സൽമാന്റേതുപോലെ 500 കോടിയുടെ ബിസിനസ് ചെയ്യാൻ നായികമാരുടെ സിനിമകൾക്ക് കഴിയില്ല: കജോൾ 

നടിമാർ മുഖ്യവേഷത്തിലെത്തുന്ന സിനിമകൾക്ക് സൽമാൻ ഖാന്റെ സിനിമകളെപോലെ 500 കോടി രൂപയുടെ ബിസിനസ് ചെയ്യാൻ സാധിക്കില്ലെന്ന് ബോളിവുഡ് താരം കജോൾ. പ്രതിഫലത്തിന്റെ കാര്യത്തിൽ നിലനിൽക്കുന്ന സ്ത്രീ-പുരുഷ വിവേചനത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അവർ.

"പ്രതിഫലത്തിൽ വിവേചനം ഉണ്ട്. ഒരു പരിധിവരെ അത് ലിംഗ സമത്വവുമായി ബന്ധപ്പെട്ടതാണ്. എന്നാൽ പ്രതിഫലം പ്രധാനമായും ബോക്സ് ഓഫീസ് കളക്ഷനുമായി ബന്ധപ്പെട്ടതാണ്. സല്‍മാന്‍ഖാന്‍ ചിത്രങ്ങളുടെ പോലെ 500 കോടിയുടെ ബിസിനസ് ഒരു നടിയുടെ സിനിമക്ക് ലഭിക്കില്ല. നടിമാര്‍ സിനിമയുടെ വിജയത്തിന് അവിഭാജ്യ ഘടകം തന്നെയാണ്; പക്ഷേ എന്തൊക്കെ പറഞ്ഞാലും സിനിമ ഒരു ബിസിനസ് ആണ്." ഹെലികോപ്റ്റര്‍ ഈല എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുമ്പോഴാണ് കജോള്‍ ഈയൊരു അഭിപ്രായം തുറന്നു പറഞ്ഞത്.

എന്നാൽ അടുത്തിടെ സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളോട് പ്രേക്ഷകര്‍ കൂടുതല്‍ സ്വീകാര്യത പ്രകടിപ്പിക്കുന്നുണ്ടെന്നും കജോള്‍ പറഞ്ഞു. കഹാനി, റാസി എന്നീ ചിത്രങ്ങളുടെ വിജയം ഇതിനുദാഹരണമാണെന്ന് അവർ ചൂണ്ടിക്കാട്ടി.

പ്രദീപ് സർക്കാർ സംവിധാനം ചെയ്യുന്ന ഹെലികോപ്റ്റര്‍ ഈലയിൽ ഒരു വീട്ടമ്മയുടെ കഥാപാത്രമാണ് കജോൾ അവതരിപ്പിക്കുന്നത്. അജയ് ദേവ്ഗണും ജയന്തിലാൽ ഗാഡയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഒക്ടോബർ 12ന് തീയറ്ററുകളില്‍ എത്തും.

Related Articles
Next Story
Videos
Share it