ക്വാറന്റീന്‍ നാളുകള്‍ അര്‍ത്ഥപൂര്‍ണമാക്കാന്‍ 6 വഴികള്‍

അനൂപ് ഏബ്രഹാം

തിരക്കുകളില്‍ മുങ്ങിപ്പോകുന്ന ഓരോ ദിവസവും ചെയ്തുതീര്‍ക്കാന്‍
ശേഷിക്കുന്ന നുറുകണക്കിന് കാര്യങ്ങളെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചുണ്ടാകും. എന്നാല്‍ ഇപ്പോള്‍ എങ്ങനെയൊക്കെയോ നമുക്ക് സ്വന്തമായി കുറേയേറെ സമയം ലഭിച്ചപ്പോള്‍ ചെയ്യാന്‍ ഒന്നുമില്ലാത്ത അവസ്ഥയാണോ? ജില്ലകള്‍ അടയ്ക്കുക, പൊതുഗതാഗതം നിലയ്ക്കുക എന്നതൊക്കെ നമുക്ക് കേട്ടുകേള്‍വി മാത്രമുണ്ടായ കാര്യങ്ങളാണ്. ഇപ്പോള്‍ അതൊക്കെ നമ്മുടെ നാട്ടിലും വന്നു. കോവിഡ് 19ന്റെ സാമൂഹ്യവ്യാപനം തടയാന്‍ നാം വീടുകളില്‍ തന്നെ കഴിയേണ്ടി വരുമ്പോള്‍ യഥേഷ്ടം സമയമുണ്ട്. ആ സമയം അര്‍ത്ഥപൂര്‍ണമായി ചെലവിടാനുള്ള ആറുവഴികളിതാ:

1. വായിക്കൂ, നിങ്ങളുടെ ഇഷ്ടപുസ്തകങ്ങള്‍

നിങ്ങള്‍ എന്നാണ് അവസാനമായി ഇഷ്ടപ്പെട്ടൊരു പുസ്തകം വായിച്ച് സ്വയം
അതില്‍ മുഴുകിയിരുന്നത്? നമ്മില്‍ പലര്‍ക്കും നിത്യേനയുള്ള തിരക്കുകള്‍ കൊണ്ട് വായിക്കാന്‍ സമയം നീക്കിവെയ്ക്കാന്‍ പറ്റിയിട്ടുണ്ടാവില്ല. കോറോണ മൂലം പുറത്തിറങ്ങാന്‍ സാധിക്കാത്തതുകൊണ്ട് ഇഷ്ടം പോലെ സമയം നമുക്ക് ലഭിക്കുന്നുണ്ട്. ഇഷ്ടപ്പെട്ട ഒരു പുസ്തകം കൈയിലെടുത്ത് വായിക്കാം. അല്ലെങ്കില്‍ ഇന്റര്‍നെറ്റില്‍ നിന്ന് തികച്ചും സൗജന്യമായി യഥേഷ്ടം ബുക്കുകള്‍ പിഡിഎഫ് രൂപത്തില്‍ നമുക്ക് ഡൗണ്‍ലോഡ് ചെയ്യാം. നെറ്റ്ഫ്‌ളിക്‌സിന്റെയും ആമസോണ്‍ പ്രൈമിന്റെയും ഇക്കാലത്ത് വായനയെന്നാല്‍ അത്ര ഫാഷനബ്‌ളായ കാര്യമൊന്നുമല്ല. പക്ഷേ ഒരു വ്യക്തിക്ക് അളവറ്റ
ഗുണങ്ങള്‍ നല്‍കുന്ന, അവരുടെ ജീവിതം തന്നെ മാറ്റിമറിക്കാന്‍ ശേഷിയുള്ള
ഒന്നാണ് വായന. ലോകത്തെ അതിസമ്പന്നര്‍ തന്നെ ഇക്കാര്യം നമ്മോട് പറഞ്ഞിട്ടുണ്ട്.
ഒരു പുസ്തകത്തില്‍ നമ്മെ സ്വയം തളച്ചിടുന്നത്, ആഴ്ചകളോ മാസങ്ങളോ ആയി
നമ്മെ ചുറ്റിപ്പറ്റി നില്‍ക്കുന്ന അശുഭചിന്തകളില്‍ നിന്നും നിരുന്മേഷകരമായ മനോഭാവത്തില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗമാണ്. പുസ്തകങ്ങള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനുള്ള ചില വെബ്‌സൈറ്റുകളിതാ

