താരപുത്രനല്ല, സിനിമയിൽ പിടിപാടില്ല; രൺവീർ വിജയം കയ്യെത്തിപ്പിടിച്ചത് ഇങ്ങനെ!

ആദ്യ സിനിമ തന്നെ സൂപ്പർ ഹിറ്റ്! ബോളിവുഡിൽ വളരെ ചുരുക്കം നടന്മാർക്കു മാത്രം ലഭിക്കുന്ന സൗഭാഗ്യമാണത്. 2010-ൽ ബാൻഡ് ബാജാ ബാരാത്ത് എന്ന തന്റെ ആദ്യ സിനിമ റിലീസായതിൽ പിന്നെ രൺവീർ സിംഗിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നതാണ് സത്യം.

പതിനഞ്ചാം വയസുമുതൽ സിനിമയോടുള്ള പ്രണയം മനസിൽ കൊണ്ടുനടന്ന ചെറുപ്പക്കാരൻ ബോളിവുഡിലെ തിളങ്ങുന്ന താരമായി മാറിയതിനു പിന്നിൽ വർഷങ്ങളുടെ അധ്വാനത്തിന്റെ കഥയുണ്ട്.

എങ്ങിനെയാണ് താൻ ആ സ്വപ്നം യാഥാർത്ഥ്യമാക്കി മാറ്റിയതെന്ന് രൺവീർ തന്നെ ഒരഭിമുഖത്തിൽ പറയുന്നുണ്ട്.

ബോളിവുഡിൽ ഒരു നടനാകണമെങ്കിൽ ഒന്നുകിൽ ഒരു താരപുത്രനോ പുത്രിയോ ആയിരിക്കണം അല്ലെങ്കിൽ ഒരു നിർമാതാവിന്റെയോ സംവിധായകന്റേയോ മകനോ മകളോ ആയിരിക്കണം.

"ഇതൊന്നുമില്ലാതിരുന്ന എനിക്ക് ഹിന്ദി ഫിലിം ഇൻഡസ്ട്രിയിൽ കയറിപ്പറ്റുക എന്നത് വിദൂരമായ സാധ്യതപോലും ഇല്ലാത്ത ഒരു കാര്യമായിരുന്നു," രൺവീർ പറയുന്നു.

അതുകൊണ്ട് അഡ്വെർടൈസിംഗ് ഏജൻസികളിൽ കോപ്പി റൈറ്ററായി ജോലി നോക്കി. കുറച്ചുകാലം യുഎസിൽ പഠിക്കാൻ പോയ കാലത്ത് ആകസ്മികമായി ഒരു ആക്റ്റിംഗ് ഗ്രൂപ്പിൽ ചേർന്നു. തന്റെ ഒരു ചെറിയ ഏകാഭിനയം അന്ന് വളരെ പ്രശംസനേടിയെന്ന് രൺവീർ ഓർക്കുന്നു. അന്നാണ് തന്റെ ഭാവി ആക്റ്റിംഗിലാണെന്ന് രൺവീർ ഉറപ്പിച്ചതും.

കോഴ്സ് മുഴുവനാക്കി ഇന്ത്യയിൽ തിരിച്ചെത്തിയ രൺവീർ സിനിമയിൽ കയറിപ്പറ്റാനായുള്ള ശ്രമങ്ങൾ ആരംഭിച്ചു. പല തീയറ്റർ ഗ്രൂപ്പുകളിലും ചേരാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പകരം അവിടെ ചെയ്യാൻ സാധിച്ച എല്ലാ ജോലികളും ചെയ്തു, അഭിനയം ഒഴികെ!

പലരുടെയും ഫോണിൽ നിന്ന് നിർമാതാക്കളുടെ നമ്പറുകൾ കട്ടെടുത്തിട്ടുണ്ടെന്നും രൺവീർ പറയുന്നു. മണിക്കൂറുകളോളം അവരെ കാണാനായി കാത്തിരുന്നിട്ടുണ്ട്. പലരിൽ നിന്നും തിരസ്കരണങ്ങളും അപമാനവും നേരിടേണ്ടിവന്നു.

ഒരിക്കലും നടക്കാത്ത ഒരു സ്വപ്നമായി ഇതു മാറുമെന്ന് വിചാരിച്ചിരിക്കെയാണ് ബാൻഡ് ബാജാ ബാരാത്തിനായുള്ള ഓഡിഷന് വിളി വന്നത്. ഓഡിഷന് സെലക്ഷൻ കിട്ടി. "സിനിമ വെള്ളിയാഴ്ച ഇറങ്ങി. തിങ്കളാഴ്ചയായപ്പോഴേക്കും ഞാൻ ഒരു സ്റ്റാർ ആയി മാറിയിരുന്നു," രൺവീർ ഓർക്കുന്നു.

ലക്ഷ്യത്തെ വിടാതെ പിന്തുടർന്നതാണ് തന്നെ വിജയത്തിലെത്തിച്ചതെന്ന് രൺവീർ പറയുന്നു. കൂടാതെ സ്വന്തം കഴിവിലുള്ള വിശ്വാസവും. "എനിക്ക് അഭിനയിക്കാനുള്ള കഴിവുണ്ടെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു," അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

ഇന്ന് ബോളിവുഡിലെ മുൻനിര നടൻമാരിൽ ഒരാളാണ് രൺവീർ. കൈനിറയെ പ്രൊജക്ടുകളും. തൊട്ടതെല്ലാം പൊന്നാക്കിയെന്ന് പറയുന്ന പോലെ അഭിനയിച്ച പടങ്ങളെല്ലാം ഹിറ്റ്. ഇനിയും മുന്നോട്ട് പോകാനുണ്ടെന്ന് പറയുമ്പോഴും പഴയ ആ 15 കാരൻ പയ്യന്റെ അതേ ആവേശമാണ് രൺവീറിന് ഇപ്പോഴും സിനിമയോട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it