ലോകത്തേറ്റവും വിചിത്രമായ 10 ജോലികൾ, ശമ്പളം കേട്ടാൽ ഞെട്ടും! 

തൊഴിൽ രംഗത്തെക്കുറിച്ച് സംസാരിക്കുമ്പോൾ വളരെ പരമ്പരാഗതമായ ചില റോളുകൾ മാത്രമേ നമ്മുടെ മനസിൽ തെളിയൂ. എന്നാൽ നമുക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കാത്ത തരം ജോലികൾ ലോകത്തെ ചില രാജ്യങ്ങളിൽ നിലവിലുണ്ട്. ഈ വിചിത്രമായ ജോലികൾക്ക് ലഭിക്കുന്ന പ്രതിഫലം കേട്ടാൽ ഞെട്ടാത്തവരുണ്ടാകില്ല!

1. ഒന്നും ചെയ്യാനില്ലാത്ത ജോലി

തമാശയല്ല. സ്വീഡൻ ഗവണ്മെന്റ് ഫണ്ട് ചെയ്യുന്ന ഒരു ആർട്ട് പ്രൊജക്റ്റിന്റെ ഭാഗമാണ് ഈ ജോലി. പ്രത്യേകിച്ചൊരു ജോലിയൊന്നുമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. സ്വീഡനിലെ ഗോഥെൻബെർഗിലുള്ള ഒരു റെയിൽവേ സ്റ്റേഷനിൽ പോയി രാവിലെ പഞ്ച് ഇൻ ചെയ്യണം. വൈകീട്ട് പഞ്ച് ഔട്ട് ചെയ്യണം. ഇതിനിടയിൽ നമുക്കിഷ്ടമുള്ള എന്തു കാര്യങ്ങളും ചെയ്യാം. പ്രശ്നമില്ല. മാസം 2,300 ഡോളർ അല്ലെങ്കിൽ 1.59 ലക്ഷം രൂപയാണ് ശമ്പളം! 2025-ൽ ഈ സ്റ്റേഷന്റെ പണി പൂർത്തിയാകും വരെ നിയമനം നടക്കില്ല. എന്നാൽ ഉദ്യോഗാർഥികളെ ക്ഷണിച്ച് പരസ്യം പുറത്തിറക്കിയിട്ടുണ്ട്. വാർഷിക ഇൻക്രിമെന്റും ലീവും എല്ലാം ഉള്ള ജോലി തന്നെ ഇതും.

2. ഡോഗ് ഫുഡ് ടേസ്റ്റർ

വളർത്തു മൃഗങ്ങളുടെ ഭക്ഷണം വിപണിയിൽ ഇറക്കുന്നതിന് മുൻപ് സ്വാദു നോക്കി അഭിപ്രായം കമ്പനിയെ അറിയിക്കുന്നതാണ് ഈ ജോലി. 40000 ഡോളർ അല്ലെങ്കിൽ ഏകദേശം 28 ലക്ഷം രൂപയാണ് വർഷം വരുമാനം.

3. പ്രൊഫഷണലായി ഉറങ്ങാം

ഉറങ്ങുന്ന ജോലി! കമ്പനികളൊന്നുമല്ല, അമേരിക്കൻ സ്പേസ് ഏജൻസിയായ നാസയാണ് ഈ വിചിത്രമായ ജോലി ഓഫർ ചെയ്യുന്നത്. 18000 ഡോളർ അഥവാ 12.5 ലക്ഷം രൂപയാണ് ഇതിന് പ്രതിഫലം. എന്നാൽ കേൾക്കുന്ന പോലെ അത്ര എളുപ്പമല്ല ജോലി. 70 ദിവസം അനക്കമില്ലാതെ കിടക്കുന്ന ഒരാൾക്ക് എന്തൊക്കെ പാർശ്വ ഫലങ്ങൾ ഉണ്ടാകുമെന്ന് പറ്റിക്കുകയാണ് നാസയുടെ ലക്ഷ്യം. എന്നാൽ ഇത്രയും റിസ്കില്ലാത്ത ഉറക്ക ജോലിയും ഉണ്ട് കേട്ടോ. ഫിൻലന്റിലെ ഒരു ഹോട്ടൽ അവരുടെ റൂം ടെസ്റ്റ് ചെയ്യാനാണ് 'ഉറക്ക'ക്കാരെ ക്ഷണിക്കുന്നത്.

4. ലൈവ് മാനക്വിൻ

വസ്ത്ര ഷോറൂമുകളിലും മറ്റും വക്കുന്ന പ്രതിമകളെ കണ്ടിട്ടില്ലേ. പ്രതിമകൾക്ക് ശരിക്കുമുള്ള മനുഷ്യരേയും ഇതുപോലെ മാനക്വിനുകളായി നിർത്താറുണ്ട്. ഫാഷൻ ഹബുകളായ മിലാൻ, പാരീസ്, ടോക്കിയോ തുടങ്ങിയ നഗരങ്ങളിൽ ഇത് പതിവാണ്. 45 മിനിറ്റോളം പ്രതിമകളുടെ പോലെ അനങ്ങാതെ നിൽക്കണമെന്നു മാത്രം. മണിക്കൂറിന് 70 ഡോളർ (4,840 രൂപ) ആണ് പ്രതിഫലം.

