ഡിസ്‌നി പ്ലസ് അടുത്ത വര്‍ഷം ഇന്ത്യയിലും; ഹോട്ട്സ്റ്റാറിലൂടെ

ഡിസ്‌നിയുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് സേവനമായ ഡിസ്‌നി പ്ലസ് (ഡിസ്‌നി +) അടുത്ത വര്‍ഷത്തോടെ ഇന്ത്യയിലും കിട്ടിത്തുടങ്ങും. അമേരിക്ക, കാനഡ, നെതര്‍ലാന്റ്‌സ് എന്നിവിടങ്ങളിലാണ് ഈ സേവനം നിലവില്‍ ലഭ്യമാക്കിയിട്ടുള്ളത്.

ഹോട്ട്സ്റ്റാറിലൂടെയാകും ഡിസ്‌നി പ്ലസ് ഇന്ത്യയില്‍ ലഭിക്കുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ടൂര്‍ണമെന്റിന് ശേഷം 2020 ന്റെ രണ്ടാം പകുതിയില്‍ ഡിസ്‌നി പ്ലസ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് ഹോട്ട്സ്റ്റാര്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു.

നെറ്റ്ഫ്‌ളിക്സ്, പ്രൈം വീഡിയോ തുടങ്ങിയ പ്രമുഖ വീഡിയോ സ്ട്രീമിംഗ് സേവനദാതാക്കളുടെ പുതിയ എതിരാളിയായി അവതരിച്ചിരിക്കുന്ന ഡിസ്നി പ്ലസ് വരിക്കാര്‍ക്ക് നാഷണല്‍ ജ്യോഗ്രാഫിക്, സ്റ്റാര്‍ വാര്‍സ്, മാര്‍വല്‍, പിക്സര്‍, ഡിസ്നി എന്നിവയില്‍നിന്നുള്ള ടിവി ഷോകളിലേക്കും സിനിമകളിലേക്കും ആക്സസ് ചെയ്യുവാനുള്ള അവസരം വാഗ്ദാനം ചെയ്യുന്നുണ്ട്. വരിക്കാര്‍ക്ക് ഇപ്പോള്‍ പ്രതിമാസം വാടകയായി തീരുമാനിച്ചിരിക്കുന്ന നിരക്ക് 6.99 ഡോളറാണ്. ഇത് ഏകദേശം 500 രൂപ വരും.

ഡിസ്‌നി പ്ലസ് പ്രവര്‍ത്തനത്തിന്റെ ആദ്യ ദിവസം തന്നെ 10 ദശലക്ഷത്തിലധികം വരിക്കാര്‍ അതിന്റെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് സേവനത്തിനായി സൈന്‍ അപ്പ് ചെയ്തു. 24 മണിക്കൂറിനുള്ളില്‍ ഡിസ്‌നി + മൊബൈല്‍ ആപ്ലിക്കേഷന്‍ 3.2 ദശലക്ഷം പേരാണ് ഡൗണ്‍ലോഡ് ചെയ്തത്. അടുത്ത ദിവസങ്ങളിലായി ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും 2020 മാര്‍ച്ചില്‍ യുകെ, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്പെയ്ന്‍ എന്നിവിടങ്ങളിലും സേവനം ലഭ്യമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അടുത്ത വര്‍ഷം മേയ് മാസം ഐപിഎല്‍ സീസന്‍ അവസാനിച്ചതിനു ശേഷം മാത്രം ഡിസ്നി പ്ലസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്താല്‍ മതിയെന്ന നിര്‍ദ്ദേശം നേരത്തെ തന്നെയുണ്ടായിരുന്നു. ഇന്ത്യക്കു പുറമേ ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലും ലോഞ്ച് ചെയ്യുമെന്നു കമ്പനി അറിയിച്ചിരുന്നു. ഇന്ത്യയില്‍ ഡിസ്നി പ്ലസിന്റെ പ്രതിമാസ വാടക 590 രൂപ മുതലായിരിക്കും. പ്രതിവര്‍ഷം 5900 രൂപയുടെ പാക്കേജും അവതരിപ്പിക്കുമെന്നു കരുതുന്നുണ്ട്.

ഹോട്ട്സ്റ്റാറിന് 299 രൂപയുടെ പ്രതിമാസ നിരക്കുള്ള പാക്കേജ് ഉണ്ട്. ഇതിനു പുറമേ 999 രൂപയുടെ പ്രതിവര്‍ഷ പാക്കേജും ഉണ്ട്. ഈ വര്‍ഷം ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റും ലോകകപ്പ് മത്സരങ്ങളും നടന്ന സമയത്ത് ഇന്ത്യയില്‍ ഏകദേശം 300 ദശലക്ഷം മാസ വരിക്കാരുണ്ടായിരുന്നെന്നാണു ഹോട്ട്സ്റ്റാര്‍ പറയുന്നത്.

വീഡിയോ സ്ട്രീമിംഗ് രംഗം അഭൂതപൂര്‍വ്വമായ വളര്‍ച്ചയ്ക്കാണു സാക്ഷ്യംവഹിക്കുന്നത്. ഒരു പതിറ്റാണ്ട് മുമ്പ് അമേരിക്കന്‍ കമ്പനിയായ നെറ്റ്ഫ്‌ളിക്സിലൂടെ തുടക്കമിട്ട ബിസിനസ് മാതൃക ഇന്ന് വന്‍കിട കമ്പനികള്‍ പിന്തുടരുന്നു. ആമസോണും, യു ട്യൂബും, ആപ്പിളും മുന്നേറിയ വഴിയില്‍ ഡിസ്നി പ്ലസുമെത്തി. മുന്‍നിര കമ്പനികള്‍ ഈ രംഗത്തേക്ക് പ്രവേശിക്കുമ്പോള്‍ വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ ഉപഭോക്താവിന് ലഭ്യമാകുമെന്ന് കരുതപ്പെടുന്നു.

വീഡിയോ സ്ട്രീമിംഗ് വ്യവസായത്തില്‍ കണ്ടന്റിനായി പ്രതിവര്‍ഷം 100 ബില്യന്‍ ഡോളര്‍ ചെലവഴിക്കപ്പെടുന്നതായാണ് കണക്ക്. ഈ വ്യവസായം വളര്‍ന്നതോടെ, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മീഡിയ - എന്റര്‍ടെയ്ന്‍മെന്റ് ബിസിനസ് മേഖലയില്‍ മൊത്തത്തില്‍, ഏറ്റെടുക്കലുകള്‍ക്കും പ്രോഗ്രാമിംഗിനുമായി കുറഞ്ഞത് 650 ബില്യന്‍ ഡോളര്‍ ഒഴുകിയതായും പറയപ്പെടുന്നു. പുതിയ സാങ്കേതികവിദ്യകളും ആശയങ്ങളും സംഗീതം, ഗെയ്മിംഗ്, ടെലിവിഷന്‍ എന്നീ മേഖലകളെ വലിയ മാറ്റത്തിനു വിധേയമാക്കിയതോടെ എന്റര്‍ടെയ്ന്‍മെന്റ് ബിസിനസ് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it