ബിഎംഡബ്ല്യുവിന്റെ വൈദ്യുത കാറിന് സ്വരം സൃഷ്ടിക്കുന്നത് ഓസ്കാര്‍ നേടിയ സംഗീതജ്ഞന്
ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു. തങ്ങളുടെ പുതിയ ഇലക്ട്രിക്ക് കാറുകളുടെ ശബ്ദം ഡിസൈന്‍ ചെയ്യാന്‍ തെരഞ്ഞടുത്തിരിക്കുന്നത് 'ജര്‍മ്മനിയിലെ എ ആര് റഹ്മാനെ'. ഓസ്കാര്‍ ജേതാവായ ചലച്ചിത്ര സംഗീത സംവിധായകന് ഹാന്‍സ് സിമ്മറാണ് ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ശബ്ദം നിര്‍മ്മിക്കുകയെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നു.
ഒരു ശബ്ദവും നല്‍കാത്ത ഇലക്ട്രിക് എഞ്ചിനാണ് പുതിയ കാറുകള്ക്കെന്നും അതുകൊണ്ടുതന്നെ തങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് സമഗ്രമായ ശബ്ദാനുഭവങ്ങള്‍ നല്‍കുകയാണ് ലക്ഷ്യമെന്നുമാണ് ബിഎംഡബ്ല്യു ബ്രാന്‍ഡ് മാനേജ്മെന്റ് തലവന്‍ ജെന്‍സ് തീമര്‍ പറയുന്നത്. കമ്പനിയുടെ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ശബ്ദം സൃഷ്ടിക്കുന്ന ചുമതല വിഖ്യാത സംഗീത സംവിധായകനെത്തന്നെ ഏല്‍പ്പിച്ചത് ഈ ആശയത്തിന്റെ ചുവടു പിടിച്ചാണ്.
ബിഎംഡബ്ല്യു എഞ്ചിനുകള്‍ക്ക് സംഗീതമൊരുക്കുമ്പോള്‍ തന്റെ അമ്മയുടെ കാറിന്റെ ശബ്ദ വീചികളാണ് ഓര്‍മ്മകളിലൂടെ മനസില്‍ നിറയുന്നതെന്ന് സിമ്മര്‍ പറയുന്നു. വാഹനം സ്റ്റാര്‍ട്ട് ചെയ്യുമ്പോഴും മുന്നോട്ടു നീങ്ങുമ്പോഴും നിര്‍ത്തുമ്പോഴുമെല്ലാം വേറിട്ട സംഗീത ശകലങ്ങളാവും സിമ്മര്‍ സൃഷ്ടിക്കുക.
ഡെയ്ലി ന്യൂസ് അപ്ഡേറ്റുകള്, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline