ഡിമാറ്റ് അക്കൗണ്ട് എന്തിന്? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിന് ഏവര്‍ക്കും ഡിമാറ്റ് അക്കൗണ്ടുകള്‍ (Demat Account) നിര്‍ബന്ധമാണ്. ഓഹരികള്‍ വാങ്ങി രേഖപ്പെടുത്തി വയ്ക്കുന്നതും അത് പിന്നീടു വില്‍ക്കുന്നതും ഡീമാറ്റ് അക്കൗണ്ട് വഴിയാണ്. സെബിയുടെ നിയമപ്രകാരം ഓഹരികളുടെ വില്‍പ്പന, കമ്പനികളുടെ പ്രാഥമിക ഓഹരി വില്‍പ്പനയില്‍ പങ്കാളികളാകല്‍, തുടങ്ങി ഓഹരി വിപണിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകള്‍ക്കും ഡീമാറ്റ് അക്കൗണ്ട് ആവശ്യമാണ്. ഇന്ത്യയില്‍, നാഷണല്‍ സെക്യൂരിറ്റി ഡിപോസിറ്ററി ലിമിറ്റഡ് (എന്‍എസ്ഡിഎല്‍), സെന്‍ട്രല്‍ ഡിപോസിറ്ററി സര്‍വീസസ് ലിമിറ്റഡ് (സിഡിഎസ്എല്‍) എന്നിങ്ങനെ രണ്ട് ഡിപോസിറ്ററി ഓര്‍ഗനൈസേഷനുകളാണ് ഡിമാറ്റ് അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്.

ബ്രോക്കറേജ് സ്ഥാപനങ്ങള്‍ വഴിയാണ് ഡീമാറ്റ് അക്കൗണ്ടുകള്‍ തുറക്കേണ്ടത്. ഓണ്‍ലൈനായോ ഓഫ്‌ലൈനായോ അക്കൗണ്ട് തുറക്കാം. അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ ഉപഭോക്താവിന്റെ പ്രധാനപ്പെട്ട രേഖകളായ പാന്‍ കാര്‍ഡ്, വിലാസം തെളിയിക്കുന്ന രേഖ, ഐഡന്റിറ്റി പ്രൂഫ് (ആധാര്‍), അക്കൗണ്ട് നമ്പര്‍, ആറു മാസത്തെ ബാങ്ക് സ്റ്റേറ്റേറ്റ്‌മെന്റ്, ക്യാന്‍സല്‍ ചെയ്ത ചെക്ക്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ആവശ്യമുണ്ട്.
ഇന്ത്യയില്‍ സ്ഥിര താമസമാക്കിയ വ്യക്തികള്‍, പ്രവാസി ഇന്ത്യക്കാര്‍ എന്നിങ്ങനെയുള്ള ഓരോ വിഭാഗത്തിനും പ്രത്യേകം അക്കൗണ്ടുകളുണ്ട്.
നിക്ഷേപകരെ അടിസ്ഥാനമാക്കിയും വ്യത്യാസങ്ങളുണ്ട്. നിക്ഷേപകരെ അടിസ്ഥാനമാക്കി മൂന്ന് തരം ഡിമാറ്റ് അക്കൗണ്ടുകളാണ് ഉള്ളത്. റെഗുലര്‍ ഡീമാറ്റ് അക്കൗണ്ട്, റിപാര്‍ട്രിയബിള്‍ ഡീമാറ്റ് അക്കൗണ്ട്, നോണ്‍ റിപാര്‍ട്രിയബിള്‍ ഡീമാറ്റ് അക്കൗണ്ട് എന്നിവ.
ഡിമാറ്റ് അക്കൗണ്ട് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്?
ഒരു നിക്ഷേപകന്‍ ഒരു ഡീമാറ്റ് അക്കൗണ്ട് (Demat Account) തുറക്കുമ്പോള്‍, അവരുടെ അക്കൗണ്ട് ഒരു ട്രേഡിംഗ് അക്കൗണ്ടുമായി ലിങ്കുചെയ്യണം, അതിന് ഒരു യുണീക് ഐഡന്റിറ്റിയും പാസ്വേഡും നല്‍കും. ഓണ്‍ലൈന്‍ ടെല്‍മിനല്‍വഴിയോ, ഓഹരി ബ്രോക്കര്‍ വഴിയോ ഓഹരി വാങ്ങുന്നതിന് ഓര്‍ഡര്‍ നല്‍കാം. വാങ്ങിയ സെക്യൂരിറ്റികള്‍ കൈവശം വയ്ക്കാന്‍ ഒരു ഡീമാറ്റ് അക്കൗണ്ട് നിര്‍ബന്ധമാണ്. അതിനാല്‍ ഒരു നിക്ഷേപകന്‍ ഒരു സ്റ്റോക്ക് വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുമ്പോഴെല്ലാം നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള അതത് ട്രേഡിംഗ് അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യണം.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it