5. ലേലു അല്ലൂ! ലേലു അല്ലൂ! ലേലു അല്ലൂ!

2001-ൽ സൗത്ത് വെസ്റ്റ് എയർലൈൻസ് ഫ്രെഡ് ടെയ്‌ലർ എന്നൊരാളെ ജോലിക്കെടുത്തു. ജോലി എന്തായിരുന്നെന്നോ? എയർലൈന്റെ ഭാഗത്തുനിന്നും വന്ന പിഴവുകൾക്ക് യാത്രക്കാരോട് ക്ഷമ ചോദിക്കുക. ഫ്ലൈറ്റ് വൈകുക, യാത്ര മുടങ്ങുക എന്നിങ്ങനെ പല കാര്യങ്ങൾക്ക് ക്ഷമ ചോദിച്ച് പേഴ്സണലൈസ്ഡ് കുറിപ്പുകൾ എഴുതുന്ന ഈ ജോലിക്ക് ശമ്പളമെത്രയായിരുന്നെന്നോ, $4,100 അഥവാ 2.86 ലക്ഷം രൂപ മാസം.

6. കോൺടാക്ട് പേഴ്‌സൺ

ചൈനയിലെ ചില കമ്പനികൾ അവിടെ താമസമാക്കിയ വിദേശികളെ അവരുടെ 'ഫോറിൻ കോൺടാക്ട് പേഴ്‌സൺ' ആയി നിയമിക്കാറുണ്ട്. വിദേശത്തുനിന്നും വരുന്ന ക്ലയൻസിന്റെയും ബിസിനസ് അസോസിയേറ്റ്സിന്റെയും ഒപ്പം മീറ്റിംഗിൽ പങ്കെടുക്കുക, ഫോട്ടോയ്ക്ക് പോസ് ചെയ്യുക, ഡിന്നറിന് പോകുക; ഇതൊക്കെയാണ് ജോലി. ദിവസം 16,600 യുവാൻ അതായത് 10,300 രൂപയാണ് പ്രതിഫലം.

7. കാക്ക സംരക്ഷകൻ

ലണ്ടൻ ടവറിൽ പാർക്കുന്ന ഏഴ് കാക്കകളെ സംരക്ഷിക്കുന്ന ജോലിയാണിത്. ഈ കാക്കകൾ ടവർ വിട്ടു പോയാൽ ഇംഗ്ലണ്ട് എന്ന രാജ്യം തകർന്നു പോകുമെന്നാണ് പണ്ടത്തെ വിശ്വാസം. അതു കാത്തുസൂക്ഷിക്കലാണ് 'റെയ്‌വൻ മാസ്റ്ററു'ടെ ജോലി. വർഷം 21,000 പൗണ്ട് അഥവാ 19 ലക്ഷം രൂപയാണ് ശമ്പളം.

8. ഫുൾ-ടൈം നെറ്റ് ഫ്ലിക്സ് കാണാം കാശും വാങ്ങാം

നെറ്റ് ഫ്ലിക്സ് പ്രദർശിപ്പിക്കുന്ന എല്ലാ സീരീസും സിനിമകളും പ്രേക്ഷകരുടെ മുന്നിലെത്തുന്നതിന് മുൻപ് കാണുക എന്നതാണ് ഈ ജോലി. എങ്ങനെയുള്ള സിനിമ അല്ലെങ്കിൽ സീരീസ് ആണെന്ന് മനസിലാക്കി അതിന് കൃത്യമായ ടാഗ് നൽകണാം. പ്രേക്ഷകർക്ക് സേർച്ചിൽ ഇത് സഹായകരമാകും. എന്നാൽ ഇതിന്റെ പ്രതിഫലം പുറത്തുവിട്ടിട്ടില്ല.

9. ഗാർബേജ് ഡിറ്റക്റ്റീവ്

മാലിന്യം തള്ളുന്നതിൽ അപാകങ്ങൾ ഉണ്ടോയെന്ന് കണ്ടെത്തുന്ന ജോലിയാണ് ഗാർബേജ് ഡിറ്റക്റ്റീവ്. ജർമനിയാണ് പ്രധാനമായും ഇതിനായി ആളുകളെ നിയമിക്കുന്നത്. തെറ്റായ ബിന്നിൽ ഇടുന്നുണ്ടോ, ഇ-വേസ്റ്റുകൾ സുരക്ഷിതമല്ലാതെ തള്ളുന്നുണ്ടോ എന്നൊക്കെ കണ്ടുപിടിക്കണം. മണിക്കൂറിന് 16 യൂറോ അഥവാ 1230 രൂപയാണ് പ്രതിഫലം.

10. പ്രൊഫഷണൽ തള്ളലുകാർ

തള്ളുക എന്നുദ്ദേശിച്ചത് ശരിക്കുള്ള തള്ളലിനെയാണ്. ജപ്പാനിൽ ട്രെയിനിൽ കയറുന്നവരെ തള്ളിക്കയറ്റുന്ന ജോലിയാണിത്. തികച്ചും പ്രൊഫഷണലായി ആളുകളെ തള്ളി ട്രെയിനിൽ കയറ്റി സമയത്തിന് ഓഫീസിൽ എത്താൻ സഹായിച്ചാൽ മണിക്കൂറിൽ 1200 യെൻ (771 രൂപ) വരെ പ്രതിഫലം നേടാം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it