നഷ്ടത്തിലായ ഓഹരി 'വിറ്റ്' നികുതി ലാഭിക്കുന്നതെങ്ങനെ?

മൂലധന നേട്ട നികുതി ബാധ്യത കുറയ്ക്കാനായി നിങ്ങളുടെ പോര്‍ട്ട്ഫോളിയോയിലെ ഓഹരികളില്‍ വാങ്ങല്‍ വിലയേക്കാള്‍ താഴെ ട്രേഡ് ചെയ്യുന്ന ഓഹരികള്‍ വില്‍ക്കുന്നതിനെയാണ് നികുതി നഷ്ട ഹാര്‍വെസ്റ്റിംഗ് (tax loss harvesting) എന്ന് അറിയപ്പെടുന്നത്.

ഈ വര്‍ഷം ലാഭത്തിലായ ഓഹരികള്‍ വില്‍ക്കുകയും അവയ്ക്ക് മൂലധന നേട്ട നികുതി അടയ്ക്കേണ്ടി വരികയും ചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങളുടെ നികുതി ബാധ്യത കുറയ്ക്കുന്നതിനായി മാര്‍ച്ച് 31-ന് മുമ്പ് ഈ രീതി ഉപയോഗിക്കാവുന്നതാണ്.

എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തില്‍ സാധാരണയുള്ളതിനേക്കാള്‍ കൂടുതല്‍ വില്‍പന സമ്മര്‍ദ്ദം ഉണ്ടാകാനുള്ള ഒരു കാരണം ഇതാണ്. എന്നാല്‍ വിറ്റ ഓഹരികള്‍ ഭാവിയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധ്യതയുള്ളവയാണെങ്കില്‍ നിക്ഷേപകര്‍ ഏപ്രിലില്‍ ഈ ഓഹരികള്‍ തിരികെ വാങ്ങുന്നു.

ഉദാഹരണം നോക്കാം

ഒരു നിക്ഷേപകന്‍ ഒരു സാമ്പത്തിക വര്‍ഷം ഒരു ലക്ഷം രൂപയുടെ ഷോര്‍ട്ട് ടേം ക്യാപിറ്റല്‍ ഗെയ്ന്‍ ഉണ്ടാക്കി എന്നിരിക്കട്ടെ (ഓഹരികൾ വാങ്ങി ഒരു വർഷത്തിനുള്ളിൽ ഉണ്ടാക്കിയ നേട്ടം).

ഷോര്‍ട്ട് ടേം ക്യാപിറ്റല്‍ ഗെയ്ന്‍ ടാക്സ് വഴി (STCG) 15 ശതമാനം നികുതി കണക്കാക്കുമ്പോള്‍ ഇതില്‍ നിന്നും 15,000 രൂപയാണ് അയാള്‍ക്ക് നികുതി അടയ്ക്കേണ്ടി വരുക. അതേസമയം, അയാളുടെ പോര്‍ട്ട്‌ഫോളിയോയില്‍ ഇപ്പോഴുള്ള ഓഹരികളില്‍ 60,000 രൂപയുടേത് നഷ്ടത്തിലാണെന്ന് കരുതുക, അതായത് അയാള്‍ ഒരു ലക്ഷം രൂപ മൂല്യമുള്ള ഓഹരികള്‍ വാങ്ങിയതിനുശേഷം 60,000 രൂപയുടേത് നഷ്ടത്തിലായി. ഈ അവസരത്തില്‍ 60,000 രൂപയുടെ നഷ്ടത്തിലുള്ള ഓഹരികള്‍ തല്‍ക്കാലത്തേക്ക് വിറ്റ് ആകെ ഉള്ള ഓഹരി ലാഭം 40,000 (1,00,000 - 60,000) രൂപയാണെന്ന് കാണിക്കുന്നു.

ഇതുവഴി 15,000 രൂപ നികുതി അടവിനു പകരം 6,000 (40,000 ത്തിന്റെ 15%) രൂപയുടെ നികുതി അടച്ചാൽ മതി. 9,000 (15,000 - 6,000) രൂപ ലാഭിക്കാം.

അമേരിക്കയിൽ അനുവദനീയമല്ല

ഇന്ത്യയിൽ ഇത്തരത്തില്‍ നികുതി ഓഫ്സെറ്റ് ചെയ്യുന്ന പ്രക്രിയ സര്‍വ സാധാരണമാണ്, ഇതുവരെ ഇതിനെ നിരോധിക്കുന്ന പ്രത്യക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുമില്ല എങ്കിലും അമേരിക്കയില്‍ നികുതി കണക്കെടുപ്പിന്റെ സമയത്ത് നഷ്ടം കുറയ്ക്കാന്‍ കുറഞ്ഞ കാലയളവിലേക്ക് ഓഹരികള്‍ വില്‍ക്കുകയും നികുതി അടവിന്റെ സമയം കഴിഞ്ഞ് തിരികെ വാങ്ങുകയും ചെയ്യാന്‍ അനുവദിക്കുന്നതല്ല. ഇതിനെ 'വാഷ് സെയില്‍സ്' എന്നാണ് യുഎസില്‍ അറിയപ്പെടുന്നത്.

ഇന്ത്യയില്‍ ടാക്സ് ലോസ് ഹാര്‍വെസ്റ്റിംഗ് തടയുന്ന നിയമങ്ങള്‍ ഇല്ലെങ്കിലും പ്രായോഗികമായി അത് ചെയ്യാന്‍ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ (സിഎ) സമീപിക്കുന്നത് നല്ലതാണ്. കാരണം അത്തരത്തില്‍ ഒരേ സറ്റോക്ക് വിറ്റ് തിരികെ വാങ്ങുന്നത് ആദായനികുതി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തേക്കാം.

Related Articles
Next Story
Videos
Share it