ഐപിഎല്‍ ഒരു 'ഇടിവെട്ട്' ബ്രാന്‍ഡായി മാറിയതെങ്ങനെ?

അടി, ഇടി, വെടിയുടെ പൊടിപൂരം. ക്രിക്കറ്റിന്റെ കുഞ്ഞന്‍ ഫോര്‍മാറ്റിന്റെ ഇന്ത്യന്‍ പൂരം കാണുമ്പോള്‍ ആരുമിതൊന്നു പറഞ്ഞുപോകും. സ്‌പോര്‍ട്‌സും ബിസിനസും എന്റര്‍ടെയ്‌മെന്റും ചേരും പടി ചേര്‍ത്തൊരുക്കിയ ഐപിഎല്‍ ഇന്ന് ലോകത്തിലെ ഏറ്റവും വിജയകരമായ സ്‌പോര്‍ട്ടിംഗ് ലീഗാണ്.

പ്രഥമ T20 ലോകകപ്പില്‍ ഇന്ത്യ കപ്പടിച്ചതോടെയാണ് രാജ്യത്തെ T20 ജ്വരം മുതലാക്കാന്‍ പറ്റുന്ന സ്‌പോര്‍ട്‌സ് ലീഗ് അവതരിപ്പിക്കപ്പെട്ടത്. ഇന്ന് രാജ്യത്തെ കായിക മേഖലയിലെ വെട്ടിത്തിളങ്ങുന്ന ബ്രാന്‍ഡാണ് ഐപിഎല്‍.

എന്തൊരു ചേരുവ!

ഐപിഎല്‍ കാര്‍ണിവലിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ ചേരുവ തന്നെയാണ്. അതില്‍ ഗ്ലാമറുണ്ട്. ഗ്ലോബല്‍ ക്രിക്കറ്റ് പ്രതിഭകളുണ്ട്. സാധാരണ ജീവിത സാഹചര്യങ്ങളില്‍ നിന്ന് കഴിവും അധ്വാനവും കൈമുതലാക്കി ഉയര്‍ന്നുവന്നവരുടെ ത്രില്ലടിപ്പിക്കുന്ന വിജയകഥകളുണ്ട്. കോര്‍പ്പറേറ്റ് വമ്പന്മാരുടെ താല്‍പ്പര്യങ്ങളുണ്ട്. എല്ലാത്തിനുമുപരിയായി ചടുലമായൊരു ഫോര്‍മാറ്റുണ്ട്. ഇതെല്ലാം ചേര്‍ന്നപ്പോള്‍ ഉഗ്രന്‍ ബ്രാന്‍ഡായി ഐപിഎല്‍ മാറി.

IPL Net worth

ബ്രാന്‍ഡ് വളര്‍ന്നതെങ്ങനെ?

ബ്രാന്‍ഡ് ഐപിഎല്‍ ജ്വരം പോലെ പടര്‍ന്നുകയറിയതില്‍ സോഷ്യല്‍ മീഡിയ ചെറുതല്ലാത്ത പങ്കാണ് വഹിച്ചിരിക്കുന്നത്. ഫേസ്ബുക്ക്, ട്വിറ്റല്‍, ഹോട്ട് സ്റ്റാര്‍ എന്നിവ ബ്രാന്‍ഡിന്റെ വളര്‍ച്ചയ്ക്ക് വളമിട്ടു. ട്വിറ്റര്‍ 4.9 മില്യണ്‍ ഫോളോവേഴ്‌സാണ് ഐപിഎല്ലിനുള്ളത്.

ഇക്കാലത്തിനിടെ ഐപിഎല്ലുമായി സഹകരിച്ചിരിക്കുന്നത് 100ലേറെ ബ്രാന്‍ഡുകളാണ്. ഇതില്‍ പലതും വര്‍ഷങ്ങളായി പങ്കാളിത്തം തുടരുന്നുണ്ട്.

2017ല്‍ സ്റ്റാര്‍ ഇന്ത്യ 2.55 ബില്യണ്‍ യു എസ് ഡോളറിനാണ് ഐപിഎല്ലിന്റെ അഞ്ചുവര്‍ഷത്തേക്കുള്ള ഗ്ലോബല്‍ മീഡിയ റൈറ്റ്‌സ് വാങ്ങിയത്. 2018ല്‍ സ്റ്റാര്‍ ഇന്ത്യ ഐപിഎല്‍ വഴിയുണ്ടാക്കിയ പരസ്യ വരുമാനം 2000 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. 2017ല്‍ സോണി നേടിയത് 1,300 കോടി രൂപയും.

Related Articles
Next Story
Videos
Share it