https://www.gutenberg.org/

https://archive.org/

https://openlibrary.org/

2. വ്യായാമം ചെയ്യാം

ഒന്നും ചെയ്യാതെ ദീര്‍ഘനാള്‍ ഇരിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അങ്ങനെയിരുന്നാല്‍ ഉന്മേഷം നഷ്ടപ്പെടുകയും മനസ്സ് അസ്വസ്ഥമാകുകയും ചെയ്യും. പലര്‍ക്കും പുറത്തുപോകാന്‍ സാധിക്കുന്നുണ്ടാകില്ല. അവരും അതിരാവിലെ വീട്ടില്‍ തന്നെ വ്യായാമം ചെയ്താല്‍ ആ ദിവസം മുഴുവന്‍ ഉന്മേഷത്തോടെയിരിക്കാന്‍ സാധിക്കും. നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വ്യായാമത്തിന് സാധിക്കും. നമ്മുടെ മനസ്സില്‍ നവോന്മേഷം പകരാന്‍ സാധിക്കുന്ന സെറോടോണിന്‍, ഡോപമൈന്‍, എന്‍ഡോര്‍ഫിനുകള്‍ തുടങ്ങിയവയുടെ ഉല്‍പ്പാദനം നമ്മുടെ ശരീരത്തില്‍ ഉത്തേജിപ്പിക്കുന്നതിനും വ്യായാമം സഹായിക്കും.

3. മെഡിറ്റേഷന്‍

സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്ന ഒരു സന്ദേശമുണ്ട്; നിങ്ങള്‍ക്ക് പുറത്തുപോകാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ഉള്ളിലേക്ക് സഞ്ചരിക്കൂ എന്ന്. നമ്മുടെ ശരീരത്തിനും മനസ്സിനും മെഡിറ്റേഷന്‍ മൂലമുണ്ടാകുന്ന നൂറ് കണക്കിന് മെച്ചങ്ങള്‍ അക്കമിട്ട് നിരത്തുന്ന ആയിരക്കണക്കിന് പഠനവിവരങ്ങളുണ്ട്.
നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടുന്നതില്‍ വ്യായാമം പോലെ തന്നെ
മെഡിറ്റേഷനും അത്ഭുതകരമായാണ് പ്രവര്‍ത്തിക്കുന്നത്. മെഡിറ്റേഷന്‍ ചെയ്ത്
ശീലമില്ലാത്തവര്‍ക്കും എളുപ്പത്തില്‍ അത് ചെയ്യാനുള്ള വഴികള്‍ യൂട്യൂബില്‍ ലഭ്യമാണ്.

A 5 minute guided meditation , Mindfulness Guided Meditation - 5 Minutes എന്ന വീഡിയോ പോലുള്ളവ അതിന് നിങ്ങളെ സഹായിക്കും.

4. സാമൂഹിക അകലം പാലിക്കാം, മനസുകള്‍ തമ്മില്‍ അടുക്കാം

സാമൂഹികമായ അകലം പാലിക്കേണ്ടത് ഇപ്പോള്‍ അത്യാവശ്യമാണ്. എന്നാല്‍ എല്ലാ
ബന്ധങ്ങളും വിച്ഛേദിക്കേണ്ടതില്ല. ഇതിനെ നമുക്ക് പഴയ സൗഹൃദങ്ങള്‍
പുതുക്കാനുള്ള വേളയാക്കാം. പഴയ സുഹൃത്തുക്കളെ ഫോണില്‍ വിളിക്കാം. അവരുടെ
വിശേഷങ്ങള്‍ തിരക്കാം. എല്ലാവരുമായും കൂടുതല്‍ മനസ്സുകൊണ്ട് അടുക്കാം.

