കുട്ടികളിലെ മൊബൈല്‍ ആസക്തി വര്‍ധിക്കുന്നു; മാതാപിതാക്കള്‍ എന്ത് ചെയ്യണം?

കോവിഡ് പ്രതിസന്ധിയോടെ ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയത് വിദ്യാഭ്യാസ മേഖലയെ തന്നെ ആകെ മാറ്റിമറിച്ചു. എന്നാല്‍ ഗാഡ്ജറ്റുകളുടെ അമിത ഉപയോഗം കുട്ടികളുടെ ഭാവിയെ തകര്‍ക്കുന്നതായി വിദഗ്ധ റിപ്പോര്‍ട്ട്. രാജ്യത്ത് പല സ്‌കൂളുകളും തുറന്നു പ്രവര്‍ത്തിച്ചുവരുമ്പോള്‍ സ്‌കൂളിലേക്ക് തിരികെ എത്തുന്ന വിദ്യാര്‍ത്ഥികളില്‍ മൊബൈല്‍/ ഇന്റര്‍നെറ്റ്/ഗെയിമിംഗ് അഡിക്ഷന്‍ കണ്ടെത്തുന്നതായി അധ്യാപകരും മാനസിക രോഗവിദ്ഗ്ധരും.

കുട്ടികളുടെ മാനസികാരോഗ്യത്തെ സംബന്ധിച്ച് ഓണ്‍ലൈന്‍ കൗണ്‍സിലര്‍മാര്‍ പറയുന്നത് മാതാപിതാക്കളും വര്‍ക്ക് ഫ്രം ഹോം തിരക്കുകളില്‍ ആകുമ്പോള്‍ ഓണ്‍ലൈന്‍ പഠനത്തിനായി കുട്ടികളുപയോഗിക്കുന്ന ഗാഡ്ജറ്റുകളിലേക്ക് വേണ്ട ശ്രദ്ധയോ നിയന്ത്രണമോ നല്‍കാതെ പോകുന്നതായാണ്.
ഡല്‍ഹിയിലെ എയിംസ് ബിഹേവിയറല്‍ അഡിക്ഷന്‍ ക്ലിനിക്കില്‍ (ബിഎസി) എത്തിയ 17 വയസ്സുകാരന്റെ മുന്‍പുള്ള അധ്യയന വര്‍ഷക്കാലങ്ങള്‍ തിളക്കമുള്ള വിജയം നല്‍കിയതായിരുന്നുവെങ്കില്‍ ഇന്ന് ഓണ്‍ലൈന്‍ ആസക്തിമൂലം പരീക്ഷകളില്‍ തോല്‍വി നേരിട്ട് ഡിപ്രഷന്റെ വക്കിലെത്തിയ കഥ ഇന്ന് ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയില്‍ ഏറ്റവും വിദ്യാഭ്യാസ സമ്പന്നരെന്ന് അവകാശപ്പെടുന്ന കേരളത്തിലെ ജനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളിലേര്‍പ്പെടുന്ന കുട്ടികളുടെ ഭീവിയെക്കുറിച്ച് ആശങ്കാകുലരാണെങ്കിലും നിയന്ത്രണമേര്‍പ്പെടുത്താന്‍ എന്താണ് ചെയ്യാന്‍ കഴിയുക എന്നത് അറിയാത്ത അവസ്ഥയിലാണ്. കേരളത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇക്കഴിഞ്ഞ ആറുമാസം കുട്ടികളിലെ സ്വഭാവ വൈകല്യങ്ങള്‍ക്ക് ചികിത്സ തേടിയെത്തിയവരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ഈയടുത്താണ് ചൈന വീഡിയോ ഗെയിമിംഗില്‍ നിയന്ത്രണവുമായി രംഗത്തെത്തിയത്. വീഡിയോ ഗെയിമിംഗില്‍ ആസക്തരായ 18 വയസ്സില്‍ താഴെ പ്രായമുള്ളവരെ നിയന്ത്രിക്കാന്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ വീഡിയോ ഗെയിമിംഗ് നടത്താനാകില്ലെന്നാണ് ചൈന ഉത്തരവിറക്കിയത്. ആഴ്ചയിലെ അവധി ദിനങ്ങളിലാകട്ടെ, പരമാവധി മൂന്നു മണിക്കൂര്‍ മാത്രമായിരിക്കും ഇവര്‍ക്ക് ഗെയിമിംഗിന് അനുമതി നല്‍കുക.
