'ഉടൻ 160 കോടി അടച്ചില്ലെങ്കിൽ 2023 ലോകകപ്പ് ഇന്ത്യയ്ക്ക് പുറത്ത്'

ഡിസംബർ 31ന് മുൻപ് 23 മില്യൺ ഡോളർ (ഏകദേശം 160 കോടി) നൽകിയില്ലെങ്കിൽ 2023ലെ ഏകദിന ലോകകപ്പ് ഉൾപ്പെടെയുള്ള ടൂർണമെന്റുകൾ ഇന്ത്യയിൽനിന്ന് മാറ്റുമെന്ന് ഐസിസിയുടെ മുന്നറിയിപ്പ്.

2016-ൽ ഇന്ത്യയിൽ വെച്ച് നടന്ന ട്വന്റി20 ലോകകപ്പിന്റെ നികുതി ഇളവുകളുമായി ബന്ധപ്പെട്ട് ഐസിസിക്കു നേരിടേണ്ടിവന്ന 160 കോടി രൂപയുടെ നഷ്ടം ഇപ്പോൾ ബിസിസിഐ നികത്തണമെന്നാണ് ഐസിസി പറയുന്നത്.

ഡിസംബർ 31 നുള്ളിൽ ഈ തുക അടച്ചില്ലെങ്കിൽ ഇന്ത്യയിൽ വെച്ച് നടത്താനിരിക്കുന്ന 2021ലെ ചാമ്പ്യൻസ് ട്രോഫി, 2023ലെ ഏകദിന ലോകകപ്പ് തുടങ്ങിയ ടൂർണമെന്റുകൾക്ക് വേറെ വേദി അന്വേഷിക്കുമെന്നാണ് മുന്നറിയിപ്പ്.

മുൻ ബിസിസിഐ പ്രസിഡന്റ് കൂടിയായ ശശാങ്ക് മനോഹറാണ് നിലവിൽ ഐസിസി അധ്യക്ഷൻ.

ട്വന്റി20 ലോകകപ്പിന് കേന്ദ്രസർക്കാരിൽനിന്ന് നികുതിയിളവു ലഭിക്കുമെന്നായിരുന്നു ഐസിസി കണക്കുകൂട്ടിയിരുന്നത്. ഐസിസിയുടെ ബ്രോഡ്കാസ്റ്റിങ് പാർട്ണർ ആയിരുന്ന സ്റ്റാർ ടിവി, നികുതി കുറച്ചാണ് ഐസിസിക്ക് നൽകാനുള്ള തുക അടച്ചത്.

എന്നാൽ ഏതെങ്കിലും തരത്തിലുള്ള നികുതിയിളവ് ബിസിസിഐയ്‌ക്കോ ഐസിസിക്കോ സർക്കാരിൽ നിന്ന് ലഭിച്ചില്ല.

അതേസമയം, നികുതി ഇളവു ചെയ്യാമെന്ന് ഇന്ത്യ വാഗ്‌ദാനം നൽകിയിരുന്നെങ്കിൽ അതിന്റെ മിനിറ്റ്സ് കൈമാറണമെന്നാണ് ബിസിസിഐ ആവശ്യപ്പെടുന്നത്. രേഖ നൽകാതെ പണമടക്കുന്ന പ്രശ്നമില്ലെന്ന നിലപാടിലാണ് ബിസിസിഐ.

ട്വന്റി20 ലോകകപ്പിന്റെ സമയത്ത് ബിസിസിഐ പ്രസിഡന്റായിരുന്ന എൻ. ശ്രീനിവാസനും നിലവിലെ ഐസിസി മേധാവി ശശാങ്ക് മനോഹറും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയാണ് ഇപ്പോഴത്തെ പ്രശ്നത്തിന് പിന്നിലെന്ന് ചില ബിസിസിഐ അംഗങ്ങൾ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

Related Articles

Next Story

Videos

Share it