കുറച്ച് മോട്ടിവേഷൻ വേണമെന്ന് തോന്നുന്നുണ്ടോ?
സിനിമ വെറും നേരംപോക്കല്ല. ഒരു നല്ല ചിത്രത്തിന് ഒരാളുടെ മനസിനെ പ്രോചോദിപ്പിക്കാനും ഭാവനയെ ഉണർത്താനും കഴിയും. സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ജീവിതവിജയം നേടിയ ആളുകൾ നിരവധിയാണ്.
സംരംഭകർക്ക് അവരുടെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന ചില കയ്പ്പുള്ള യാഥാർത്ഥ്യങ്ങളും അതിനെ മറികടക്കാനുള്ള തന്ത്രങ്ങളും ഒരു കഥയിലൂടെ പറഞ്ഞുകൊടുക്കാൻ സിനിമകൾക്ക് കഴിയും. വിഷമതകളെ അതിജീവിക്കാനുള്ള ധൈര്യവും ചിലപ്പോൾ ഇത്തരത്തിൽ ലഭിച്ചെന്നുവരാം.
2018-ൽ പുറത്തിറങ്ങിയ ചില ചിത്രങ്ങൾ സംരംഭകരും പ്രൊഫഷണലുകളും കണ്ടിരിക്കേണ്ടതാണ്. അവയിൽ ചിലത്:
സൂയി ധാഗാ
നിലവിലെ ഇന്ത്യയിലെ സാമൂഹിക രാഷ്ട്രീയ സ്ഥിതികളും 'മെയ്‌ഡ് ഇൻ ഇന്ത്യ' എന്നആശയവും കോർത്തിണക്കി ഒരുക്കിയ ചിത്രമാണ് ശരത് കട്ടാരിയയുടെ സൂയി ധാഗാ. ചെറിയ ഒരു ഗ്രാമത്തിൽ ജീവിക്കുന്ന തുന്നൽക്കാരനായ ചെറുപ്പക്കാരന്റെ കഥയാണിത്.
ജോലി നഷ്ടപ്പെടുന്നതോടുകൂടി സ്വയം തൊഴിൽ കണ്ടെത്താൻ ശ്രമിക്കുന്ന മൗജിയും ഭാര്യ മമതയും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ സിനിമ അവതരിപ്പിക്കുന്നു. അവസരങ്ങളുടെ കുറവ്, ഫണ്ടിംഗ് ഇല്ലായ്മ, ആത്മവിശ്വാക്കുറവ് എന്നിങ്ങനെ പല തടസങ്ങളെയും അവർ അതിജീവിക്കുന്നതെങ്ങനെയെന്ന് ചിത്രം നമുക്ക് കാട്ടിത്തരുന്നു. വരുൺ ധവാൻ, അനുഷ്‌ക ശർമ്മ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു.
കനാ
ക്രിക്കറ്റ് കളിക്കാരിയാകാൻ മോഹിക്കുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് കനാ. തമിഴ് നാട്ടിലെ ഒരു ഗ്രാമത്തിൽ നിന്ന് തന്റെ പിതാവിന്റെ പിന്തുണയോടുകൂടി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇടംപിടിക്കുന്ന കൗസല്യ മുരുഗേശന്റെ നിശ്ചയദാർഢ്യം എല്ലാവർക്കും പ്രചോദനം നല്കുന്നതുതന്നെയാണ്. സമൂഹത്തിന്റെ കെട്ടുപാടുകളും സാമ്പത്തിക പ്രതിസന്ധികളും ഭാഷാപരമായ ബുദ്ധിമുട്ടുകളും നേരിട്ട് ഒരു പെൺകുട്ടി തന്റെ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
അരുൺരാജാ കാമരാജ് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ശിവകാർത്തികേയനാണ്. ഐശ്വര്യാ രാജേഷ്, സത്യരാജ് എന്നിവർ പ്രധാനവേഷം ചെയ്യുന്നു.
ബാസാർ
ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ പണം, അധികാരം, ബിസിനസ് എന്നിവയുടെ സ്വാധീനത്തെപ്പറ്റിയുള്ള കഥ പറയുന്ന ക്രൈം ത്രില്ലറാണ് ബാസാർ. സെയ്‌ഫ് അലി ഖാൻ പ്രധാന വേഷത്തിലെത്തുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഗൗരവ് ചൗളയാണ്. 1987 ലെ ഹോളിവുഡ് ചിത്രം വാൾസ്ട്രീറ്റുമായി സാമ്യമുള്ള കഥയാണ് ബാസാറിന്റേത്. സംരംഭകരാകാൻ മോഹിക്കുന്ന ചെറുപ്പക്കാർക്ക് ഒരുപിടി മാർഗനിർദേശങ്ങൾ സിനിമയിലുണ്ട്.
പാഡ് മാൻ
തമിഴ് നാട്ടിലെ സാമൂഹ്യ പ്രവർത്തകനായ അരുണാചലം മുരുഗാനന്ദത്തിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് 'പാഡ് മാൻ'. സംരംഭങ്ങൾക്ക് സാമൂഹിക പ്രതിബന്ധത ഉണ്ടാകേണ്ട ആവശ്യകത ചിത്രം നമുക്ക് പറഞ്ഞു തരുന്നു. വിലകൂടിയ സാനിറ്ററി പാഡുകൾക്ക് പകരം കൈയ്യിലൊതുങ്ങാവുന്ന വിലയിൽ അവ നിർമിച്ച് ഖ്യാതിനേടിയ അരുണാചലത്തിന്റെ വേഷം അഭിനയിക്കുന്നത് അക്ഷയ് കുമാറാണ്.