വ്യായാമങ്ങളില്‍ നടത്തമാണ് താരം! ഇതാ നിങ്ങള്‍ അറിയാതെ പോകരുത് നടത്തത്തിന്റെ ഈ ഗുണങ്ങള്‍

By ജോണ്‍ മുഴുത്തേറ്റ്

അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്റും പ്രഗല്‍ഭ രാജ്യതന്ത്രജ്ഞനുമായിരുന്ന തോമസ് ജഫേഴ്സണ്‍ പറയുമായിരുന്നു: 'എല്ലാ വ്യായാമങ്ങളിലുംവെച്ച് നടപ്പാണ് ഏറ്റവും ഉത്തമം.' കുട്ടികള്‍ക്കും യുവാക്കള്‍ക്കും വൃദ്ധര്‍ക്കും ഒരുപോലെ ചെയ്യാവുന്ന ഈ വ്യായാമം ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിനും ശാരീരികശേഷികള്‍ വര്‍ധിപ്പിക്കുന്നതിനും വളരെ ഫലപ്രദമാണ് എന്നത് പൊതുവേ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. എന്നാല്‍, ആധുനികപഠനങ്ങള്‍ മറ്റൊരു പ്രധാനപ്പെട്ട കണ്ടെത്തല്‍ നടത്തിയിരിക്കുന്നു. മസ്തിഷ്‌കപോഷണത്തിനും മാനസികാരോഗ്യത്തിനും നടത്തം അതിപ്രധാനമാണ്. മസ്തിഷ്‌ക ശേഷികള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ഒറ്റമൂലിയാണ് നടത്തം.

കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി മനഃശാസ്ത്ര പ്രൊഫസര്‍ റോബര്‍ട്ട് തായറും സംഘവും നടത്തിയ പഠനത്തില്‍ നടത്തം പെട്ടെന്നുതന്നെ അല്‍ഭുതകരമായ മാനസികമാറ്റങ്ങള്‍ക്കു വഴിതെളിക്കുമെന്നു കണ്ടെത്തി. 12 പുരുഷന്മാരും 25 സ്ത്രീകളും ഉള്‍പ്പെടെ 37 പേരിലാണ് ആദ്യം പഠനം നടത്തിയത്. രാവിലെ ഉണരുമ്പോള്‍ മുതല്‍ രാത്രി കിടക്കാന്‍ പോകുന്നതുവരെ ഓരോരുത്തരും എത്ര സ്റ്റെപ്പുകള്‍ നടന്നു എന്നറിയുന്നതിനായി ഓരോരുത്തരിലും ഓരോ 'പെഡോമീറ്റര്‍' ഘടിപ്പിച്ചു. ദിനാന്ത്യത്തില്‍ റേറ്റിംഗ് സ്‌കെയിലുകളോടുകൂടിയ ചോദ്യാവലികള്‍ നല്‍കി അവരുടെ മാനസികഭാവങ്ങള്‍ വിലയിരുത്തി. അവരുടെ സന്തോഷാവസ്ഥ, ആത്മാഭിമാനം, നിരാശ, ഊര്‍ജസ്വലത, സംഘര്‍ഷങ്ങള്‍, മാനിസകാവസ്ഥ തുടങ്ങിയവ കണക്കാക്കിയതിനൊപ്പം അവര്‍ നടന്ന കാലടികളുടെ എണ്ണവും രേഖപ്പെടുത്തി. പല വര്‍ഷങ്ങള്‍ പഠനം നടന്നു. കൂടുതല്‍ നടന്നവര്‍ക്കു കൂടുതലായി സന്തുഷ്ടിയും ആത്മാഭിമാനവും ഊര്‍ജസ്വലതയും ഉല്‍സാഹവും അനുഭവപ്പെട്ടതായി തെളിഞ്ഞു. തായറിന്റെ അഭിപ്രായത്തില്‍ കൂടുതല്‍ ദൂരം നടക്കുന്നവര്‍ കൂടുതല്‍ നന്നായി ഭക്ഷിക്കുകയും കൂടുതല്‍ മാനസിക, ശാരീരിക ആരോഗ്യം കൈവരിക്കുകയും ചെയ്യുന്നു.

