അഭിനേത്രി, നിർമ്മാതാവ്, പിന്നെ സംരംഭക: അനുഷ്‌ക പറയുന്നു, ഇത് എന്റെ വിജയമന്ത്രം

2008 ഡിസംബർ 12. പരസ്യ മോഡലായി കരിയർ തുടങ്ങിയ അനുഷ്‌ക ശർമ്മയുടെ നിർണായക ദിനമായിരുന്നു അന്ന്. താൻ അഭിനയിച്ച ആദ്യ സിനിമ പുറത്തിറങ്ങുന്ന ദിവസം.

ഏതൊരു നടിയും ആഗ്രഹിക്കുന്ന സ്വപ്‌നതുല്യമായ അരങ്ങേറ്റമായിരുന്നു അനുഷ്‌കയ്ക്ക് ലഭിച്ചത്. ആദ്യ ചിത്രത്തിൽ തന്നെ ബോളിവുഡ് ബാദ്‌ഷയായ ഷാരൂഖ് ഖാന്റെ നായിക. എന്തായാലും 'റബ് നേ ബനാ ദി ജോഡി' എന്ന ആ ചിത്രം തന്റെ ജീവിതം തന്നെ മാറ്റിമറിച്ചെന്നാണ് 10 വർഷം പൂർത്തിയാക്കിയ വേളയിൽ താരം പറഞ്ഞത്.

സിനിമ സൂപ്പർ ഹിറ്റായതോടെ അനുഷ്‌കയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ആ സമയത്ത് അവർക്ക് കൈനിറയെ പ്രോജക്ടുകൾ ആയിരുന്നു. അതുകൊണ്ട് തൃപ്തിപ്പെടാൻ പക്ഷെ അനുഷ്‌ക തയ്യാറല്ലായിരുന്നു. നേരെ സിനിമാ നിർമ്മാണത്തിലേക്ക് കടന്നു. പിന്നീട് 'നുഷ്' എന്ന വസ്ത്ര ലേബൽ ലോഞ്ച് ചെയ്ത് ബിസിനസിലേക്ക്. ഇനിയും പുതിയ അവസരങ്ങൾ തേടാനും അതിനൊപ്പം വളരാനും അനുഷ്‌ക തയ്യാറാണ്.

'ധൈര്യശാലിയുടെ കൂടെ ഭാഗ്യം എപ്പോഴുമുണ്ടാകും'

എങ്ങനെ ഇതെല്ലാം സാധിക്കുന്നുവെന്ന് ചോദിച്ചാൽ അനുഷ്ക പറയും; പരമ്പരാഗത രീതിയിൽ നിന്ന് മാറി സ്വന്തം ഇഷ്ടത്തിനനുസരിച്ച് നടത്തിയ തെരഞ്ഞെടുപ്പുകളാണ് തന്നെ വിജയത്തിലെത്തിച്ചതെന്ന്.

''എനിക്ക് പെട്ടന്നുണ്ടാകുന്ന തോന്നലുകളിൽ നിന്നാണ് ഇത്തരം തെരഞ്ഞെടുപ്പുകൾ ഞാൻ നടത്തുന്നത്. അവയെല്ലാം എനിക്ക് വിജയം സമ്മാനിച്ചിട്ടുമുണ്ട്. ഇത്തരം തെരഞ്ഞെടുപ്പുകളിൽ നിന്ന് തന്നെയാണ് എന്റെ കരിയർ ഞാൻ പടുത്തുയർത്തിയത്. സിനിമാ വ്യവസായത്തിൽ വ്യത്യസ്തമായ ഒരു സ്ഥാനം എനിക്ക് ഉറപ്പിക്കാൻ കഴിഞ്ഞതും ഇതുകൊണ്ടു തന്നെയാണ്," പിടിഐയ്ക്ക് നൽകിയ ഒരഭിമുഖത്തിൽ അനുഷ്‌ക പറഞ്ഞു.

"ഒരു ധൈര്യശാലിയുടെ കൂടെ ഭാഗ്യം എപ്പോഴുമുണ്ടാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു കാര്യം ഏറ്റെടുക്കുമ്പോൾ അതിലുള്ള റിസ്‌ക് അല്ല ആദ്യം ഞാൻ കാണുക. എനിക്ക് സെൻസിബിൾ ആയി തോന്നുന്നതുകൊണ്ടാണ് ഞാൻ അക്കാര്യം ചെയ്യുക."

തന്റെ സിനിമ നിർമ്മാണ കമ്പനിയായ ക്ലീൻ സ്റ്റേറ്റ് ഫിലിംസിന്റെ വിജയത്തെക്കുറിച്ച്: എന്റെ കമ്പനി പ്രൊഡ്യൂസ് ചെയ്യുന്ന ചിത്രങ്ങളിൽ 'കണ്ടന്റ്' ആണ് ഞാൻ ഫോക്കസ് ചെയ്യാറ്. ആ ഫോക്കസ് ആണ് കമ്പനിയെ നയിക്കുന്നത്.

സീറോ എന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് അനുഷ്കയിപ്പോൾ. ആമസോൺ പ്രൈം വീഡിയോക്ക് വേണ്ടി ഒരു സീരീസ് ചെയ്യുന്നുണ്ട്. അടുത്ത പ്രൊജക്റ്റ് നെറ്റ്ഫ്ലിക്സിന് വേണ്ടിയുള്ള സിനിമയാണ്.

Related Articles

Next Story

Videos

Share it