നിങ്ങള്‍ സ്മാര്‍ട്ടാണോ? സ്മാര്‍ട്ട് പ്രൊഫഷണലുകളുടെ 10 ലക്ഷണങ്ങള്‍

സാധാരണക്കാരും സ്മാര്‍ട്ട് ആയവരും തമ്മിലുള്ള വ്യത്യാസമെന്താണ്? സ്മാര്‍ട്ടായവരുടെ 10 ലക്ഷണങ്ങള്‍ ഇവയാണ്.

1. അവര്‍ സ്മാര്‍ട്ടായ തീരുമാനങ്ങളെടുക്കുന്നു

തങ്ങളുടെ പ്രവൃത്തികളുടെയും തീരുമാനങ്ങളുടെയും ഫലം എന്തായിരിക്കുമെന്ന് അവര്‍ക്ക് നല്ല ബോധ്യമുണ്ട്. സ്ഥിരമായി നല്ല തീരുമാനങ്ങള്‍ എടുക്കാന്‍ ഫോക്കസും അച്ചടക്കവും ആവശ്യമാണ്.

2. അവര്‍ എല്ലാം അറിയുന്നവരായിരിക്കില്ല

എല്ലാം അറിയാമെന്ന് ഭാവിക്കുന്നവരല്ല സ്മാര്‍ട്ട് ആളുകള്‍. തങ്ങള്‍ക്ക് എന്ത് അറിയില്ല എന്ന് നല്ല ബോധ്യമുള്ളവരായിരിക്കും. അറിയേണ്ട കാര്യങ്ങള്‍ പഠിച്ചെടുക്കുന്നവരായിരിക്കും.

3. സ്വന്തം തെറ്റുകളില്‍ നിന്ന് പഠിക്കുന്നവര്‍

എത്രപ്രാവശ്യം വീണിട്ടാണ് നാം നടക്കാന്‍ പഠിക്കുന്നത്. ജീവിതത്തില്‍ നാം എല്ലാം പഠിച്ചെടുക്കുന്നത് അങ്ങനെയാണ്. പഠിച്ചെടുക്കുന്ന സമയം തെറ്റുകള്‍ വരാം. സ്മാര്‍ട്ട് ആയവര്‍ സ്വന്തം തെറ്റുകളില്‍ നിന്ന് പഠിക്കുന്നു. എന്നാല്‍ താന്‍ ചെയ്തതെല്ലാം ശരിയാണെന്ന് വാദിക്കുന്നവര്‍ക്ക് എങ്ങനെ സ്വയം മെച്ചപ്പെടുത്താന്‍ കഴിയും?

4. അവര്‍ക്ക് ചുറ്റും സ്മാര്‍ട്ട് ആളുകളാകും

സ്മാര്‍ട്ട് ആയവര്‍ തങ്ങളുടെ ടീമില്‍ സ്മാര്‍ട്ട് ആളുകളെക്കൊണ്ട് നിറയ്ക്കും. സ്റ്റീവ് ജോബ്‌സ് തന്റെ ലീഡര്‍ഷിപ്പ് ടീമില്‍ ഏറ്റവും കഴിവുള്ള 8-9 ആളുകളെ തന്നെ തെരഞ്ഞെടുത്തിരുന്നു. അവരെ ഓരോരുത്തരോടും ഇത്തരത്തില്‍ സമര്‍ത്ഥരായ ആളുകളുടെ ടീം ഉണ്ടാക്കാന്‍ അദ്ദേഹം പഠിപ്പിച്ചിരുന്നു. അതുപോലെ എല്ലാ മികച്ച ലീഡര്‍മാര്‍ക്കും കാണും സ്മാര്‍ട്ട് ആയവരുടെ ഒരു കരുത്തുറ്റ ടീം.

