സ്‌പോട്ടിഫൈ! അതാ ജിയോ സാവൻ: അടുത്ത അങ്കം മ്യൂസിക് സ്ട്രീമിംഗ് രംഗത്ത്
സ്വീഡനിലെ പ്രമുഖ മ്യൂസിക് സ്ട്രീമിംഗ് കമ്പനിയായ സ്പോട്ടിഫൈ ഇന്ത്യയിലേക്ക് എത്തുന്നെന്ന വാർത്തക്ക് തൊട്ടു പിന്നാലെ പ്രമുഖ മ്യൂസിക് ആപ്പുകളായ സാവനും ജിയോ മ്യൂസിക്കും ചേർന്ന് ഒരു വമ്പൻ പ്ലാറ്റ് ഫോം ഒരുക്കിയിരിക്കുന്നു - ജിയോ സാവൻ. ഇന്ത്യയിൽ ഉറങ്ങിക്കിടന്നിരുന്ന മ്യൂസിക് സ്ട്രീമിംഗ് വ്യവസായത്തിൽ പുതിയ ഡിസ്‌റപ്ഷനുള്ള ഒരു തുടക്കമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പ്രമുഖ മ്യൂസിക് ലേബലായ ടി-സീരീസുമായി ചേർന്നാണ് സ്‌പോട്ടിഫൈ ഇന്ത്യയിലേക്ക് കടക്കുന്നത്. സ്പോട്ടിഫൈക്ക് നിലവിൽ 65 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്.
അമേരിക്കയിൽ അവർ വാങ്ങുന്നത് ആപ്പിൾ മ്യൂസിക്കിന് തുല്യമായ വരിസംഖ്യയാണ്. അതായത് 9.99 ഡോളർ (700 രൂപയ്ക്ക് മുകളിൽ). എന്നാൽ ഇന്ത്യയിൽ ആ പദ്ധതി നടപ്പില്ല. സൗജന്യമാണെങ്കിൽ അൽപം പരസ്യമൊക്കെ സഹിക്കാം എന്ന നിലപാടുകാരാണ് നമ്മൾ. അതുകൊണ്ടുതന്നെ പാക്കേജിൽ ചില മാറ്റങ്ങൾ ഒക്കെ വരുത്തിയായിരിക്കും ഇന്ത്യയിലേക്കെത്തുക.
അതിനിടെ ഓഫറുകളുടെ തലതൊട്ടപ്പനായ ജിയോ ഉടൻ രംഗത്തെത്തി. സാവനും ജിയോ മ്യൂസിക്കും ലയിച്ച് ജിയോ സാവൻ എന്ന പേരിൽ സേവനം ആരംഭിച്ചിരിക്കുകയാണ്. ഇത് ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മ്യൂസിക് സ്ട്രീമിംഗ് സേവനമാണെന്നാണ് റിലയൻസ് അവകാശപ്പെടുന്നത്. ജിയോ വരിക്കാർക്ക് 90 ദിവസത്തെ ഫ്രീ-ട്രയലുമായാണ് ആപ്പ് അവതരിപ്പിച്ചത്.
പ്രീമിയം സേവനം നൽകി ശീലമുള്ള സ്‌പോട്ടിഫൈക്ക് ഇന്ത്യയിൽ അൽപം വിയർക്കേണ്ടി വരുമെന്നർത്ഥം.
സ്‌ട്രീമിങ് സംഗീതവുമായി ഇന്ത്യയിൽ ആദ്യമെത്തിയത് ആപ്പിൾ മ്യൂസിക്ക് ആയിരുന്നു. പിന്നാലെ ഗൂഗിൾ പ്ളേ. 2018 ഫെബ്രുവരിയിൽ ആമസോൺ മ്യൂസിക്കും എത്തി. ഐഡിയ, എയർടെൽ പോലെയുള്ള മൊബൈൽ സേവനദാതാക്കളും ഗാന തുടങ്ങിയവരും സ്‌ട്രീമിങ് സംഗീതം നൽകുന്നുണ്ട്.
ഉയർന്ന വരിസംഖ്യയും ഇന്ത്യൻ ഭാഷകളിലുമുള്ള പാട്ടുകളുടെ കുറവും മൂലം വിദേശ മ്യൂസിക് സ്ട്രീമിംഗ് കമ്പനികൾ പലതും ഇന്ത്യയിൽ പരാജയം മണത്തിട്ടുണ്ട്. എന്നിരുന്നാലും പുതിയ അങ്കത്തട്ടിൽ വൻ ഡിസ്‌റപ്‌ഷനുകൾ വിപണി പ്രതീക്ഷിക്കുന്നുണ്ട്.