താരസുന്ദരിക്ക് ചൈനയിൽ 955 കോടി രൂപ പിഴ; പിന്നിൽ യിൻ-യാങ് കരാർ?

മൂന്ന് മാസം മുൻപ് 'കാണാതായ' ചൈനീസ് ചലച്ചിത്ര താരം ഫാൻ ബിങ്ബിങ് നികുതിവെട്ടിപ്പിന് 955 കോടി രൂപ പിഴ (129 മില്യൺ ഡോളർ) അടക്കേണ്ടി വരുമെന്ന് ചൈനീസ് അധികൃതർ.

അയേൺമാൻ, എക്സ് മെൻ തുടങ്ങിയ നിരവധി ഹോളിവുഡ് ചിത്രങ്ങളിൽ ഫാൻ ബിങ്ബിങ് അഭിനയിച്ചിട്ടുണ്ട്. സമയത്തിന് പിഴയടച്ചാൽ ക്രിമിനൽ കുറ്റം ചുമത്തുന്നതിൽ നിന്ന് ഫാനിന് രക്ഷപ്പെടാമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.

ചൈനയിൽ ഏറ്റവും ഉയർന്ന പ്രതിഫലം പറ്റുന്ന താരങ്ങളിൽ ഒരാളാണ് ഫാൻ. സെലിബ്രിറ്റികൾ തങ്ങളുടെ കരാറുകളിൽ വരുമാനം റിപ്പോർട്ട് ചെയ്യുന്നതിനെ സംബന്ധിച്ച ക്രമക്കേടിൽ സർക്കാർ നടത്തിയ അന്വേഷണത്തിലാണ് ഫാനിന്റെ നികുതി വെട്ടിപ്പ് പുറത്തുവന്നത്.

യിൻ-യാങ് കോൺട്രാക്ടുകൾ

ചില താരങ്ങൾ സിനിമ പ്രൊജക്ടുകൾ ഏറ്റെടുക്കുമ്പോൾ രണ്ട് തരത്തിലുള്ള കോൺട്രാക്ടുകൾ നിർമ്മിക്കുന്നു എന്നതാണ് ആക്ഷേപം. യിൻ-യാങ് കോൺട്രാക്ടുകൾ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത്തരത്തിൽ രണ്ട് കോൺട്രാക്ടുകൾ ഉണ്ടാക്കുമ്പോൾ അതിൽ ഒന്നിൽ ശരിയായ പ്രതിഫലവും മറ്റൊന്നിൽ കുറവ് പ്രതിഫലവും കാണിക്കും. ഇതിൽ കുറവുള്ളതാണ് നികുതി വകുപ്പിന് സമർപ്പിക്കുക. ഇത്തരത്തിലുള്ള കോൺട്രാക്ട് നൽകി ഫാൻ നികുതി വെട്ടിച്ചിട്ടുണ്ടെന്നാണ് അന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ.

ജൂലൈ ഒന്നുമുതൽ താരം അപ്രത്യക്ഷയായി. അവർ എവിടെയാണെന്നുള്ളതിനെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും അധികൃതർക്ക് ലഭിച്ചിട്ടില്ല. എന്നാൽ ബുധനാഴ്ച സോഷ്യൽ മീഡിയയിൽ ഫാനിന്റെ ഒരു മാപ്പപേക്ഷ പ്രത്യക്ഷപ്പെട്ടു. താൻ സമയത്തിന് നികുതി അടക്കുമെന്നും അതിനുള്ള ഫണ്ട് കണ്ടെത്തുമെന്നും താൻ ചെയ്ത പ്രവൃത്തിയെപ്പറ്റിയോർത്ത് ദുഖിക്കുന്നുവെന്നും പറഞ്ഞുള്ളതായിരുന്നു അത്.

ചൈനയിലെ ഏറ്റവും സ്വാധീനമുള്ള സെലിബ്രിറ്റികളിൽ ഒരാളായ ഫാൻ കഴിഞ്ഞ വർഷം ഫോർബ്സ് മാഗസിന്റെ ചൈനീസ് അതിസമ്പന്നരുടെ പട്ടികയിൽ ഇടം പിടിച്ചിരുന്നു. 300 മില്യൺ ചൈനീസ് യുവാൻ വരുമാനം ആണ് ഫാൻ കഴിഞ്ഞ വർഷം നേടിയത്.

Related Articles

Next Story

Videos

Share it