രാജകലയില്‍ ട്രംപ് താമസിക്കുന്ന ആഡംബര ഹോട്ടല്‍; ഒരു രാത്രിക്ക് എട്ട് ലക്ഷം രൂപ

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വരവേല്‍ക്കാനൊരുങ്ങി നില്‍ക്കുകയാണ് ഇന്ന് ഡല്‍ഹി. ഒപ്പം ഇന്ത്യ സന്ദര്‍ശിക്കുന്ന അമേരിക്കന്‍ രാഷ്ട്രപതിമാര്‍ക്ക് വളെക്കാലമായി ആതിഥ്യമരുളുന്ന ഐ.ടി.സി. മൗര്യ ഹോട്ടലും. ആഗ്രയിലെ താജ്മഹല്‍ സന്ദര്‍ശനത്തിന് ശേഷം വൈകിട്ടോടെയാണ് ട്രംപും ഭാര്യ മിലാനിയയും ഡല്‍ഹിയിലെത്തുക. മുന്‍ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ വന്നപ്പോഴും അവിടെയായിരുന്നു താമസം. ട്രംപ് താമസിക്കുന്ന ഈ ആഡംബര ഹോട്ടലിന് ഒരു രാത്രിക്ക് എട്ട് ലക്ഷം രൂപയാണ് ചെലവ്.

വെറുമൊരു പഞ്ച നക്ഷത്ര പ്രഭ മാത്രമല്ല ഹോട്ടലിനെ സവിശേഷമാക്കുന്നത്. വിശിഷ്ടാതിഥികള്‍ക്കായി ഭക്ഷണ പരിശോധനാ ലബോറട്ടറി, അതീവസുരക്ഷാ സംവിധാനങ്ങള്‍, ആഡംബര സൗകര്യങ്ങള്‍, സ്പാ എന്നിവയെല്ലാം അതിലുള്‍പ്പെടും.

ട്രംപിന് നല്‍കുന്ന ഗ്രാന്‍ഡ് പ്രസിഡന്‍ഷ്യല്‍ സ്യൂട്ടില്‍ രണ്ട് കിടപ്പുമുറികളുണ്ടാകും. പട്ടുപതിച്ച ചുവരുകളും തടികൊണ്ടുള്ള ഫ്ളോറിങ്ങുമാണ് സ്യൂട്ടിലുള്ളത്. അതിഗംഭീര കലാസൃഷ്ടികളും സ്യൂട്ടിന് ഭംഗിയേകുന്നു. വായുനിലവാരം ഓരോ സമയത്തും പരിശോധിച്ച് മെച്ചപ്പെടുത്താനുള്ള സംവിധാനവും ഹോട്ടലിലുണ്ട്. വായുനിലവാരം ഏറ്റവും മോശമായ നഗരങ്ങളിലൊന്നാണ് ഡല്‍ഹി. വലിയ റിസപ്ഷന്‍ ഏരിയ, ലിവിങ് റൂം, സ്റ്റഡി റൂം, പീകോക്ക് തീമില്‍ 12 സീറ്റുള്ള സ്വകാര്യ ഡൈനിങ് റൂം, പേള്‍ കൊണ്ടുള്ള ഉപകരണങ്ങളടങ്ങുന്ന ബാത്ത് റൂം, മിനി സ്പാ, ജിംനേഷ്യം എന്നിവയെല്ലാം ഈ സ്യൂട്ടിലുണ്ട്. എല്ലായ്‌പ്പോഴും മികച്ച വായുനിലവാരം ഉറപ്പുവരുത്താനും ഇവിടെ സംവിധാനമുണ്ട്.

ഇന്ന് മുതല്‍ ട്രംപ് തിരികെ പോകും വരെ മറ്റ് അതിഥികളെ അവിടെ താമസിപ്പിക്കില്ല. ഇവിടുത്തെ 438 മുറികളും ട്രംപിനും സംഘത്തിനുമായി ബുക്ക് ചെയ്തിരിക്കുകയാണ്. ഹോട്ടലിന്റെ ലോബി, ലോണ്‍, പൂള്‍, പാര്‍ക്കിങ് മേഖലയിലും പ്രത്യേക സുരക്ഷാ സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ഹോട്ടലിലെ ഓരോ നിലയിലും പോലീസുകാര്‍ സാധാരണ വേഷത്തില്‍ പട്രോളിങ് നടത്തും. യു.എസിന്റെ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥരുമായി സഹചരിച്ചാണ് ഡല്‍ഹി പോലീസിന്റെ സുരക്ഷാവിഭാഗം ഇതിനായി പ്രവര്‍ത്തിക്കുക. ആറ് ജില്ലകളില്‍ നിന്നുമുള്ള പോലീസുകാരും കേന്ദ്ര സായുധ പോലീസ് സേനയുടെ 40 കമ്പനികളും സുരക്ഷയൊരുക്കുന്നവരില്‍ പെടുന്നു.

വിദേശ വി. വി.ഐ.പി.കള്‍ സന്ദര്‍ശിക്കുന്ന വേളയില്‍ സുരക്ഷയൊരുക്കുന്നതില്‍ വിദഗ്ധരാണ് ഡല്‍ഹി പോലീസിന്റെ ഈ വിഭാഗം. ഹോട്ടലിന്റെ എതിര്‍ഭാഗത്തുള്ള വനമേഖലയിലും പോലീസ് സന്നാഹം ശക്തമായിരിക്കും. ഐ.ടി.സി. മൗര്യ ഹോട്ടലില്‍ രണ്ടാഴ്ച മുന്‍പു തന്നെ എന്‍.എസ്.ജി. കമാന്‍ഡോകളും ഡല്‍ഹി പോലീസും സുരക്ഷാ നിരീക്ഷണം നടത്തിവരികയാണ്. ഹോട്ടലിന്റെ ഓരോ നിലയിലും പ്രതിദിനമെന്നോണം സുരക്ഷാപരിശോധന നടത്തിയിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it