ഈ ലോകകപ്പിന് 'സ്റ്റാർ ഇന്ത്യ' എത്ര സ്കോർ ചെയ്യും?  

പണം വാരിയ ഐപിഎൽ സീസണിന് പിന്നാലെ സ്റ്റാർ ഇന്ത്യയ്ക്ക് ഭാഗ്യം കൊണ്ടുവരാൻ ഐസിസി ലോകകപ്പും. വ്യാഴാഴ്ച ലണ്ടനിൽ ആരംഭിക്കുന്ന ലോകകപ്പിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റർ സ്റ്റാർ ഇന്ത്യയാണ്.

ഇപ്പോൾത്തന്നെ ചാനലിന്റെ ലോകകപ്പിനായുള്ള 80 ശതമാനം പരസ്യ ഇൻവെന്ററികളും വിറ്റുകഴിഞ്ഞു. 40-ലധികം കമ്പനികളുമായി കരാറും ഒപ്പിട്ടിട്ടുണ്ട്. ഫോൺ പേ, വൺപ്ലസ്, ഹാവെൽസ്, ആമസോൺ, ഡ്രീം 11, എംആർഎഫ് ടയേഴ്‌സ്, കൊക്കക്കോള, യൂബർ, മോണ്ടെലെസ്, ഓപ്പോ, ഫിലിപ്സ്, സിയറ്റ് ടയേഴ്‌സ്, ഐസിഐസിഐ ലൊംബാർഡ് എന്നിവർ ഇതിലുൾപ്പെടും.

ഏകദേശം 1,200-1,500 കോടി രൂപയോളം ടെലിവിഷൻ പരസ്യത്തിൽ നിന്നും ഹോട്ട്സ്റ്റാർ വഴി 300 കോടി രൂപയും കമ്പനി വരുമാനം പ്രതീക്ഷിക്കുന്നു. 2015 ലോകകപ്പിൽ 700 കോടി രൂപയായിരുന്നു സ്റ്റാർ ഇന്ത്യ നേടിയത്. 2500 കോടി രൂപയുടെ പരസ്യവരുമാനമാണ് ഇത്തവണത്തെ ഐപിഎൽ വഴി നേടിയത്.

നിരവധി കാര്യങ്ങളാണ് ഇത്തവണ സ്റ്റാർ ഇന്ത്യയ്ക്ക് അനുകൂല ഘടകങ്ങളായി പ്രവർത്തിക്കുന്നത്. ഇംഗ്ലണ്ടിലെ മാച്ച് സമയങ്ങൾ ഇന്ത്യയിലെ ടെലിവിഷൻ വാച്ചിങ് സമയവുമായി ഒത്തിണങ്ങുന്നതാണ്.

മാത്രമല്ല, ടീം ഇന്ത്യയുടെ പല മാച്ചുകളും വീക്കെന്റുകളിലായതുകൊണ്ട് പ്രേക്ഷകരുടെ എണ്ണം കൂടുമെന്നാണ് പ്രതീക്ഷ. ക്രിക്കറ്റ് വിപണിയുടെ 90 ശതമാനവും കൈയ്യടക്കുന്നത് ഇന്ത്യയായതുകൊണ്ടാവാം ഐസിസി മാച്ചുകൾ ഇത്തരത്തിൽ ഷെഡ്യൂൾ ചെയ്തതെന്ന് സ്പോർട്സ് നിരീക്ഷകർ പറയുന്നു.

ഇത്തവണ ഹോട്ട്സ്റ്റാർ പുതിയ ഒരു റവന്യൂ സ്ട്രീം കൂടി കണ്ടെത്തിയിട്ടുണ്ട്. ടെലിവിഷൻ-ഡിജിറ്റൽ പ്ലാറ്റ് ഫോമുകളിലേക്കായി bundled ad കരാറുകളാണ് ഹോട്ട്സ്റ്റാർ ഒപ്പിട്ടിരിക്കുന്നത്.

എന്തൊക്കെയായാലും ടീം ഇന്ത്യയുടെ പ്രകടനം പോലെയിരിക്കും സ്റ്റാർ ഇന്ത്യയുടെ ഭാഗ്യവും.

Related Articles
Next Story
Videos
Share it