'അജിനോമോട്ടോ ആപല്‍ക്കരം': നിരോധിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ തമിഴ്‌നാട് സര്‍ക്കാര്‍
അജിനോമോട്ടോ തമിഴ്നാട്ടില്‍ നിരോധിക്കുമെന്ന അഭ്യൂഹം ശക്തം. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്ന് പരിസ്ഥിതി മലിനീകരണ നിയന്ത്രണ മന്ത്രി കെ സി കറുപ്പാനന്‍ കഴിഞ്ഞയാഴ്ച വെളിപ്പെടുത്തിയതോടെ അജിനോമോട്ടോയ്‌ക്കെതിരായ പ്രചാരണവും ഏറി.
അജിനോമോട്ടോ ആരോഗ്യത്തിന് ഹാനികരമാണെന്നും ഇത് വൃക്കയെ നശിപ്പിക്കുമെന്നും ഏതാനും പഠനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളതായി കറുപ്പാനന്‍ പറഞ്ഞു.' അതിനാല്‍ ഞങ്ങള്‍ ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യും; നിരോധിക്കണോ വേണ്ടയോ എന്നതില്‍ അന്തിമ തീരുമാനം എടുക്കുകയും ചെയ്യും.'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ലോകത്ത് പ്രതിവര്‍ഷം പത്ത് ലക്ഷം ടണ്‍ അജിനോമോട്ടോ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഓരോ വര്‍ഷവും 5000 ടണ്‍ അജിനോമോട്ടോയാണത്രെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.
രാജ്യത്ത് മിക്കയിടത്തും ഏറ്റവും എളുപ്പത്തില്‍ രുചികര ഭക്ഷണമായി തിരഞ്ഞെടുക്കപ്പെടുന്ന ഫാസ്റ്റ് ഫുഡില്‍ ചേര്‍ക്കുന്ന രാസപദാര്‍ഥങ്ങളില്‍ പ്രധാനമാണ് അജിനോമോട്ടോ. പഞ്ചസാര പോലുള്ള ഈ വെളുത്ത പൊടി ഹോട്ടലുകളില്‍ ലഭിക്കുന്ന എല്ലാ ചൈനീസ് വിഭവങ്ങളിലും വറുത്ത മീനിലും ഇറച്ചിയിലും അവിഭാജ്യ ഘടകമാണ്. സ്ഥിരോപയോഗം മാരകമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നു വിദഗ്ധര്‍ പറയുന്നു. വറുത്തതും പൊരിച്ചതുമായ മാംസഭക്ഷണത്തിന് ആകര്‍ഷകമായ നിറവും മണവും പകരുന്നു ഈ രാസവസ്തു.
നാവിലെ രസമുകുളങ്ങളെ ഉദ്ദീപിപ്പിച്ച് ഫാസ്റ്റ് ഫുഡിലേക്ക് വീണ്ടും ആകര്‍ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം. പഴകിയ ഭക്ഷണസാധനങ്ങള്‍ക്ക് പുതുമ തോന്നിക്കുക എന്ന ലക്ഷ്യത്തോടെയും അജിനോമോട്ടോ ഉപയോഗിക്കുന്നു. ഭക്ഷണം പഴകുന്ന ദുര്‍ഗന്ധം അകറ്റി രുചികരമാക്കുന്ന എളുപ്പവിദ്യ. വെജിറ്റേറിയന്‍ വിഭവങ്ങളിലെയും അവിഭാജ്യ ഘടകമാണിത്.
അജിനോമോട്ടോ തലച്ചോറിനെ മാരകമായി ബാധിക്കുന്ന വിഷവസ്തു കൂടിയാണ്. ചെറിയ അളവിലാണെങ്കിലും നിരന്തരം കഴിച്ചാല്‍ തലവേദന, നെഞ്ചുവേദന, ശ്വസനപ്രശ്‌നങ്ങള്‍, അടിവയര്‍ വേദന, ജനനേന്ദ്രിയത്തില്‍ വേദന, പ്രോസ്റ്റേറ്റ് ഗ്രന്ഥികള്‍ക്കുള്ള വീക്കം, പൊണ്ണത്തടി, വന്‍കുടല്‍, ആമാശയം എന്നിവിടങ്ങളിലെ ക്യാന്‍സര്‍, അല്‍ഷിമേഴ്‌സ്, ആസ്ത്മ, ഹൃദയ പ്രവര്‍ത്തനങ്ങളിലെ ക്രമരാഹിത്യം, പ്രമേഹം തുടങ്ങിയതിനെല്ലാം ഇവ വഴിവെക്കും. കൂടാതെ, ഇതിലടങ്ങിയിരിക്കുന്ന അസിഡിറ്റി വയറെരിച്ചിലിനും നെഞ്ചെരിച്ചിലിനും കാരണമാകും.
ചില്ലിചിക്കന്‍, ഗാര്‍ലിക് ചിക്കന്‍, ഫ്രൈഡ് റൈസ് തുടങ്ങി സാമ്പാറില്‍ വരെ വാരിവിതറുന്ന അജിനോമോട്ടോ രക്തസമ്മര്‍ദ്ദം ക്രമാതീതമായി കൂട്ടാനും കുറയ്ക്കാനും മുഖം, കണ്ണ് എന്നിവിടങ്ങളില്‍ നീര് വരുത്താനും ചര്‍മം വലിയുന്നതിനും കാരണമാകുന്നു. ശരീരത്തിലെ കാല്‍സ്യം നഷ്ടപ്പെടുത്തി എല്ലുകള്‍ ദുര്‍ബ്ബലമാക്കുന്ന ഇത് വിട്ടുമാറാത്ത സന്ധിവേദനകള്‍ക്കും ഇടവരുത്തുന്നു.
അജിനോമോട്ടോ എന്ന പദം ഒരു ജാപ്പനീസ് ബ്രാന്‍ഡ് പേരാണ്. ശരിക്കുള്ള പേര് മോണോ സോഡിയം ഗ്ലുട്ടമേറ്റ്. എംഎസ്ജി എന്ന ചുരുക്കപ്പേരിലും അറിയപ്പെടും. ലോകമെങ്ങും ഇതിന്റെ സാന്നിദ്ധ്യമുണ്ട്. അമേരിക്ക ഇതിനെ 'ഗ്രാസ്' ലെവലിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.അതായത് 'ജനറലി റെക്കഗ്‌നൈസ്ഡ് അസ് സേഫ് '.അജിനോമോട്ടോ അകത്തുചെന്നാല്‍ തലവേദന, നെഞ്ചുവേദന, എരിച്ചില്‍, വിയര്‍ക്കല്‍ ഒക്കെയുണ്ടാകാം.ഏഷ്യയിലാണ് ഇത് പാചകത്തിനായി കൂടുതലും ഉപയോഗിക്കുന്നതെന്ന ന്യായം പറഞ്ഞ് ഈ അവസ്ഥയ്ക്ക് സായ്പ് നല്‍കിയിരിക്കുന്ന പേര് ചൈനീസ് റെസ്റ്റോറന്റ് സിന്‍ഡ്രോം എന്നാണ്.