പ്രോ വോളി ലീഗിൽ ഒളിഞ്ഞിരിക്കുന്ന ബ്രാൻഡിംഗ് അവസരങ്ങൾ: ഈ കണക്കുകൾ ഒന്നു നോക്കൂ

വോളിബോളും ബിസിനസും തമ്മിലെന്ത് ബന്ധമെന്ന് ചിന്തിക്കുന്നുണ്ടോ? സ്വന്തം ബ്രാന്‍ഡിനെ ജനമനസുകളിലേക്കെത്തിക്കാന്‍ മികച്ചൊരു വഴിയാണ് വോളിബോള്‍ ലീഗുകള്‍.

വോളിബോള്‍ മാച്ചുകളുടെ ലൈവ് സംപ്രേക്ഷണം നമ്മള്‍ മലയാളികള്‍ക്ക് അധികം പരിചയമില്ല. പക്ഷേ 2016ലെ ഒളിമ്പിക്‌സിലും ഏഷ്യന്‍ ഗെയിംസിലുമെല്ലാം ഏറ്റവും കൂടുതല്‍ വ്യൂവര്‍ഷിപ്പുള്ള ഗെയിമായിരുന്നു വോളിബോള്‍.

  • കണക്കുകള്‍ അനുസരിച്ച് ഏഷ്യന്‍ ഗെയിംസില്‍ 22.4 ദശലക്ഷം പേര്‍ വോളിബോള്‍ കളി ടെലിവിഷനില്‍ കണ്ടു.
  • ഇതില്‍ 41 ശതമാനം പേര്‍ കേരളം, ആന്ധ്രപ്രദേശ്/ തെലുങ്കാന, മഹാരാഷ്ട്ര, ഗോവ, തമിഴ്‌നാട്, പോണ്ടിച്ചേരി, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.
  • മാത്രമല്ല മൊത്തം വ്യൂവേഴ്‌സില്‍ 41ശതമാനം സ്ത്രീകളുമായിരുന്നു.
  • 2016ലെ റിയോ ഒളിമ്പിക്‌സില്‍ വോളിബോള്‍ കണ്ടത് 54.3 ദശലക്ഷം പേരാണത്രേ.
  • ഇതില്‍ 43 ശതമാനം പേരും മുന്‍പ് സൂചിപ്പിച്ച സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ തന്നെ.
  • മാത്രമല്ല, 43 ശതമാനം പേര്‍ സ്ത്രീകളുമായിരുന്നു.

ഈ വ്യൂവര്‍ഷിപ്പ് പാറ്റേണ്‍ തന്നെയാണ് വോളിബോളിന്റെ ബിസിനസ്, ബ്രാന്‍ഡിംഗ് സാധ്യതകള്‍ തുറന്നിടുന്നത്. പ്രൊ വോളിബോള്‍ ലീഗിന്റെ ഒഫീഷ്യല്‍ ബ്രോഡ്കാസ്റ്റ് പാര്‍ട്ണര്‍ സോണി പിക്‌ചേഴ്‌സ് നെറ്റ് വര്‍ക്കാണ്. വോളിബോളിന് ഇത്രമാത്രം ആരാധകരുള്ള നാട്ടില്‍ സോണി ലൈവ് ടെലികാസ്റ്റ് ചെയ്യുമ്പോള്‍ വ്യൂവര്‍ഷിപ്പ് വര്‍ധിക്കാന്‍ തന്നെയാണ് സാധ്യത.

ഇത് ഒരു ഒന്നൊന്നര ടീം!

പ്രഥമ പ്രോ വോളി ലീഗില്‍ കരുത്തോടെ നിറയാന്‍ കണക്കാക്കി തന്നെയാണ് ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ നീക്കങ്ങള്‍. 12 അംഗ ടീമില്‍, രണ്ട് വിദേശതാരങ്ങളും രണ്ട് അണ്ടര്‍ 21 താരങ്ങളും നിര്‍ബന്ധമാണ്.

ഒളിമ്പിക്‌സ് ഗോള്‍ഡ് മെഡല്‍ നേടിയ യു എസ് ടീം ക്യാപ്റ്റന്‍ ഡേവിഡ് ലീയും സ്ലോവാക്യയില്‍ നിന്നുള്ള, സ്ലൊവാക്യന്‍ ചാംമ്പ്യന്‍ ക്ലബംഗമായ ആന്‍േ്രഡ പട്ടുകുമാണ് ബ്ലു സ്‌പൈക്കേഴ്‌സിന്റെ വിദേശ താരങ്ങള്‍.

ഇന്ത്യന്‍ ദേശീയ ടീം ക്യാപ്റ്റനും രാജ്യത്തെ നമ്പര്‍വണ്‍ സെറ്ററുമായ തമിഴ്‌നാട് താരവും ഐക്കണ്‍ പ്ലെയറുമായ മോഹന്‍ ഉഗ്രപാണ്ഡ്യനാണ് ടീമിന്റെ മറ്റൊരു കുന്തമുന. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കായി ടോപ് പോയ്ന്റ് സ്‌കോററായ റെയ്ല്‍വേസ് താരം എസ് പ്രഭാകരന്‍, മലയാളി താരങ്ങളായ പി റോഹിത്, മനു ജോസഫ്, മുജീബ് എന്നിവരും ബ്ലൂ സ്‌പേക്കേഴ്‌സിന് ഒപ്പമുണ്ട്.

മുന്‍ ഇന്ത്യന്‍ പ്ലെയറും റെയില്‍വേസിനെ വിജയപാതയില്‍ നയിച്ച കോച്ചുമായ ടി.സി ജ്യോതിഷാണ് ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ കോച്ച്.

സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിംഗ് ആന്‍ഡ് ടാലന്റ് മാനേജ്‌മെന്റ് കമ്പനിയായ ബേസ്‌ലൈന്‍ വെഞ്ച്വേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രൊ വോളിബോള്‍ ലീഗിന്റെ പ്രഥമ സീസണില്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പാണ് കൊച്ചി ഫ്രാഞ്ചൈസി- കൊച്ചി ബ്ലു സ്‌പൈക്കേഴ്‌സ്- സ്വന്തമാക്കിയിരിക്കുന്നത്.

തോമസ് മുത്തൂറ്റ്

അങ്ങനെ നീലച്ചേലോടെ വോളിബോള്‍ ഗ്രൗണ്ടിലേക്കും മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് തങ്ങളുടെ സാന്നിധ്യം അറിയിച്ചിരിക്കുന്നു. ''Business with a mission… ഇതാണ് ഞങ്ങളെ നയിക്കുന്നത്. പ്രൊ വോളിബോള്‍ ലീഗില്‍ ഫ്രാഞ്ചൈസി സ്വന്തമാക്കിയതും ഇതേ ദര്‍ശനം മുന്നില്‍ നിര്‍ത്തി തന്നെയാണ്,'' മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്റ്റര്‍ തോമസ് മുത്തൂറ്റ് പറയുന്നു.

വോളിബോള്‍ എന്ന ജീവമന്ത്രം

ജീവിതത്തില്‍ വോളിബോളിനെ ജീവമന്ത്രം പോലെ കൊണ്ടുനടക്കുന്ന ഒരു വിഭാഗം ഇന്നും കേരളത്തിലുണ്ട്. അവര്‍ പലരും സമൂഹത്തിന്റെ ഉന്നതശ്രേണിയിലുള്ളവരല്ല. നാട്ടിലെ പരുക്കന്‍ കോര്‍ട്ടില്‍ കരുത്തുറ്റ സെര്‍വും സ്മാഷുമായി അവര്‍ നിറയുമെങ്കിലും പലകാരണങ്ങള്‍ കൊണ്ട് പാതിവഴിയില്‍ വോളിബോളിനെ ഇവര്‍ കൈവിടും.ജീവിക്കാന്‍ വേണ്ടി മറ്റു മാര്‍ഗങ്ങളിലേക്ക് തിരിയും.

അതോടൊപ്പം തന്നെ വോളിബോള്‍ കളി മികവുകൊണ്ടു മാത്രം കേരളത്തിലെ പൊതുമേഖല, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി തേടി മികച്ച ജീവിതം കെട്ടിപ്പടുത്തവരുമുണ്ട്. പക്ഷേ അവസരങ്ങള്‍ പരിമിതിമാണ്. കളിയിലൂടെയുള്ള വരുമാനവും. ''വോളിബോളിനെ സ്‌നേഹിക്കുന്ന, കളിക്കുന്ന യുവതലമുറയ്ക്ക് മികച്ചൊരു കരിയറും ജീവിതവും കെട്ടിപ്പടുക്കാന്‍ കൈത്താങ്ങാകുകയാണ് ഞങ്ങളുടെ ലക്ഷ്യം. പുതുതലമുറയെ വോളിബോളിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കും. അതോടൊപ്പം ഒരുപക്ഷേ ഏഷ്യന്‍, ഒളിമ്പിക്‌സ് വേദികളിലേക്ക് വരെ നമ്മുടെ പ്രതിഭകള്‍ക്ക് കടന്നെത്താനും കഴിയും,'' തോമസ് മുത്തൂറ്റ് ചൂണ്ടിക്കാട്ടുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it