ജീവിതത്തിൽ ബാലൻസ് കൊണ്ടുവരാൻ 'ലോഗൂം' ലൈഫ്‌സ്റ്റൈൽ

വ്യക്തിജീവിതവും തൊഴിലും ബാലൻസ് ചെയ്യാൻ പെടാപ്പാടുപെടുന്ന ഒരു ജനതയാണ് നമുക്കു ചുറ്റും. വീട്ടിലായാലും ഓഫീസിലായാലും ക്ലോക്കിൽ നോക്കി അതിനനുസരിച്ച് ജോലികൾ ക്രമീകരിച്ച് യാന്ത്രികമായി ഓരോ ദിവസവും നാം തള്ളിനീക്കുന്നു.

ഇവിടെയാണ് സ്വീഡനിൽ പ്രചാരത്തിലുള്ള 'ലോഗൂം' ലൈഫ്സ്റ്റൈലിന്റെ പ്രസക്തി. 'ആവശ്യമുള്ള അത്രയും' എന്ന അർത്ഥം വരുന്ന 'ലോഗൂം' സ്വീഡിഷ് ജനതയുടെ ജീവിതത്തോടുള്ള സമീപനം തന്നെയാണ് സൂചിപ്പിക്കുന്നത്.

ചുരുക്കിപ്പറഞ്ഞാൽ ആവശ്യമുള്ള അത്രയും മാത്രം കൈവശം വെക്കുക. ഒരു കാര്യത്തിനും അധികം ചെലവു ചെയ്യാതിരിക്കുക. പിശുക്ക് കാണിക്കുകയുമരുത്.

'The Lagom Life' എന്ന പുസ്തകത്തിന്റെ രചയിതാവായ എലിസബത്ത് കാൾസൺ ഈ തത്വങ്ങൾ ജീവിതത്തിൽ പകർത്തിയ ഒരു വ്യക്തിയാണ്. ജീവിതത്തിൽ ബാലൻസ് കൊണ്ടുവരിക എന്നതാണ് ഇതിന്റെ അടിസ്ഥാന പരമായ ഉദ്ദേശം.

'ലോഗൂം' എങ്ങനെ ദൈനംദിന ജീവിതത്തിൽ നടപ്പാക്കാം

വിവിധ കാര്യങ്ങളിൽ 'ലോഗൂം' അപ്ലൈ ചെയ്യാൻ സാധിക്കും. ഉദാഹരണത്തിന് എത്രമാത്രം ഐസ് ക്രീം നിങ്ങൾക്ക് വേണം? എത്ര വലിയ വീട് വേണം'. ഇത്തരം കാര്യങ്ങളിൽ 'ലോഗൂം' പ്രയോഗിച്ചു നോക്കൂ. എല്ലാക്കാര്യങ്ങളിലും 'മിതത്വം' ഉണ്ടാകുമ്പോൾ പണം, സമയം, ആരോഗ്യം എന്നിവ ലാഭിക്കാനാവും.

ഈ ജീവിത രീതി പിന്തുടരുന്നതുകൊണ്ടാവാം, സന്തുഷ്ടരായ ജനങ്ങളുടെ എണ്ണത്തിൽ പത്താം സ്ഥാനത്താണ് സ്വീഡൻ.

വർക്ക്-ലൈഫ് ബാലൻസിന് 'ലോഗൂം'

ജീവിതത്തിന്റെ ഏത് മേഖലയിൽ അപ്ലൈ ചെയ്യാവുന്ന ഒന്നാണ് 'ലോഗൂം'. സ്വീഡനിലെ തൊഴിൽ മേഖലയിൽ ഒരു പ്രധാനഘടകം കൂടിയാണിത്.

സ്വീഡൻകാർക്ക് 'ഫികാ' അഥവാ കോഫി ബ്രേക്ക് എന്നാൽ മതാചാരം പോലെ നിർബന്ധമായും ചെയ്തിരിക്കേണ്ട ഒന്നാണ്. രാവിലേയും ഉച്ചയ്ക്ക് ശേഷവും 15 മിനിറ്റ് ഫികാ അവരുടെ പരമ്പരാഗത തൊഴിൽ ശൈലിയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.

ഫിൽറ്റർ കോഫിയും വീട്ടിൽ പാകം ചെയ്ത പേസ്ട്രിയുമാണ് സാധാരണ കോഫി ബ്രേക്കിലെ ആഹാരം. വർക്ക്-ലൈഫ് ബാലൻസ് എന്നത് അവർക്ക് കുട്ടിക്കളിയല്ല. മാത്രമല്ല ഓവർടൈം ജോലിയെ അവർ പ്രോത്സാഹിപ്പിക്കാറുമില്ല.

ചെയ്യുന്ന ജോലിയിലും 'ലോഗൂം' അപ്ലൈ ചെയ്യാറുണ്ടിവർ. ഒരു പ്രോജക്ടിൽ ആവശ്യത്തിലധികം സമയം അവർ ചെലവഴിക്കാറില്ല. അതായത് നിർദിഷ്ട സമയത്തിനുളളിൽ അത് പൂർത്തിയാക്കാറുണ്ട് എന്നാണർത്ഥം. നിശ്‌ചയിച്ച സമയത്തിനകം ജോലി തീർന്നാൽ തൊഴിലാളിയും ബോസും ഹാപ്പിയല്ലേ!

Related Articles

Next Story

Videos

Share it