5. സോഷ്യല്‍ മീഡിയയും വാര്‍ത്തകളും ചുരുങ്ങിയ അളവില്‍ മതി

നമ്മള്‍ മാനസിക സമ്മര്‍ദ്ദത്തിലാവുകയോ ആശങ്കാകുലരാകുകയോ ചെയ്യുമ്പോള്‍
സോഷ്യല്‍ മീഡിയയിലോ ടെലിവിഷന്‍ വാര്‍ത്തകള്‍ക്കു മുന്നിലോ ഏറെ സമയം
തളച്ചിടപ്പെടാന്‍ സാധ്യതയേറെയാണ്. എന്നാല്‍ അത് നമ്മുടെ മൂഡ് മാറ്റാന്‍ അതേറെ ഉപകരിക്കില്ല. നേരെ മറിച്ച് ഇത്തരം കാര്യങ്ങള്‍ നമ്മളില്‍ കൂടുതല്‍ നെഗറ്റിവിറ്റി നിറയ്ക്കും. ഭീതി വര്‍ധിപ്പിക്കും. കൂടുതല്‍ കൂടുതല്‍ നമ്മെ നിസ്സഹായരാക്കും. നമ്മുടെ പ്രതിരോധശക്തി ശരിയായ രീതിയില്‍ നില്‍ക്കാന്‍ ഇതില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുന്നതാണ് ഉചിതം. ഈ അവസരത്തില്‍ ഏറ്റവും കുറച്ച് വാര്‍ത്തകള്‍ അറിയുന്നതും സാമൂഹ്യമാധ്യമങ്ങള്‍ കുറഞ്ഞ തോതില്‍ മാത്രം ശ്രദ്ധിക്കുന്നതുമാണ് എല്ലാം കൊണ്ടും നല്ലത്. ചില വാര്‍ത്തകളുടെ തലക്കെട്ട് ശ്രദ്ധയില്‍ പെടുമ്പോള്‍
കൂടുതലറിയാനുള്ള ത്വരയെ സ്വയം അമര്‍ത്തുക. മാനസികാരോഗ്യത്തിന് അതാണ്
നല്ലത്.

6. കേള്‍ക്കാം, കാണാം; TED Talks

നമുക്ക് പുതിയ ഉള്‍ക്കാഴ്ച പകരുന്ന, നമ്മെ ഭ്രമിപ്പിക്കുന്ന 3000ത്തിലേറെ വിഭിന്ന വിഷയങ്ങളെ അധികരിച്ചുള്ള പ്രഭാഷണങ്ങള്‍ യൂട്യൂബിലെ TED ചാനലിലുണ്ട്. ഏതൊരാള്‍ക്കും താല്‍പ്പര്യമുള്ള എന്തെങ്കിലുമൊന്ന് അതിലുണ്ടാകും. എല്ലാത്തിനുമുപരി നമ്മെ പ്രചോദിപ്പിക്കുന്ന, ഒരുപക്ഷേ നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കാന്‍ പ്രാപ്തിയുള്ള ഒട്ടനവധി വിവരങ്ങള്‍ അതിലുണ്ട്. അതും തികച്ചും സൗജന്യമായി. അടുത്തിടെ ഞാന്‍ കണ്ട ചില ടെഡ് ടോക്കിന്റെ ലിങ്കുകള്‍ ഇതാ.

The power of vulnerability | Brené Brown

Your body language may shape who you are | Amy Cuddy

ഇത്തരമൊരു അവസരത്തില്‍ നമ്മുടെ ജീവിതത്തിന്റെ നൈമിഷികതയെ കുറിച്ച്
ചിന്തിക്കുന്നതിന് പകരം നാം ജീവിച്ചിരിക്കുന്നുവെന്നത് തന്നെ എത്ര അനുഗൃഹീതമാണെന്ന് ചിന്തിക്കൂ. നമുക്ക് ചുറ്റിലുമുള്ള അശുഭകാര്യങ്ങളിലും ദുഃഖകരമായ വസ്തുതകളിലും മാത്രം ശ്രദ്ധയൂന്നുന്നതിനു പകരം ഈ അവസരം നമ്മുടെ ജീവിതത്തില്‍ ഇതുവരെ സംഭവിച്ച നല്ല കാര്യങ്ങളെന്തെന്ന് സ്വയം അവലോകനം ചെയ്യാനുള്ള വേളയാക്കി മാറ്റു.

(ജീവിതം സന്തോഷകരമാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ കൂടുതല്‍ ലേഖനങ്ങള്‍ക്ക് thesouljam.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it