പോള്‍ അബദ്ധത്തിലേക്കാകും അതു നയിക്കുക.

(This article has been originally published in December second Issue of Dhanam Business Magazine)

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it