175 കോടി പ്രതിഫലം നേടി, നിർമ്മാതാവിന് ഒരു രൂപ പോലും നഷ്ടമില്ലാതെ: ആമിർ പറയുന്നു 'ഇതെന്റെ ബിസിനസ് മോഡൽ'

ആമിർ ഖാൻ എന്ന നടൻ ബോളിവുഡിലെ 'പെർഫെക്ഷനിസ്റ്റ്' ആണ്. ഏറ്റെടുക്കുന്ന ജോലിയിൽ നൂറുശതമാനം അർപ്പണം. അതുപോലെതന്നെ തന്റെ സിനിമയിൽ പണമിറക്കുന്നവർക്ക് യാതൊരു നഷ്ടവും വരുന്നില്ല എന്ന ഭാരിച്ച ഉത്തരവാദിത്തവും അദ്ദേഹം ഏറ്റെടുക്കുന്നു.

ഈ അസാധാരണമായ ബിസിനസ് മോഡൽ പിന്തുടരുന്നത് കൊണ്ടുതന്നെ ആമിറിന്റെ സിനിമകൾ പരാജയം അറിഞ്ഞിട്ട് കാലമേറെയായി. ആഗോളതലത്തിൽ തന്നെ സൂപ്പർ ഹിറ്റായ 'ദംഗൽ' എന്ന സിനിമ 2000 കോടി രൂപ കളക്ഷൻ നേടിയപ്പോൾ അതിൽ നിന്ന് ആമിർ നേടിയത് 175 കോടി രൂപയായിരുന്നു.

[embed]https://youtu.be/_bzNKWCwbfM[/embed]

അടുത്തിടെ നടത്തിയ ഒരു ചാറ്റ് ഷോ യിലാണ് അദ്ദേഹം ജോലി ചെയ്യുന്ന രീതിയെക്കുറിച്ച് വിശദീകരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകൾ:

ഞാനൊരു പെർഫോമിംഗ് ആർട്ടിസ്റ്റ് ആണ്. തെരുവിൽ പെർഫോമൻസ് നടത്തുന്ന ഒരു ആർട്ടിസ്റ്റ് പ്രകടനം കഴിഞ്ഞ ഉടൻ തന്റെ തൊപ്പി ഊരി 'ഇത് ഇഷ്ടപ്പെട്ടെങ്കിൽ പണം തരൂ' എന്ന് കാഴ്ചക്കാരോട് പറയും. അതേ രീതിയാണ് ഞാൻ സിനിമയിലും പിന്തുടരുന്നത്.

സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് പ്രതിഫലം വാങ്ങുന്ന ശീലം എനിക്കില്ല. എന്റെ പോക്കറ്റിൽ ആദ്യത്തെ രൂപ വന്ന് വീഴുന്നത് സിനിമയിൽ പണം നിക്ഷേപിച്ച എല്ലാവർക്കും അത് തിരിച്ച് കിട്ടിക്കഴിയുമ്പോഴാണ്.

പ്രൊഡ്യൂസറിന് നഷ്ടം നേരിട്ടാൽ അതിന്റെ അർത്ഥം ആ സിനിമയിൽ എനിക്ക് ലഭിച്ച പ്രതിഫലം പൂജ്യമായിരുന്നു എന്നാണ്. അതുകൊണ്ടു തന്നെ എന്റെ സിനിമകൾ പിടിക്കുന്ന നിർമ്മാതാക്കൾക്ക് ഒരിക്കലും നഷ്ടം ഉണ്ടായിട്ടില്ല. നഷ്ടമുണ്ടാകില്ല എന്ന് ഞാൻ ഉറപ്പുവരുത്തും. അതുകൊണ്ട് ലോകത്തെ ഏറ്റവും വിജയകരമായ ബിസിനസ് മോഡൽ ആയി ഞാൻ ഇതിനെ കാണുന്നു.

നിർമ്മാതാവ് ഇറക്കിയ പണം മുഴുവൻ അദ്ദേഹത്തിന് ലഭിച്ച് കഴിഞ്ഞാൽ സിനിമയുടെ ലാഭത്തിന്റെ ഒരു വിഹിതം ഞാൻ എടുക്കും. ഞാൻ ഇത്രയും റിസ്ക് എടുത്തതുകൊണ്ട് തന്നെ ലാഭത്തിൽ ഒരു വലിയ മാർജിൻ എനിക്ക് വന്നുചേരും.

നൂറുകോടി മുടക്കിയെടുത്ത ഒരു സിനിമയാണെന്നിരിക്കട്ടെ. അതിൽ തുടക്കത്തിൽ ഞാൻ പത്തു പൈസ പോലും പ്രതിഫലമായി വാങ്ങില്ല. മുടക്കിയ തുക നിർമാതാവിന് തിരിച്ച് കിട്ടിക്കഴിഞ്ഞാൽ പിന്നെ വരുന്നത് ലാഭമാണ്.

റിലീസിനു ശേഷം ചിത്രം ലാഭമുണ്ടാക്കിത്തുടങ്ങുമ്പോൾ ആദ്യം മാർക്കറ്റിങ്ങിനായി മുടക്കിയ തുകയുടെ അക്കൗണ്ടിലേക്കാണ് പണം ചെല്ലുക. അതിനു ശേഷമാണ് എന്റെ പ്രതിഫലം ഞാൻ വാങ്ങിത്തുടങ്ങുന്നത്.

എനിക്കെല്ലായ്പോഴും 300 കോടി രൂപയുടെ സിനിമ ചെയ്യണമെന്ന് നിർബന്ധമില്ല. ഞാൻ പ്രതീക്ഷിക്കുന്ന പോലെ തന്നെ ആ സിനിമ വരണം, കണ്ടിരിക്കുന്നവർ അത് ആസ്വദിക്കണം, പണം മുടക്കുന്നവർക്കു നഷ്ടവും വരരുത്. ഈ മൂന്നുകാര്യങ്ങളും ഒത്തുചേർന്നാൽ എന്നെ സംബന്ധിച്ചിടത്തോളം പ്രോജെക്ട് വിജയിച്ചു എന്നർത്ഥം.

Related Articles

Next Story

Videos

Share it