ഡേവ് വാട്മോർ: അടവുകളുടെ ആശാൻ

ലോകക്രിക്കറ്റിൽ ഒന്നുമല്ലാതിരുന്ന ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകളുടെ തലേവര മാറ്റിയെഴുതിയ ആശാനാണ് ഓസ്ട്രേലിയക്കാരനായ ഡേവ് വാട്മോർ. രണ്ടുവർഷമായി അദ്ദേഹം കേരള ക്രിക്കറ്റ് ടീമിന്റെ കൊച്ചാണ്.

ചരിത്രത്തില്‍ ആദ്യമായി കേരളം രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമിഫൈനലില്‍ എത്തിയത് വാട്മോറിന്റെ തന്ത്രങ്ങൾ ഫലം കണ്ടു തുടങ്ങിയെന്നതിന്റെ സൂചനയാണ്.

2017ലെ ചാമ്പ്യന്മാരായ ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പ്പിച്ചാണ് കേരളം ചരിത്രം കുറിച്ചത്. കഴിഞ്ഞ വര്‍ഷം വിദര്‍ഭയോട് ക്വാര്‍ട്ടറില്‍ തോല്‍ക്കാനായിരുന്നു ടീമിന്റെ വിധി. എന്നാൽ ടീം ഇന്ന് കൂടുതൽ കരുത്തരായിരിക്കുന്നു. ഇതിൽ വാട്മോറിന്റെ പങ്ക് വളരെ വലുതാണ്. ടീമംഗങ്ങളുടെ കഴിവിനെ കൂടുതൽ മെച്ചപ്പെടുത്താൻ അദ്ദേഹം അവലംബിച്ച രീതികൾ എല്ലാവർക്കും പകർത്താവുന്നതാണ്.

തുറന്ന ചർച്ച: ടീമംഗങ്ങളോട് കാര്യങ്ങൾ തുറന്ന് ചർച്ച ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ രീതി. ഓരോരുത്തരും ഏതൊക്കെ റോളുകൾ കൈകാര്യം ചെയ്യണമെന്ന നിർദേശം കൃത്യമായി അദ്ദേഹം നൽകും.

എതിരാളികളെ അറിയുക: എതിരാളികളുടെ കരുത്തും ദൗർബല്യങ്ങളും ഒന്നുപോലും വിടാതെ വാട്മോർ പഠിക്കും. അത് ടീമിന് പറഞ്ഞു കൊടുക്കും. കളിക്കളത്തിലേക്കിറങ്ങുമ്പോഴേക്കും എതിരാളികളുടെ അടുത്ത നീക്കമെന്തെന്ന് മനസിലാക്കാൻ ഓരോ കളിക്കാരനും പഠിച്ചിരിക്കും.

ടെക്നോളജിയുടെ ഉപയോഗം: ടീമിന്റെ മികവിന് സാങ്കേതിക വിദ്യകളുടെ സഹായം തേടുമായിരുന്നു അദ്ദേഹം. ഉദാഹരണത്തിന് ടീമിലെ അംഗങ്ങളെ തീരുമാനിക്കുന്നതിന് മുൻപ് ഓരോരുത്തരേയും നിരവധി ഫിറ്റ്നസ് ടെസ്റ്റുകൾക്ക് വിധേയനാക്കും. ഇതിന്റെ റിസൾട്ടുകൾ ബയോമെക്കാനിക്സ് ഉപയോഗിച്ച് വിശകലം ചെയ്യും.

സൗഹൃദം, പിന്തുണ: ടീമിലുള്ളവരോട് വളരെ അടുത്ത ബന്ധമാണ് അദ്ദേഹം പുലർത്തുന്നത്. എപ്പോൾ വേണമെങ്കിലും തന്നെ സമീപിക്കാനുള്ള സ്വാതന്ത്യം അദ്ദേഹം കളിക്കാർക്ക് നൽകിയിട്ടുണ്ട്.

പോസിറ്റീവ് അന്തരീക്ഷം: മികച്ച റിസൾട്ട് വേണമെങ്കിൽ കളിക്കാർ നല്ല ഊര്‍ജ്ജസ്വലമായ മനസികാവസ്ഥയിലായിരിക്കണം. അതിനായി കളി തുടങ്ങുന്നതിന് മുൻപായി ഉല്ലാസകരമായ ഒരന്തരീക്ഷം സൃഷ്ടിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

സൂക്ഷ്മ നിരീക്ഷണം: ഓരോ കളിക്കാരേയും സൂക്ഷ്മമായി വിശകലം ചെയ്യും. ഓരോ മാച്ച് അവസാനിക്കുമ്പോഴും ഓരോ പ്ലെയേഴ്‌സിനും ഒരു റിപ്പോർട്ട് കാർഡ് കിട്ടും. അതിൽ അവരുടെ അന്നത്തെ സ്കോർ, അടിച്ച സിക്‌സുകൾ, ഫോറുകൾ, കളിച്ച രീതി, സ്ട്രൈക്ക് റേറ്റ് തുടങ്ങിയ വിവരങ്ങൾക്കൊപ്പം കോച്ചിന്റെ നിരീക്ഷണവും ഉണ്ടാകും. ടീമിലുള്ള യുവതാരങ്ങളുടെ കഴിവുകൾ രാകിമിനുക്കിയെടുത്തത് ഇത്തരത്തിലാണ്.

Related Articles

Next Story

Videos

Share it