ബിഗില്‍' മെഗാ റിലീസ് നാളെ

കേരളത്തിലെ വിജയ് ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന 'ബിഗില്‍' നാളെ റിലീസ് ചെയ്യും. അഡ്വാന്‍സ് ബുക്കിങിലെ ടിക്കറ്റുകള്‍ നേരത്തെ തന്നെ എല്ലായിടത്തും തീര്‍ന്നു. ഇരുന്നൂറ് തിയേറ്ററുകളില്‍ ഒക്ടോബര്‍ 29 വരെയുള്ള ടിക്കറ്റുകള്‍ വിറ്റുപോയതായി നിര്‍മാതാവ് പറഞ്ഞു. ലോകമൊട്ടാകെ നാലായിരത്തോളം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുക. തമിഴ്‌നാട്ടില്‍ മാത്രം 600 സ്‌ക്രീന്‍.

തെരി, മെര്‍സല്‍ എന്നീ വമ്പന്‍ ബോക്‌സ് ഓഫിസ് ഹിറ്റുകള്‍ക്കു ശേഷം ആറ്റ്‌ലി- വിജയ് ടീം ഒന്നിക്കുന്ന ബിഗിലിന്റെ ഏകദേശം മുന്നൂറോളം ഫാന്‍സ് ഷോ ആദ്യദിനം ഉണ്ടാകും.വെളുപ്പിന് നാല് മണി മുതല്‍ ഫാന്‍സ് ഷോ ആരംഭിക്കും. 2 മണിക്കൂര്‍ 59 മിനിറ്റ് ദൈര്‍ഘ്യമുള്ളതിനാല്‍ ഒരു ദിവസം പരമാവധി അഞ്ച് ഷോ മാത്രമേ പ്രദര്‍ശിപ്പിക്കാനാകൂ.

ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന വേഷമാണ് കേരളത്തിന്റെ പ്രിയ ഫുട്‌ബോള്‍ താരം കൂടിയായ ഐ എം വിജയന്‍ ചെയ്തിരിക്കുന്നത്. താന്‍ ഇത് വരെ അഭിനയിച്ച ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടത് ബിഗില്‍ ആണെന്ന് വിജയന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.ബിഗില്‍ 'മാസ്സ് 'ആണെന്നും 'ദളപതി വിജയ് വേറെ ലെവല്‍ ആണെ'ന്നുമാണ് ഐ എം വിജയന്‍ വിലയിരുത്തിയത്.

ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍ താര നായികാ വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തില്‍ വിജയ് ഇരട്ട വേഷത്തില്‍ അഭിനയിക്കുന്നു. ബോളിവുഡ് താരം ജാക്കി ഷ്‌റോഫ്, കതിര്‍, വിവേക്, ഡാനിയല്‍ ബാലാജി, ആനന്ദ് രാജ്, ഇന്ദുജ രവിചന്ദ്രന്‍, റീബ മോണിക്ക ജോണ്‍, വര്‍ഷ ബൊല്ലമ്മ, രാജ് കുമാര്‍, ദേവദര്‍ശിനി, യോഗി ബാബു, സൗന്ദര്‍രാജ എന്നിവരും അഭിനയിക്കുന്നുണ്ട്. എ ആര്‍ റഹ്മാന്‍ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

എ ജി എസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ കലപതി എസ് അഘോരം, കലപതി എസ് ഗണേഷ്, കലപതി എസ് സുരേഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ ട്രെയ്‌ലറും ഇതിലെ ഗാനങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു. തമിഴില്‍ സിനിമയുടെ തിയേറ്റര്‍ വിതരണാവകാശം 80 കോടി രൂപയ്ക്കാണ് സ്‌ക്രീന്‍സീന്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റ് വാങ്ങിയത്. തമിഴ്‌നാട്ടില്‍ നിന്നു മാത്രമായി 150 കോടിയുടെ ബിസിനസ്സ് അവര്‍ ലക്ഷ്യമിടുന്നു.

Related Articles

Next Story

Videos

Share it