ഈസ്റ്റര്‍ വിഷു റീലസുകളെല്ലാം മുടങ്ങി; മലയാളസിനിമ തീരാ നഷ്ടത്തില്‍

കൊറോണ വൈറസിന്റെ സമൂഹ വ്യാപനഭീതി ഉടലെടുത്തപ്പോള്‍ മുതല്‍ പൊതു സ്ഥലങ്ങളിലേക്കുള്ള ജനങ്ങളുടെ ഒഴുക്കും നിന്നു. രാജ്യത്ത് ലോക്ഡൗണ്‍ കൂടെ പ്രഖ്യാപിച്ചതോടെ സിനിമ തിയേറ്ററുകളും മാളുകളും റസ്‌റ്റോറന്റുകളുമെല്ലാം അടഞ്ഞു കിടക്കുകയാണ്. പെട്ടെന്നുള്ള ചെറുത്തു നില്‍പ്പെന്നോണം പല മേഖലകളും സ്തംഭിപ്പിച്ചെങ്കിലും ചെറിയ ഒരു കാലഘട്ടത്തിലേക്ക് കോടികള്‍ മുതല്‍ മുടക്കിയ മേഖലകള്‍ നിലയില്ലാ കയത്തില്‍ വീണ അവസ്ഥയിലായി. അതിലൊന്നാണ് സിനിമാ മേഖലയും.

കൊവിഡ് കാരണം ഷൂട്ടിംഗുകള്‍ നിര്‍ത്തി വെച്ചതോടെ കോടികളാണ് മലയാള സിനിമയ്ക്ക് നഷ്ടം എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നൂറ് കോടി ചെലവില്‍ നിര്‍മ്മിച്ച മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍ - അറബിക്കടലിന്റെ സിംഹം മുതല്‍ തുടര്‍ന്നു റിലീസാകേണ്ട ചിത്രങ്ങളെല്ലാ പെട്ടിയിലാണ്്. കൊവിഡ് പ്രതിസന്ധിയൊഴിഞ്ഞ് സിനിമകള്‍ എന്ന് തിയറ്ററുകളില്‍ എത്തുമെന്ന് പറയാനാകാത്ത അവസ്ഥയാണെന്നും ആയിരക്കണക്കിനു പേരുടെ തൊഴിലിന് തന്നെ ഭീഷണിയാകുന്ന സാഹചര്യമാണിതെന്നും വിവിധ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ധനം ഓണ്‍ലൈനോട് വ്യക്തമാക്കി.

അവധിക്കാല റിലീസുകളും ഉത്സവ കാലവും ഇല്ലാതെയായതാണ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. വിഷു, ഈസ്റ്റര്‍ റിലീസുകള്‍ മുടങ്ങിയത് കൊണ്ട് മാത്രം മലയാള സിനിമയ്ക്കുളള നഷ്ടം 300 കോടി വരും എന്നാണ് ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഷൈലോക്ക് എന്ന മമ്മൂട്ടി ചിത്രമുള്‍പ്പെടെ ലോക്ക് ഡൗണ്‍ കാരണം ഓടിക്കൊണ്ടിരുന്ന ചിത്രങ്ങള്‍ പലതും പിന്‍വലിക്കേണ്ടി വന്നിട്ടുണ്ട്. ചിത്രീകരണം പകുതിക്ക് വെച്ച് നിര്‍ത്തേണ്ടി വന്നിട്ടുളള ചിത്രങ്ങളുണ്ട്.

ചിത്രീകരണം കഴിഞ്ഞ് റിലീസിന് ഒരുങ്ങിയിരിക്കുന്ന സിനിമകളുമുണ്ട്. 9 ചിത്രങ്ങളാണ് റിലീസ് ചെയ്യാനാകാതെ പെട്ടിയിലിരിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലിരിക്കുന്ന ചിത്രങ്ങളുടെ എണ്ണം 26 ആണ്. ഷൂട്ടിംഗ് പാതിവഴിയില്‍ മുടങ്ങിപ്പോയിരിക്കുന്നത് ഇരുപത് ചിത്രങ്ങളുടേതാണ്.
ഇവയുടെ നഷ്ടം കൂടെ കണക്കാക്കിയാല്‍ അത് 600 കോടിക്കും മുകളില്‍ വരും എന്നാണ് വിലയിരുത്തപ്പെടുന്നത്.

മരക്കാറും കുറുപ്പും

മലയാള സിനിമാ പ്രേക്ഷകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരയ്ക്കാര്‍-അറബിക്കടലിന്റെ സിംഹം വിഷു-ഈസ്റ്റര്‍ സീസണില്‍ റിലീസ് ചെയ്യാനിരുന്നതാണ്. നൂറ് കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ചതാണീ ചിത്രം. ഫഹദ് ഫാസിലിന്റെ മാലിക്, സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ്, മമ്മൂട്ടിയുടെ വണ്‍ പോലുളള സിനിമകളും പ്രതിസന്ധിയിലായ ചിത്രങ്ങളുടെ കൂട്ടത്തിലുണ്ട്.

ഈ സിനിമകള്‍ രാജ്യാന്തര സിനിമാ മാര്‍ക്കറ്റിനെ കൂടി ലക്ഷ്യം വെച്ച് നിര്‍മ്മിച്ചവയാണ് എന്നിരിക്കെ നഷ്ടം വളരെ വലുതാണ്. ലോക് ഡൗണ്‍ പിന്‍വലിച്ചാല്‍ തന്നെയും സിനിമാ വ്യവസായം സാധാരണ നിലയിലേക്ക് തിരികെ എത്തണമെങ്കില്‍ 2021 എങ്കിലുമാകുമെന്നാണ് കരുതുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles

Next Story

Videos

Share it