5. അസാമാന്യപാടവം ഉള്ളവര്‍

കാട്ടിക്കൂട്ടലുകളിലല്ല കാര്യം. യഥാര്‍ത്ഥ സ്മാര്‍ട്ട്‌നസ് ഉള്ളവര്‍ക്ക് എന്തുകാര്യം ചെയ്യാനും ഒരു പാടവം ഉണ്ടാകും. അവര്‍ സാഹചര്യങ്ങളോട് ഇണങ്ങിച്ചേരുന്നവരും ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നവരുമായിരിക്കും.

6. അവര്‍ക്ക് വ്യക്തമായ കാരണങ്ങളുണ്ടാകും

അവര്‍ എന്ത് കാര്യങ്ങളും ചെയ്യുന്നത് വ്യക്തമായ വീക്ഷണത്തോടെയായിരിക്കും. എന്തുകൊണ്ട് തങ്ങളിത് ചെയ്തു എന്നതിന് അവര്‍ക്ക് നിശ്ചിതമായ കാരണങ്ങളുണ്ടാകും. ക്രിട്ടിക്കല്‍ തിങ്കിംഗ്, ലോജിക്കല്‍ റീസണിംഗ്, ശാസ്ത്രീയത എന്നിവയില്ലെങ്കില്‍ നാം ഇപ്പോഴും പഴയ യുഗത്തിലായിരിക്കും ജീവിക്കുന്നത്.

7. സ്വന്തം പ്രശ്‌നങ്ങളെ സ്വയം നേരിടുന്നവര്‍

എല്ലാവര്‍ക്കും പ്രശ്‌നങ്ങളുണ്ടാകും. എന്നാല്‍ സാധാരണക്കാര്‍ പ്രതിസന്ധികള്‍ വരുമ്പോള്‍ തളര്‍ന്നിരിക്കുമ്പോള്‍ ഇവര്‍ പക്ഷെ അതിനെ ധൈര്യത്തോടെ നേരിടും. ഓരോ പ്രശ്‌നത്തിനും എത്രമാത്രം പരിഗണന കൊടുക്കണമെന്ന് അവര്‍ക്കറിയാം.

8. സ്വയം വിമര്‍ശകര്‍

സ്വന്തം പ്രവൃത്തികളെ അതിരുവിട്ട് ന്യായീകരിക്കുന്നതില്‍ നിന്ന് വ്യത്യസ്തരാണ് സ്മാര്‍ട്ട് ആയവര്‍. അവരായിരിക്കും അവരുടെ പ്രധാന വിമര്‍ശകന്‍.

9. വാചാലരല്ല

ഒരുപാട് സംസാരിക്കുന്നവരാണ് സ്മാര്‍ട്ട് എന്ന് പൊതുവേ ഒരു തെറ്റിദ്ധാരണയുണ്ട്. എന്നാല്‍ സ്മാര്‍ട്ട് ആളുകള്‍ ഒരിക്കലും അമിതഭാഷണം നടത്തുന്നവരല്ല. സംസാരത്തില്‍ അവര്‍ നല്ല ശ്രോതാക്കളായിരിക്കും. അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ ശ്രദ്ധിക്കപ്പെടും. അവര്‍ക്ക് നല്ല നിര്‍ദ്ദേശങ്ങള്‍ തരാന്‍ കഴിയും.

10. പ്രായോഗികമായി ചിന്തിക്കുന്നവരായിരിക്കും

പ്രായോഗികമല്ലാത്ത വലിയ വലിയ ആശയങ്ങളെക്കുറിച്ച് പറഞ്ഞിട്ട് എന്തുകാര്യം. സ്മാര്‍ട്ട് ആയവര്‍ പ്രായോഗികമായി നടപ്പാകുന്ന നല്ല ആശയങ്ങള്‍ കൊണ്ടുവരും. ജീവിതം ആസ്വദിക്കണം. എന്നാല്‍ അത് സ്വന്തം നില മറന്നുകൊണ്ടാകരുത്. ഈ ബോധ്യം സ്മാര്‍ട്ട് ആയവര്‍ക്കുണ്ട്.

Related Articles

Next Story

Videos

Share it