വെള്ളിയാഴ്ചകളില്‍ രാത്രി എട്ട് മുതല്‍ ഒമ്പത് വരെ മാത്രമായിരിക്കും വീഡിയോ ഗെയിമിംഗ് അനുമതി ഉണ്ടായിരിക്കുക. വാരാന്ത്യവും പൊതുഅവധികളും എല്ലാം ചേര്‍ന്ന് ഒരാഴ്ച 17 വയസ്സുവരെയുള്ളവര്‍ക്ക് കളിക്കാനാകുന്ന വീഡിയോ ഗെയിം പരിധി 3 മണിക്കൂര്‍ മാത്രമാണ്. നാഷണല്‍ പ്രസ് ആന്‍ഡ് പബ്ലിക്കേഷന്‍ അഡ്മിനിസ്ട്രേഷന്‍ ആണ് അറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
വീഡിയോ ഗെയിമിംഗിന് അഡിക്റ്റഡ് ആയ യുവതലമുറയെ കര്‍ശന നിയന്ത്രണങ്ങളോടെ അവര്‍ക്ക് വേണ്ട ഗെയിമുകള്‍ നിശ്ചിത പരിധിക്കുള്ളില്‍ ഉപയോഗിക്കാന്‍ പ്രാപ്തരാക്കുകയാണ് ചൈന ലക്ഷ്യമിട്ടിരിക്കുന്നത്. ഇന്ത്യയുള്‍പ്പെടെ മറ്റു രാജ്യങ്ങളും ചൈനയുടേത് പോലുള്ള കടുത്ത നിയന്ത്രണങ്ങള്‍ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വീടുകളില്‍ നിന്നാണ് ഡിജിറ്റല്‍ ഉപയോഗത്തിന്റെ നിയന്ത്രണം കൊണ്ടുവരേണ്ടതെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
ഓണ്‍ലൈന്‍/ ഗാഡ്ജറ്റ് ഉപയോഗത്തില്‍ മാതാപിതാക്കള്‍ എന്താണ് ചെയ്യേണ്ടത്:
. ഓണ്‍ലൈന്‍ ആസക്തി മൂലമുള്ള പ്രശ്‌നങ്ങള്‍ കഥകള്‍ പോലെ പറഞ്ഞു കൊടുക്കുക.
. ഫാമിലി ടൈം മാതാപിതാക്കളും കുട്ടികളും ഗാഡ്ജറ്റ് ഉപയോഗിക്കാതെ ചെലവിടുക.
. ഭക്ഷണം കഴിക്കുമ്പോള്‍ ഗാഡ്ജറ്റ് ഉപയോഗിക്കാതെ ഇരിക്കുക, കുട്ടികളിലെ ഗാഡ്ജറ്റ് ഉപയോഗം അനുവദിക്കാതെ ഇരിക്കുക.
. ടിവിയോ ഗെയിമിംഗോ വാഗ്ദാനം ചെയ്ത് പഠിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന ശീലം മാറ്റുക. ഭാവിയില്‍ ലഭിക്കുന്ന ബഹുമാനവും സാമ്പത്തിക സാമൂഹിക സുരക്ഷിതത്വവും പറഞ്ഞ് പ്രോത്സാഹിപ്പിക്കുക.
.അകത്തും പുറത്തും ചെയ്യാവുന്ന ചെറിയ ആക്റ്റിവിറ്റികള്‍ നല്‍കുക.
. വീട്ടിലെ ചെറിയ ജോലികള്‍ ചെയ്യാന്‍ പഠിപ്പിക്കുക.
. ഗാര്‍ഡനിംഗ്, ക്രാഫ്റ്റ്, ബേക്കിംഗ് തുടങ്ങിയവയ്ക്കായി സമയം നല്‍കുക.


Related Articles

Next Story

Videos

Share it