ബോക്‌സോഫീസില്‍ 'തകര്‍ന്നടിഞ്ഞ്' മള്‍ട്ടിപ്ലെക്‌സുകള്‍

കോറോണയെ തുടര്‍ന്ന് സിനിമാതിയ്യേറ്ററുകള്‍ അടച്ചതും കോടികള്‍ ചെലവിട്ട് നിര്‍മിച്ച ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ റിലീസിംഗ് അനിശ്ചിതമായി നീളുന്നതും രാജ്യത്തെ മള്‍ട്ടിപ്ലെക്‌സ് ബ്രാന്‍ഡുകളെ നഷ്ടത്തിലേക്ക് തള്ളിയിട്ടിരിക്കുന്നു. രാജ്യത്തെ പ്രമുഖ മള്‍ട്ടിപ്ലെക്‌സ് വമ്പന്മാരായ പിവിആര്‍, ഐനോക്‌സ് എന്നിവയുടെ ഓഹരി വിലയിലും കാര്യമായ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

വൈറസ് ബാധ നിയന്ത്രണത്തിലാകും വരെ പണം വാരിയെറിഞ്ഞ് നിര്‍മിച്ച വലിയ ചിത്രങ്ങളുടെ റിലീസ് നീണ്ടുപോകാന്‍ തന്നെയാണിട. ജനങ്ങളുടെ ഭീതി മാറി അവര്‍ തിയേറ്ററുകളില്‍ എത്താതെ ഇത്തരം ചിത്രങ്ങളുടെ നിര്‍മാണ ചെലവ് തിരിച്ചുപിടിക്കാനാകില്ല. മള്‍ട്ടിപ്ലെക്‌സുകളെ സംബന്ധിച്ചിടത്തോളം അവയുടെ വരുമാനത്തിന്റെ 55 - 57 ശതമാനം ബോക്‌സോഫീസ് കളക്ഷനില്‍ നിന്നാണ്. വരുമാനത്തിന്റെ 26 - 27 ശതമാനം ഭക്ഷണ പാനീയ വിതരണത്തില്‍ നിന്നും 10-12 ശതമാനം പരസ്യങ്ങളില്‍ നിന്നുമാണ് ലഭിക്കുന്നത്.

തമിഴ്, തെലുങ്ക് എന്നീ ഭാഷങ്ങളില്‍ നിന്ന് പണം വാരി ചിത്രങ്ങള്‍ അധികം ഇല്ലാതിരുന്നതും പൊതുവേ സാമ്പത്തിക രംഗത്തുണ്ടായ തളര്‍ച്ചയും മൂലം ഡിസംബറില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ മള്‍ട്ടിപ്ലെക്‌സ് സ്റ്റോക്കുകളുടെ പ്രകടനം അത്ര മെച്ചമായിരുന്നില്ല. കോറോണ കൂടി വന്നതോടെ അടുത്ത പാദത്തിലും പ്രകടനം കുറേക്കൂടി മോശമാകും. മള്‍ട്ടിപ്ലെക്‌സ് രംഗത്തെ വിപണി നായകരായ പിവിആറിന് ഡിസംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് വരുമാനത്തില്‍ വെറും എട്ടുശതമാനം വര്‍ധന മാത്രമാണുണ്ടായത്. മള്‍ട്ടിപ്ലെക്‌സിലേക്കുള്ള ആളുകളുടെ വരവ് കുറഞ്ഞത് തന്നെയായിരുന്നു കാരണം.

പിവിആറിന്റെ മൊത്തം വരുമാനത്തിന്റെ ഏകദേശം 34 ശതമാനം ദക്ഷിണേന്ത്യയില്‍ നിന്നാണ്. പിവിആറിന് രാജ്യമെമ്പാടുമായി, ഡിസംബറിലെ കണക്കുകള്‍ പ്രകാരം,825 സ്‌ക്രീനുകളുണ്ട്. ഐനോക്‌സിന് 614ഉം. കേരളത്തില്‍ പിവിആറിന് 15 സ്‌ക്രീനുകളാണുള്ളത്. ഐനോക്‌സിന് ആറ് സ്‌ക്രീനുകളും. ദീര്‍ഘകാലം മള്‍ട്ടിപ്ലെക്‌സുകള്‍ അടഞ്ഞുകിടന്നാല്‍ ഈ ഓഹരികളുടെ വിലകളും ഗണ്യമായി ഇടിയും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it