കോര്‍പ്പറേറ്റ് ഡ്രസിംഗ് എങ്ങനെ വേണം?

ജ്യോതി അസ്വാനി

ഒരു സംരംഭകന്‍/പ്രൊഫഷണല്‍ എന്ന നിലയില്‍ എത്രയെത്ര സാഹചര്യങ്ങളിലാണ് നിങ്ങളുടെ വസ്ത്രധാരണശൈലി മാറ്റുരയ്ക്കപ്പെടുന്നത്. വളരെ പ്രധാനപ്പെട്ട ഒരു ക്ലൈന്റുമായുള്ള കൂടിക്കാഴ്ച, കോര്‍പ്പറേറ്റ് പ്രമുഖര്‍ പങ്കെടുക്കുന്ന സെമിനാര്‍, ബോസുമായി ഉച്ചഭക്ഷണം, നെറ്റ്‌വര്‍ക്കിംഗ് ഡിന്നര്‍...

ഇങ്ങനെ ഓരോ ദിനവും സംഭവബഹുലമാകാം.പക്ഷെ, ഈ സാഹചര്യങ്ങളിലൊക്കെ എന്തു വസ്ത്രധാരണരീതിയാണ് നിങ്ങള്‍ പിന്തുടരുന്നത്? കോര്‍പ്പറേറ്റ് രംഗത്തെ വസ്ത്രധാരണ രീതികളും മാറ്റത്തിന്റെ പാതയിലാണ്. പുതിയ ട്രെന്‍ഡുകള്‍ക്കൊത്ത് നീങ്ങണ്ടേ നിങ്ങളും?

കോര്‍പ്പറേറ്റ് മാന്‍ ആകാന്‍

 • ബിസിനസ് മീറ്റിംഗുകളില്‍ പലരും ധരിക്കുന്നത് സ്യൂട്ട് തന്നെയാണ്. സാധാരണ ബ്ലൂ, ഗ്രേ നിറങ്ങള്‍ക്ക് പകരം കോപ്പര്‍, സില്‍വര്‍, ഗോള്‍ഡ് തുടങ്ങിയവ ഇഴ ചേര്‍ത്ത നിറഭേദങ്ങളും സ്ഥാനം പിടിക്കുന്നു.
 • ക്ലാസിക് ബ്ലൂ ജാക്കറ്റ് ഏതിന്റെയും കൂടെ ചേരും. ഏത് തരത്തിലുള്ള ടൈയുടെയും ട്രൗസേഴ്‌സിന്റെയും ജീന്‍സിന്റെയും കൂടെയും സ്‌ട്രൈപ്/സോളിഡ്/ചെക്ഷര്‍ട്ടുകളുടെ കൂടെയും ഇവ അണിയാം.
 • വിവിധ തരത്തിലുള്ള ചെക്കുകള്‍, ചോക്സ് ട്രൈപ്‌സ്, പ്രിന്‍സ് ഓഫ് വെയ്ല്‍സ് ചെക്ക്, ഹെറിംഗ്‌ബോണ്‍ ഡിസൈന്‍, ഹോണ്ട്സ്ടൂത്ത് പാറ്റേണ്‍ തുടങ്ങിയവയാണ് ജാക്കറ്റുകളില്‍ ട്രെന്‍ഡ്.
 • ക്വോഡ്രോയ്, കാവല്‍റി ട്വില്‍സ്, മോള്‍സ്‌കിന്‍, കാക്കി, ഫ്‌ളാനെല്‍സ്, ട്വീഡ്‌സ് എന്നിവ ട്രൗസറുകളില്‍ ട്രെന്‍ഡാണ്.
 • നല്ല ബെല്‍റ്റ് വാങ്ങുന്നത് നല്ലൊരു നിക്ഷേപമാണ്. നിങ്ങളുടെ ഷൂവിനോട് ചേരുന്ന നിറത്തിലുള്ള ബെല്‍റ്റാണ് വേണ്ടത്. ബ്രെയ്ഡഡ് ലെതര്‍ അല്ലെങ്കില്‍ ലെതര്‍ കവേര്‍ഡ് മെറ്റല്‍ ബക്കിള്‍ ഉള്ള ബെല്‍ട്ട് കോര്‍പ്പറേറ്റ് ഡ്രെസിം ഗില്‍ മികച്ച ട്രെന്‍ഡാണ്.
 • സോക്‌സിന് മുകളിലൂടെ നിങ്ങളുടെ രോമാവൃതമായ കാലുകള്‍ പുറമേ കാണുന്നത് നല്ലതല്ല. അതിനാല്‍ നീളമുള്ള സോക്‌സുകള്‍ ഇടുക.
 • ബ്ലാക് അല്ലെങ്കില്‍ ബ്രൗണ്‍ നിറത്തിലുള്ള ലെതര്‍ ഷൂ ആണ് ഔദ്യോഗിക ചടങ്ങുകള്‍ക്ക് അനുയോജ്യം.
 • ബ്രൈറ്റ്‌ലി പാറ്റേണ്‍ഡ് സില്‍ക് ടൈ, സോളിഡ്/സ്‌ട്രൈപ്‌സ് ഷര്‍ട്ടിനൊപ്പം ചേരും. വൂവണ്‍ സില്‍ക് സ്‌ട്രൈപ് ടൈ എക്കാലവും ട്രെന്‍ഡ് തന്നെ.