പഠനഫലങ്ങളെ അടിസ്ഥാനമാക്കി എഴുതിയ കാം എനര്‍ജി (Calm Energy) എന്ന ഗ്രന്ഥത്തില്‍ നടത്തത്തിന്റെ മനഃശാസ്ത്രനേട്ടങ്ങള്‍ തായര്‍ വിശദമാക്കുന്നുണ്ട്. സംഘര്‍ഷവും നിരാശയും ഉത്കണ്ഠയുമൊക്കെ വര്‍ധിച്ചുവരുന്ന ഈ ആധുനികകാലഘട്ടത്തില്‍ ഇവയ്ക്കുള്ള ഫലപ്രദമായ മറുമരുന്ന് പതിവായ നടത്തമാണ് എന്ന്അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ഓര്‍മശക്തി വര്‍ധിപ്പിക്കും

വാര്‍ധക്യത്തോടടുക്കും തോറും മസ്തിഷ്‌കത്തിലെ ഓര്‍മയുമായി ബന്ധപ്പെട്ട 'ഹിപ്പോകാമ്പസ്' (Hippocampus) എന്ന ഭാഗം ചുരുങ്ങുന്നതും തന്മൂലം ഓര്‍മശക്തി കുറയുന്നതും സ്വാഭാവികമാണ്. പിറ്റ്സ്ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ സൈക്കോളജിസ്റ്റായ കിര്‍ക് എറിക്സണ്‍, ശരാശരി അറുപതു വയസ്സുള്ള വ്യായാമരഹിതമായ ജീവിതം നയിക്കുന്ന 120 സ്ത്രീപുരുഷന്മാരില്‍ പഠനം നടത്തി. ഒന്നാം ഗ്രൂപ്പുകാര്‍, ദിവസം തുടര്‍ച്ചയായി 40 മിനിട്ടു നേരം ആഴ്ചയില്‍ മൂന്നു ദിവസം നടത്തത്തില്‍ മുഴുകി. ര്യുാം ഗ്രൂപ്പുകാര്‍ യോഗ ഉള്‍പ്പെടെ ആയാസരഹിതമായ വ്യായാമങ്ങളും ചെയ്തു. ഒരു വര്‍ഷത്തിനു ശേഷം ങഞക സ്‌കാന്‍ എടുത്തപ്പോള്‍ നടത്ത ഗ്രൂപ്പുകാരുടെ 'ഹിപ്പോകാമ്പസ്' രണ്ടു ശതമാനം വലുതായതായി വ്യക്തമായി. ഓര്‍മശക്തി വര്‍ധിപ്പിക്കുവാന്‍ നടത്തം ഏറെ ഫലപ്രദമാണെന്നുതെളിഞ്ഞു.

വാര്‍ധക്യത്തില്‍ എല്ലുകള്‍ക്കു ബലക്ഷയമുണ്ടാക്കുന്ന ഓസ്റ്റിയോ പോറോസിസ് എന്ന രോഗം ബാധിക്കുവാനുള്ള സാധ്യത വര്‍ധിക്കുന്നു. എന്നാല്‍ നടത്തം പോലെയുള്ള വ്യായാമം ശീലിക്കുകവഴി ഇതു തടയുവാന്‍ കഴിയുമെന്ന് വാക്കിങ് മാഗസിന്‍ (Walking Magazine) എഡിറ്റര്‍ ഫെന്റോണ്‍ (Fenton) വ്യക്തമാക്കുന്നു. പതിവായ നടത്തം വൃദ്ധരുടെ മനസികശേഷികളുടെ അപചയം തടയുവാന്‍ സഹായിക്കുന്നു. കൂടാതെ, സ്വയം മതിപ്പു വര്‍ധിപ്പിക്കുന്നതിനും ലക്ഷ്യബോധം വളര്‍ത്തുന്നതിനും കഴിയുന്നു. അതുപോലെ വാര്‍ധക്യത്തില്‍ സാധാരണ കടന്നുവരുന്ന വിഷാദരോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നതിനും നടത്തം സഹായിക്കുന്നു.

ചിന്തയെ ഉദ്ദീപിപ്പിക്കും

ഹെന്റിഡേവിഡ് തോറോ തന്റെ അനുഭവം വ്യക്തമാക്കുന്നു: ' എനിക്കു തോന്നുന്നു, എന്റെ കാലുകള്‍ ചലിക്കാന്‍ തുടങ്ങുന്ന നിമിഷം എന്റെ ചിന്തകള്‍ പ്രവഹിക്കുവാന്‍ തുടങ്ങുന്നു.' പല മഹാന്മാരും നടത്തത്തിന്റെ ചിന്തോദ്ദീപനശേഷി മനസ്സിലാക്കുകയും അതു ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആരോഗ്യശീലങ്ങള്‍ കര്‍ശനമായി പാലിച്ചിരുന്ന മഹാനാണ് ഗാന്ധിജി. നടത്തമായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടവ്യായാമം. ല്യുനില്‍ താമസിക്കുന്ന കാലത്ത് അഞ്ചു മൈല്‍ നടന്നാണ് അദ്ദേഹം ജോലിസ്ഥലത്തെത്തിയിരുന്നത്.

