ലോകകപ്പിന് 'വേണ്ടാത്ത' ഒരു റെക്കോർഡ് നേടിക്കൊടുത്ത് മഴ

ലണ്ടൻ ലോകകപ്പ് ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. ഒരു ടൂർണമെന്റും നേടാൻ ആഗ്രഹിക്കാത്ത റെക്കോർഡ്!

ലോകകപ്പ് ചരിത്രത്തിൽ ഏറ്റവുമധികം മാച്ചുകൾ വേണ്ടെന്നു വെച്ച ടൂർണമെന്റാണ് ലണ്ടനിലേത്. ഇതുവരെ മഴമൂലം മൂന്ന് കളികളാണ് റദ്ദാക്കപ്പെട്ടത്. അടുത്തമാസം വരെ നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ ഇനി 32 മാച്ചുകൾ കൂടി ബാക്കിയുണ്ട്.

മഴ മൂലം 1992, 2003 ലോകകപ്പുകളിൽ രണ്ടു മത്സരങ്ങൾ വീതം നഷ്ടമായിരുന്നു. ലോകകപ്പ് ടൈമിംഗ് സംബന്ധിച്ച് കനത്ത പ്രതിഷേധമാണ് ഐസിസിക്കെതിരെ നടക്കുന്നത്.

അതേസമയം അപ്രതീക്ഷിതമായാണ് ഈ മാസം കനത്ത മഴ പെയ്യുന്നതെന്നാണ് ഐസിസിയുടെ വിശദീകരണം. സാധാരണഗതിയിൽ അവിടത്തെ വരണ്ട മാസങ്ങളിലൊന്നാണ് ജൂൺ.

റിസർവ് ദിനങ്ങൾ ഇല്ലാത്തതെന്തുകൊണ്ട്?

ഗ്രൂപ്പ് മാച്ചുകൾക്ക് റിസർവ് ദിനങ്ങൾ ഏർപ്പെടുത്തുക കഴിഞ്ഞ ലോകകപ്പുകളിൽ സാധാരണയായിരുന്നു. എന്നാൽ ഇത്തവണ സെമി, ഫൈനൽ മത്സരങ്ങൾക്കു മാത്രമാണ് റിസർവ് ദിനങ്ങളുള്ളത്.

എന്തുകൊണ്ടാണ് റിസർവ് ദിനങ്ങൾ ഇല്ലാതിരുന്നതെന്ന ചോദ്യത്തിന് ഐസിസി സിഇഒ ഡേവിഡ് റിച്ചാർഡ്സൺന്റെ മറുപടി ഇങ്ങനെ: "ഓരോ മാച്ചുകൾക്കും റിസർവ് ദിനങ്ങൾ ഉൾപ്പെടുത്തിയാൽ ടൂർണമെന്റ് വളരേയറെ നീളും. കാര്യങ്ങൾ കൂടുതൽ സങ്കീർണമാകും. പിച്ച് തയാറാക്കൽ മുതൽ ആരാധകരുടെയും സംഘാടകരുടെയും ടീമുകളുടെയും യാത്ര വരെയുള്ള കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടേറിയതാകും. റിസർവ് ദിനങ്ങളിൽ മഴ പെയ്യില്ലെന്ന് ഉറപ്പൊന്നുമില്ലല്ലോ."

ഏതായാലും ഐസിസിക്കെതിരെ നിരവധി വിമർശനങ്ങളാണ് പരിശീലകരുടേയും ആരാധകരുടെയും മറ്റും ഭാഗത്തുനിന്നും ഉയരുന്നത്. മനുഷ്യൻ ചന്ദ്രനിൽ പോകുന്ന കാലത്തും ലോകകപ്പ് മത്സരങ്ങൾക്ക് റിസർവ് ദിനങ്ങളില്ലാത്തത് എന്തുകൊണ്ടാണെന്നാണ് ബംഗ്ലദേശ് കോച്ച് സ്റ്റീവ് റോഡ്സ് ചോദിച്ചത്.

Related Articles

Next Story

Videos

Share it