വിവാദപ്പുക പരത്തി ഇ-സിഗററ്റ്

ഇന്ത്യയില്‍ പുകരഹിത സിഗററ്റിനു വിലക്കേര്‍പ്പെടുത്താനുള്ള നീക്കത്തിനു പിന്നാലെ അഴിമതിയുടെ മണമുള്ള വിവാദവും പുകഞ്ഞുതുടങ്ങി. ഒപ്പം, ഇ-സിഗററ്റ് നിരോധനത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള തര്‍ക്കം ചൂടുപിടിപ്പിക്കാന്‍ അന്താരാഷ്ട്ര ശൃംഖലയുടെ ഭാഗമായ പുകയില വ്യവസായികള്‍ വിവിധ തന്ത്രങ്ങളുമായി രംഗത്തിറങ്ങിക്കഴിഞ്ഞു.

പുകവലിയുടെ ദൂഷ്യം ലോകത്തിനു വ്യക്തമായതോടെ ആഗോള തലത്തില്‍ പരമ്പരാഗത സിഗററ്റ് വിപണിക്കുണ്ടായത് കനത്ത തിരിച്ചടിയാണ്. പൊതുസ്ഥലത്ത് പുകവലി നിരോധിച്ചുകൊണ്ട് 1999 ല്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി ഈ പരിണാമ വഴിയില്‍ നിര്‍ണ്ണായകമായി. കേരളത്തിനു പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ പൊതുസ്ഥലത്ത് പുകവലിക്കു വിലക്കുണ്ട്. പുകയിലയുല്‍പ്പന്നങ്ങള്‍ക്കുമുണ്ട് പരസ്യ നിരോധനം.

മിക്ക രാജ്യങ്ങളിലും പുകവലി ശീലത്തിനെതിരെ നീക്കങ്ങള്‍ തകൃതിയാണെങ്കിലും ഉദ്ദേശിച്ച ഫലമുണ്ടാകുന്നില്ലെന്ന പരാതി ലോകാരോഗ്യ സംഘടനയ്ക്കുണ്ട്.ചൈനയ്ക്കാണ് ഇക്കാര്യത്തില്‍ യാതൊരു കൂസലുമില്ലാത്തത്. അവിടത്തെ മൂന്നിലൊന്നു പൗരന്മാരും പുകവലിക്കാരാണ്. ഇതിനിടെ, അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും മറ്റും സിഗററ്റിനെ തുരത്താനുള്ള യത്‌നങ്ങളില്‍ പുരോഗതിയുണ്ടായിവരുമ്പോഴാണ് ഇലക്ട്രോണിക് സിഗററ്റ് അവതരിച്ചത്. സ്റ്റൈലായി ചുണ്ടില്‍ വയ്ക്കാവുന്ന ബദല്‍ സിഗററ്റെന്നാണിതിന്റെ വിശേഷണം. പരമ്പരാഗത സിഗററ്റിനെപ്പോലെ അപകടകാരിയല്ല 'വേപ്പിംഗ്' എന്നാണ് ഉത്പാദകരുടെ അവകാശവാദം.

സിലിക്കന്‍ ചിപ്പും ലിഥിയം ബാറ്ററിയും ചേര്‍ന്നാണ് ഇ-സിഗററ്റ് ഉണ്ടാക്കുന്നത്. പുകയും ചുക്കയും ഇല്ലാത്തതിനാല്‍ പൊതുസ്ഥലത്ത് വലിച്ചാലും കുഴപ്പമുണ്ടാകില്ല. കാഴ്ചയില്‍ യഥാര്‍ഥ സിഗററ്റ് പോലെ തോന്നും. നിക്കോട്ടിനും കൃത്രിമ രുചികള്‍ക്കുള്ള ചേരുവകളും ചേര്‍ത്ത ദ്രവരൂപത്തിലുള്ള മിശ്രിതമുണ്ട് ഉള്ളില്‍. ഇത് ചൂടാകുമ്പോഴത്തെ നിറവും കറയുമില്ലാത്ത 'വേപ്പര്‍' അഥവാ ആവിയാണ് പുകയ്ക്കു പകരമാകുന്നത്. മൂവായിരത്തിനും 30,000 നും ഇടയില്‍ വരും നിലവില്‍ ഇ-സിഗററ്റിന്റെ വില. ഇടയ്ക്കിടെ നിറയ്ക്കാന്‍ 700 -1000 രൂപ വേണം.

