പണപ്പെരുപ്പം നിങ്ങളുടെ നിത്യജീവിതത്തെ ബാധിക്കും; ഇതാ എളുപ്പത്തില്‍ മനസ്സിലാക്കാം

പണപ്പെരുപ്പം സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നതിനെക്കുറിച്ചും വരുമാനവും പണപ്പെരുപ്പവും തമ്മിലുള്ള ബന്ധവുമെല്ലാം പല തരത്തില്‍ നിത്യജീവിതത്തില്‍ നമുക്കിടയിലൂടെ കടന്നു പോകുന്ന ചര്‍ച്ചകളും ബിസിനസ് വാര്‍ത്തകളിലെ സ്ഥിരം പ്രയോഗവുമാണ്. യഥാര്‍ത്ഥത്തില്‍ എന്താണ് 'പണപ്പെരുപ്പം'? അത് എങ്ങനെയാണ് കണക്കാക്കുന്നത്? അത് സാധാരണക്കാരെയാണ് എങ്ങനെയാണ് ബാധിക്കുന്നത്? ഇത്തരം കാര്യങ്ങള്‍ ലളിതമായി നമുക്ക് മനസിലാക്കാം:

നിങ്ങള്‍ കഴിഞ്ഞ വര്‍ഷം ഒരു കിലോ മാങ്ങയ്ക്ക് 100 രൂപ കൊടുത്തു. എന്നാല്‍ ഈ വര്‍ഷം നിങ്ങള്‍ക്ക് ഒരു കിലോ മാങ്ങ വാങ്ങാന്‍ 110 രൂപ കൊടുക്കേണ്ടി വരുന്നു. അപ്പോള്‍ ഒരു വര്‍ഷത്തെ പണപ്പെരുപ്പം നമുക്ക് ഇങ്ങനെ കണക്കാക്കാം:

പണപ്പെരുപ്പം= 110 രൂപ- 100 രൂപ= 10 രൂപ
അല്ലെങ്കില്‍
(10/100)X100= 10%

അതായത് ഒരു നിശ്ചിത കാലയളവില്‍ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വിലയില്‍ വരുന്ന വര്‍ധനയാണ് പണപ്പെരുപ്പമായി കണക്കാക്കുന്നത്. ഇത് ജീവിതച്ചെലവ് കൂട്ടുന്നു.

ഇനി പണപ്പെരുപ്പം നിങ്ങളുടെ സമ്പാദ്യത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് നോക്കാം:

വര്‍ഷം ആറ് ശതമാനം പലിശയ്ക്ക് പണം നിക്ഷേപിക്കുന്നുവെന്ന് കരുതുക.

റിട്ടേണ്‍- ആറ് ശതമാനം
പണപ്പെരുപ്പം- നാല് ശതമാനം

യഥാര്‍ത്ഥ റിട്ടേണ്‍:
റിട്ടേണ്‍ % – പണപ്പെരുപ്പം %= 6%- 4%= 2%
അതായത് നിങ്ങള്‍ക്ക് ലഭിക്കുന്ന പൊസിറ്റീവ് റിട്ടേണ്‍ രണ്ട് ശതമാനം മാത്രമാണ്.

പണം നിക്ഷേപിക്കാതെ വെറുതെ കയ്യില്‍ സൂക്ഷിക്കുന്നുവെന്ന് കരുതുക.

റിട്ടേണ്‍- 0%
പണപ്പെരുപ്പം- 4%

യഥാര്‍ത്ഥ റിട്ടേണ്‍:
റിട്ടേണ്‍%- പണപ്പെരുപ്പം%= 0%-4%= -4%

കയ്യില്‍ വെറുതേ വെച്ച പണത്തിന്റെ മൂല്യം പണപ്പെരുപ്പം മൂലം നാല് ശതമാനമാണ് നഷ്ടപ്പെട്ടത്.

ഇതില്‍ നിന്ന് പണപ്പെരുപ്പത്തെക്കാള്‍ നേട്ടം ലഭിക്കുന്ന ശരിയായ നിക്ഷേപമാര്‍ഗങ്ങളില്‍ നിക്ഷേപിക്കേണ്ടതിന്റെ പ്രാധാന്യം മനസിലായില്ലേ?

(ആളുകളില്‍ സാമ്പത്തികസാക്ഷരത വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആര്‍ബിഐ പുറത്തിറക്കിയ ഫിനാന്‍ഷ്യല്‍ അവയര്‍നസ് മെസേജസ് (FAME) എന്ന പുസ്തകത്തില്‍ നിന്ന് തയാറാക്കിയത്)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it