1079 കോടി രൂപയുടെ കരാറില്‍ നിന്നും ഓപ്പോ വഴി മാറുന്നു; ടീം ഇന്ത്യ ജഴ്‌സിയില്‍ ഇനി ബൈജൂസ് ആപ്പ്

ചൈനീസ് മൊബൈല്‍ കമ്പനിയായ ഓപ്പോയ്ക്ക് പകരം ഇനി മലയാളികളുടെ സ്വന്തം ബൈജൂസ് ആപ്പായിരിക്കും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ജേഴ്‌സിയില്‍ ഉണ്ടാകുക. ഓപ്പായില്‍ നിന്ന് 1079 കോടി രൂപയുടെ ടീം ഇന്ത്യ ജഴ്‌സി സ്‌പോണ്‍സര്‍ഷിപ്പ് ആണ് ബൈജൂസ് ആപ്പ് ഏറ്റെടുക്കുന്നത്.

2017 മാര്‍ച്ചില്‍ ആണ് 1079 കോടി രൂപയുടെ ഇന്ത്യന്‍ ടീമിന്റെ ജഴ്‌സി സ്‌പോണ്‍സര്‍ഷിപ്പ് ഓപ്പോ ഏറ്റെടുത്തത്. അഞ്ച് വര്‍ഷത്തേക്കായിരുന്നു കരാര്‍. എന്നാലിത് ഇപ്പോള്‍ ബൈജൂസ് ആപ്പിന് നല്‍കിയിരിക്കുകയാണ്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് സീരീസ് വരെ ഓപ്പോയുടെ കരാര്‍ തുടരും. 2019 സെപ്റ്റംബര്‍ മുതലാകും ബൈജൂസ് ആപ്പ് ജഴ്‌സിയില്‍ എത്തുക.

രണ്ടാഴ്ച മുമ്പാണ് ഇരുവരും പുതിയ കരാറിലെത്തുന്നതെന്നാണ് സൂചന. സെപ്റ്റംബറില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കുമ്പോള്‍ ബൈജൂസ് ആപ്പായിരിക്കും ടീമിനെ സ്‌പോണ്‍സര്‍ ചെയ്യുക. ബംഗലൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബൈജൂസ് ആപ്പിന് കണ്ണൂര്‍കാരനായ ബൈജു രവീന്ദ്രന്‍ ആണ് തുടക്കമിട്ടത്. അത്‌കൊണ്ട് തന്നെ മലയാളി ബ്രാന്‍ഡ് ഇന്ത്യന്‍ ടീം സ്‌പോണ്‍സര്‍ഷിപ്പില്‍ എത്തുന്ന സന്തോഷത്തിലാണ് ക്രിക്കറ്റ് ആരാധകര്‍.

കരാര്‍ തുക തന്നെ ആണ് ബൈജൂസ് ആപ്പ് ബിസിസിഐക്ക് നല്‍കുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. ഫലത്തില്‍ കരാറിലെ ബ്രാന്‍ഡ് മാറുന്നുവെന്നല്ലാതെ മറ്റൊരു മാറ്റവും വരുന്നില്ല. 2022 മാര്‍ച്ച് 31 വരെയായിരിക്കും കരാര്‍. അതായത് വരുന്ന 2020 ലോകകപ്പില്‍ ബൈജൂസ് ആപ്പായിരിക്കും ഇന്ത്യയുടെ പ്രധാന സ്‌പോണ്‍സര്‍മാര്‍.

Related Articles

Next Story

Videos

Share it