Begin typing your search above and press return to search.
റെക്കോഡ് ഉയരത്തില്‍ യു.പി.ഐ ഇടപാടുകള്‍; ഫീസ് ഏര്‍പ്പെടുത്താന്‍ നീക്കമോ?
രാജ്യത്ത് അനുദിനം പ്രിയമേറുന്ന ഡിജിറ്റല്‍ പണമിടപാട് സൗകര്യമാണ് യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് അഥവാ യു.പി.ഐ (UPI). ഏറെ ലളിതമായി അതിവേഗം പണം കൈമാറാമെന്നതും നൂലാമാലകളില്ലെന്നതുമാണ് യു.പി.ഐയെ സ്വീകാര്യമാക്കിയത്. ഇക്കഴിഞ്ഞ ജനുവരിയില്‍ 18.41 ലക്ഷം കോടി രൂപ മതിക്കുന്ന 1,220 കോടി യു.പി.ഐ ഇടപാടുകളാണ് നടന്നത്. രണ്ടും റെക്കോഡാണ്.
ഫെബ്രുവരിയില്‍ ഇടപാടുകള്‍ 1,210 കോടിയും മൂല്യം 18.28 ലക്ഷം കോടി രൂപയുമായിരുന്നു. ഫെബ്രുവരിയില്‍ ദിവസങ്ങളുടെ എണ്ണം കുറഞ്ഞതാണ് ജനുവരിയേക്കാള്‍ മൂല്യവും ഇടപാടുകളുടെ എണ്ണവും താഴാനിടയാക്കിയത്. പ്രതിദിന ഇടപാടുകളും മൂല്യവും കണക്കിലെടുത്താല്‍ ജനുവരിയേക്കാള്‍ മുന്നിലാണ് ഫെബ്രുവരി.
യു.പി.ഐ ഇടപാടിന് ഫീസ് ഏര്‍പ്പെടുത്തുമോ?
2022 ഓഗസ്റ്റില്‍ ഫീസ് ഏര്‍പ്പെടുത്തുന്നത് ചര്‍ച്ച ചെയ്യാന്‍ റിസര്‍വ് ബാങ്ക് ഒരു പ്രൊപ്പോസല്‍ മുന്നോട്ടുവച്ചിരുന്നു.
എന്നാല്‍, യു.പി.ഐ ഇടപാടിന് ഫീസ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് തൊട്ടുപിന്നാലെ ധനമന്ത്രാലയം വ്യക്തമാക്കുകയും ചെയ്തിരുന്നു. വ്യക്തിഗതമല്ലാത്ത മറ്റ് പേയ്‌മെന്റ് ഇടപാടുകള്‍ക്ക് ചില പ്ലാറ്റ്‌ഫോമുകള്‍ ഫീസ് ഈടാക്കുന്നതായി ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ടെന്ന് ബിസിനസ് ടുഡേ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഐ.ആര്‍.സി.ടി.സി 20 രൂപ ഈടാക്കുന്നുണ്ടത്രേ.
ഫീസ് ഈടാക്കിയാല്‍ എന്ത് സംഭവിക്കും?
ഫീസ് ഏര്‍പ്പെടുത്തിയാല്‍ 73 ശതമാനം പേരും യു.പി.ഐ ഉപയോഗിക്കുന്നത് അവസാനിപ്പിക്കുമെന്ന് ലോക്കല്‍സര്‍ക്കിള്‍സ് അടുത്തിടെ സംഘടിപ്പിച്ച സര്‍വേ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. 23 ശതമാനം പേര്‍ മാത്രമാണ് ഫീസ് ഈടാക്കിയാലും സഹിക്കാമെന്ന് അറിയിച്ചത്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 50 ശതമാനം പേരും പ്രതിമാസം 10ലേറെ തവണ യു.പി.ഐ ഇടപാടുകള്‍ നടത്തുന്നവരാണ്.
Next Story
Videos