കോര്‍പ്പറേറ്റ് വനിത എങ്ങനെയായിരിക്കണം

 • വൈറ്റ്, പിങ്ക്, ക്രീം, ലൈറ്റ് ആന്‍ഡ് ഡാര്‍ക് സ്‌ട്രൈപ്‌സ് ഷര്‍ട്ടുകള്‍ നിങ്ങളുടെ ശേഖരത്തില്‍ കരുതാം. ഷര്‍ട്ടുകള്‍ അധികം ഇറുകിപ്പിടിച്ചതോ തീരെ നീളം കുറഞ്ഞതോ വളരെ സുതാര്യമായതോ ആകരുത്.
 • കണങ്കാലിനൊപ്പം നില്‍ ക്കുന്ന ട്രൗസറാണ് ഇടേണ്ടത്. കാപ്രി, അല്‍ട്രാസ്ലിം, സ്‌കിന്‍ ടൈപ്പ്, ബെല്‍ ബോട്ടം തുടങ്ങിയവയൊന്നും പാടില്ല. സ്‌കര്‍ട്ടാണ് ഇടുന്നതെങ്കില്‍ അതിന് ആവശ്യത്തിന് നീളമുണ്ടാകണം.
 • പാദവും വിരലുകളും മൂടുന്ന ലെതര്‍ ഷൂവാണ് ഔദ്യോഗിക വേളകളില്‍ വനിതകള്‍ക്ക് അനുയോജ്യം. വളരെ പോയ്ന്റഡ് ആയ ഹീലുകള്‍, ഉയര്‍ന്ന പ്ലാറ്റ് ഫോം ഹീലുകള്‍ ഉള്ള സാന്‍ഡലുകള്‍, അത്‌ലറ്റിക് ബൂട്ട്‌സ്, ഫാന്‍സി സ്ലിപ്പറുകള്‍ എന്നിവ ഒഴിവാക്കുക.
 • ഏറെ തിളക്കമുള്ള, ഫാന്‍സിയായ, വെല്‍വറ്റ് വകഭേദത്തിലുള്ള, ലേസുകളോട് കൂടിയ വസ്ത്രങ്ങള്‍ കഴിവതും ഒഴിവാക്കുക ഷൂവിന്റെ നിറത്തോട് ചേരുന്ന നേവി, ബ്ലാക്, ബ്രൗണ്‍ നിറങ്ങളിലുള്ള സോക്‌സ് തെരഞ്ഞെടുക്കാം.
 • ഗോള്‍ഡ് അല്ലെങ്കില്‍ സില്‍വര്‍ ബക്കിളോട് കൂടിയ ബ്ലാക്, നേവി, ബ്രൗണ്‍, നിറത്തിലുള്ള ബെല്‍റ്റുകള്‍ തെരഞ്ഞെടുക്കാം.
 • കാതില്‍ ചെറിയ സ്വര്‍ണ്ണ കമ്മല്‍, കൈത്തണ്ടയില്‍ ഒരു സില്‍വര്‍ സര്‍ക്കിള്‍, സ്റ്റൈലിഷ് ആയതും എന്നാല്‍ ഫോര്‍മല്‍ വസ്ത്രധാരണരീതിയോട് ചേരുന്നതുമായ ഒരു വാച്ച്, കഴുത്തില്‍ ഭംഗിയുള്ള എന്നാല്‍ വളരെ ലളിതമായ ഒരു പെന്‍ഡന്റ് ഇവയെല്ലാം നിങ്ങളെ ബിസിനസ് മീറ്റില്‍ വേറിട്ടുനിര്‍ത്തും.
 • അടുത്തതു ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ ബാഗ് ആണ്. ബ്ലാക്, ബ്രൗണ്‍, നേവി, ബര്‍ഗണ്ടി നിറത്തിലുള്ള ലെതര്‍ ബാഗ് തെരഞ്ഞെടുക്കുക. ഫാന്‍സി നിറങ്ങള്‍ ഒഴിവാക്കുക. ശരിയായ വലുപ്പവും മോശമല്ലാത്ത ആകൃതിയും പ്രധാനമാണ്.
 • നീളം കുറഞ്ഞ മുടിയാണെങ്കില്‍ അഴിച്ചിടാം. നീളമുള്ള മുടിയാണെങ്കില്‍ കെട്ടിവെക്കണം. ഫ്രെഞ്ച് ബണ്‍ അല്ലെങ്കില്‍ പോണി ടെയ്ല്‍ ചെയ്യാം.

ഇവിടെ പറഞ്ഞതെല്ലാം വെസ്റ്റേണ്‍ ഫോര്‍മല്‍ ഡ്രെസിംഗിന്റെ കാര്യങ്ങളാണ്. ഇന്ത്യയില്‍ സാരിയും സൽവാര്‍ കമ്മീസും ഔദ്യോഗിക വേഷമായി പല കമ്പനികളും കരുതുന്നുണ്ട്. ഫ്യൂഷന്‍ ഫാഷനായ വെസ്റ്റേണ്‍ ട്രൗസറും ഇന്ത്യന്‍ ഷോര്‍ട്ട് കുര്‍ത്തിയും അംഗീകരിച്ചിട്ടുള്ള വേഷമാണ്. എന്ത് വേഷമാണ് ഇടുന്നതെങ്കിലും അതിന്റെ സൗകര്യം പ്രധാനമാണ്. ശരിയായ അളവിലുള്ള വസ്ത്രം ധരിക്കാന്‍ ശ്രദ്ധിക്കണം.

പ്രസ്റ്റീജ് ലച്ച്മണ്‍ദാസ് ഗ്രൂപ്പിന്റെ ടെക്‌സ്റ്റൈല്‍ ഡിവിഷന്‍ മാനേജിംഗ് ഡയറക്റ്ററാണ് ലേഖിക

Related Articles

Next Story

Videos

Share it