ബോംബെയില്‍ വക്കീലായി ജോലി നോക്കുമ്പോള്‍ 45 മിനിട്ട് ഓഫീസിലേക്കും 45 മിനിട്ട് തിരിച്ചു വീട്ടിലേക്കും നടക്കുക പതിവായിരുന്നു. ഈ നടത്തശീലമാണ് ഗാന്ധിജിയുടെ ആരോഗ്യരഹസ്യം എന്നദ്ദേഹംതന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രശസ്ത ജര്‍മന്‍ ചിന്തകനായിരുന്ന നീഷേയുടെ ആത്മകഥയില്‍ പ്രശസ്ത കൃതികള്‍ക്കുള്ള ആശയങ്ങള്‍ മനസ്സില്‍ വിരിഞ്ഞത് നടത്തത്തിനിടയിലാണെന്ന് വ്യക്തമാക്കുന്നു. പ്രചോദനം വേണ്ടപ്പോള്‍ അദ്ദേഹം നടക്കാന്‍ പോകുമായിരുന്നു.

'നിങ്ങള്‍ ക്രിയാത്മകമായ ആശയങ്ങള്‍ അന്വേഷിക്കുന്നു എങ്കില്‍ വെളിയിലേക്കു നടക്കാന്‍ പോവുക. ഒരു മനുഷ്യന്‍ നടക്കാന്‍ പോകുമ്പോള്‍ മാലാഖമാര്‍ അവനോടു മന്ത്രിക്കും' എന്ന് റെയ്മണ്ട് ഇന്‍മോന്‍. നടത്തം ചിന്തകളുണര്‍ത്തുകയും ക്രിയാത്മകത വളര്‍ത്തുകയും ധ്യാനാവസ്ഥ വരുത്തുകയും ചെയ്യുന്നു. ചരല്‍ വിരിച്ച മുറ്റത്തുകൂടി നഗ്‌നപാദനായി നടക്കുക, ഇളവെയില്‍ ഏറ്റുകൊണ്ട് നടക്കുക തുടങ്ങിയ രീതികള്‍ കൂടുതല്‍ പ്രയോജനപ്രദമാണ്.

നടത്തത്തോടൊപ്പം തന്നെ ഭ്രമണ പ്രാണായാമവും ചെയ്യുവാന്‍ കഴിയും. നാലു സ്റ്റെപ്പുകള്‍ വെക്കുന്നതിനിടയില്‍ ശ്വാസം ഉള്ളിലേക്കെടുക്കുക, ആറു സ്റ്റെപ്പുകള്‍ വെക്കുന്നതിനിടയില്‍ ശ്വാസം സാവധാനം വെളിയിലേക്കു വിടുക. ഏകാഗ്രതയും വിശ്രാന്തിയും ലഭിക്കുവാന്‍ ഈ ഭ്രമണ പ്രാണായാമം സഹായകരമാണ്. കാല്‍പ്പാദങ്ങളുടെ ചലനങ്ങളില്‍ മാത്രം ശ്രദ്ധിച്ചുകൊണ്ടുള്ള നടത്തം നമ്മെ ഒരു ധ്യാനാവസ്ഥയില്‍ എത്തിക്കുന്നു.

'കാലുകള്‍ ക്രിയാത്മകതയുടെ ചക്രങ്ങളാണ്.' ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്റെ ഈ വാക്കുകള്‍ തികച്ചും പ്രസക്തമാണ്.

(ഡോ. ജോണ്‍ മുഴുത്തേറ്റ് രചിച്ച, വിജയിക്കാന്‍ ഒരു മസ്തിഷ്‌കം എന്ന പുസ്തകത്തില്‍ നിന്നെടുത്ത ഒരു ഭാഗമാണിത്. മാതൃഭൂമി ബുക്‌സ് ഡിവിഷനായ ആസ്പയര്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകത്തിന്റെ വില 210 രൂപ. മനഃശക്തിയുടെ രഹസ്യങ്ങളും അത് വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളുമാണ് പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it