അതേസമയം, ഇ-സിഗററ്റും സാധാരണ സിഗററ്റും തമ്മില്‍ ഫലത്തില്‍ വ്യത്യാസമില്ലെന്നും രണ്ടും ശരീരത്തിലുണ്ടാക്കുന്നത് ഒരേ ആരോഗ്യപ്രശ്‌നങ്ങള്‍ തന്നെയാണെന്നും യു.എസിലെ നോര്‍ത്ത് കരോലിന യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഹൃദയധമനികള്‍ക്ക് ഗുരുതര തകരാറുകളുണ്ടാക്കുന്നു രണ്ടിനവും
,രക്തസമ്മര്‍ദത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. മണത്തിനും രുചിയ്ക്കുമായി ചേര്‍ക്കുന്ന രാസവസ്തുക്കളാകട്ടെ ശ്വാസകോശത്തിന് അതീവ ഹാനികരമാണ്. പുകവലി ശീലം നിര്‍ത്താന്‍ ഇ-സിഗററ്റ്്് ശീലമാക്കുകയെന്ന പ്രചാരണം ശുദ്ധ അസംബന്ധമാണെന്ന്്് ഡോക്ടര്‍മാര്‍ പറയുന്നു.

അംഗീകൃത വിപണി ഇല്ലാതിരുന്നിട്ടും ഇന്റര്‍നെറ്റിലെ പരസ്യങ്ങളിലൂടെ ഇ-സിഗററ്റിനെ പരിചയപ്പെട്ട ഇന്ത്യയിലെ യുവതലമുറ വന്‍ തോതില്‍ ഇതു വാങ്ങിക്കൂട്ടുന്നതായാണു റിപ്പോര്‍ട്ട്. രാജ്യത്ത്്്്്് ഇപ്പോള്‍ത്തന്നെ നാലര ലക്ഷം ഉപയോക്താക്കളുണ്ടെന്നാണ് അസോസിയേഷന്‍ ഓഫ് വേപ്പേഴ്‌സ്് ഓഫ് ഇന്ത്യയുടെ സ്ഥാപകരിലൊരാളായ ജെയ് മേത്ത പറയുന്നത്. കൊച്ചിയിലും ആയിരക്കണക്കിന് പേര്‍ ഇ-സിഗററ്റ്്്്്് ശീലമാക്കിക്കഴിഞ്ഞു. യുവാക്കളാണ് ഭൂരിപക്ഷം പേരും. ഈ രംഗത്തെ ഭീമന്‍ യു.എസ് കമ്പനിയായ 'യൂള്‍' കുറേക്കാലമായി ഇന്ത്യയെ നോട്ടമിട്ടു വരുന്നതിനിടെയാണ് നിരോധന നീക്കം ശക്തമായത്.

നിരോധനത്തിനു വേണ്ടി പരമ്പരാഗത പുകയില വ്യവസായികള്‍ വന്‍ തോതില്‍ പണമെറിഞ്ഞു കളിക്കുന്നതായി ആരോപണമുയര്‍ന്നുകഴിഞ്ഞു. അതേസമയം ഇവരില്‍ ചിലര്‍ക്കു യൂള്‍ കമ്പനിയുമായി അടുത്ത ബന്ധമുള്ളതായും അഭ്യൂഹമുണ്ട്. നിരോധനം യാഥാര്‍ത്ഥ്യമാകുന്നതോടെ സമാന്തര വിപണി കൂടുതല്‍ ഉഷാറാകുമെന്നും ലാഭക്ഷമത ഏറുമെന്നുമുള്ള കണക്കുകൂട്ടലും പിന്നാമ്പുറത്തുണ്ടത്രേ.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it