ഏഷ്യാനെറ്റും ഹോട്ട്സ്റ്റാറും ഇനി ഡിസ്‌നിക്ക് സ്വന്തം

റുപര്‍ട്ട് മര്‍ഡോക്കിന്റെ മാധ്യമ സാമ്രാജ്യം ഇനി വാള്‍ട്ട് ഡിസ്‌നിയ്ക്ക് സ്വന്തം. മര്‍ഡോക്കിന്റെ 'ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്സ്' 71 ബില്യൺ (7100 കോടി) ഡോളറിന് ഏറ്റെടുത്തുകൊണ്ടുള്ള ഡീൽ മാർച്ച് 20നാണ് ഔദ്യോഗികമായി പൂർത്തിയായത്.

ഈ ഡീലോടുകൂടീ ഫോക്സിന്റെ ഉടമസ്ഥതയിലായിരുന്ന സ്റ്റാർ ഇന്ത്യയും വീഡിയോ സ്ട്രീമിംഗ് സേവനമായ ഹോട്ട് സ്റ്റാറും ഡിസ്‌നിയ്ക്ക് സ്വന്തമാകും. സ്റ്റാർ ഇന്ത്യയുടെ ഭാഗമായിരുന്ന ഏഷ്യാനെറ്റും ഇനി ഡിസ്‌നിയുടെ ഉടമസ്ഥതയിലായിരിക്കും.

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാറിന് പ്രാദേശിക ഭാഷകളിൽ നിരവധി സ്പോർട്സ്, വിനോദ ചാനലുകളുമുണ്ട്. ഇവയെല്ലാം ഇനി ഡിസ്‌നിയുടെ ഉടമസ്ഥതയിൽ എത്തും. മലയാളം കൂടാതെ ഹിന്ദി, ബംഗാളി ഭാഷകളിലുള്ള എന്റർടൈൻമെന്റ് ചാനലുകളുൾപ്പെടെ 77 ചാനലുകൾ ഡിസ്‌നിക്ക് ലഭിക്കും. സ്റ്റാർ സ്പോർട്സിനാണ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL) ബ്രോഡ്‍കാസ്റ്റിംഗ് അവകാശം. ഇത്തവണത്തെ ഐപിഎല്ലിൽ 2100 കോടി രൂപയുടെ പരസ്യ വരുമാനമാണ് സ്റ്റാർ പ്രതീക്ഷിക്കുന്നത്.

ഇതുകൂടാതെ ഡിറ്റിഎച്ച് സേവന ദാതാവായ ടാറ്റ സ്കൈ, പ്രൊഡക്ഷൻ കമ്പനിയായ ഇൻഡെമോൾ ഷൈൻ ഇന്ത്യ എന്നിവയും ഡിസ്‌നിക്ക് ലഭിക്കും.

സ്റ്റാർ ഇന്ത്യ കൂടാതെ, ഡിസ്‌നിയുടെ ഉടമസ്ഥതയിൽ വരുന്ന മറ്റ് ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്സ് ബിസിനസുകൾ ഇവയാണ്: നാഷണൽ ജിയോഗ്രഫിക് പാർട്ണർസ്, ട്വന്റിയത്ത് സെഞ്ചുറി ഫോക്സ്, ഫോക്സ് സേർച്ച് ലൈറ്റ് പിക്ചേഴ്സ്, ഫോക്സ് 2000 പിക്ചേഴ്സ്, ഫോക്സ് ഫാമിലി, ഫോക്സ് അനിമേഷൻ, ടെലിവിഷൻ ക്രീയേറ്റീവ് യൂണിറ്റുകൾ, ട്വന്റിയത്ത് സെഞ്ചുറി ഫോക്സ് ടെലിവിഷൻ, എഫ്എക്സ് പ്രൊഡക്ഷൻസ്, ഫോക്സ് 21, എഫ്എക്സ് നെറ്റ്വർക്സ്, ഫോക്സ് നെറ്റ്വർക്സ് ഗ്രൂപ്പ് ഇന്റർനാഷണൽ.

ഡീൽ ഔദ്യോഗികമായതിന് പിന്നാലെ ട്വന്റിയത്ത് സെഞ്ചുറി ഫോക്സിനെ കേന്ദ്രീകരിച്ച് സീനിയർ തലത്തിലുള്ളവരെ പിരിച്ചു വിടാൻ ആരംഭിച്ചിരിക്കുകയാണ് ഡിസ്‌നി. ബ്ലൂംബർഗ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഏറ്റെടുക്കലിന് ശേഷം സ്റ്റാർ ഇന്ത്യയിൽ ഏകദേശം 350 പേരെയെങ്കിലും പിരിച്ചുവിടാനാണ് സാധ്യതയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it