'രണ്ടാമൂഴം' പ്രൊജക്ട് പ്രതിസന്ധിയിൽ, എം.ടി കോടതിയിലേക്ക് 

ഇന്ത്യൻ സിനിമാലോകം ഇന്നേവരെ കണ്ടതിൽ വെച്ചേറ്റവും ചെലവേറിയ സിനിമ പ്രോജക്ടിന്റെ ഭാവി അനിശ്ചിതത്വത്തിൽ. സംവിധായകന്‍ ശ്രീകുമാര്‍ മേനോനാണ് എം.ടി വാസുദേവന്‍ നായരുടെ തിരക്കഥയെ അടിസ്ഥാനമാക്കി 'രണ്ടാമൂഴം' എന്ന നോവൽ സിനിമയാക്കാന്‍ തീരുമാനിച്ചിരുന്നത്.

എന്നാൽ സംവിധായകനുമായുള്ള കരാര്‍ അവസാനിച്ചുവെന്നും തിരക്കഥ തിരികെ വേണമെന്നും ആവശ്യപ്പെട്ട് എം.ടി വ്യാഴാഴ്ച മുൻസിഫ‌് കോടതിയെ സമീപിച്ചു. നാലുവര്‍ഷം മുമ്പാണ് എം ടി ചിത്രത്തിന് വേണ്ടി തിരക്കഥ കൈമാറിയിരുന്നത്. മൂന്നുവര്‍ഷത്തേക്കായിരുന്നു കരാര്‍.

ഇതിനുള്ളിൽ സിനിമ പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ ചിത്രീകരണം പോലും തുടങ്ങിയില്ല. തുടര്‍ന്ന് ഒരു വര്‍ഷത്തേക്കു കൂടി കരാര്‍ നീട്ടി. എന്നിട്ടും അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല.

വ്യവസായിയായ ബി.ആര്‍ ഷെട്ടിയാണ് സിനിമ നിര്‍മിക്കാന്‍ തയ്യാറായി മുന്നോട്ടുവന്നിരുന്നു. 1000 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. മോഹന്‍ലാലാണ് പ്രധാനകഥാപാത്രമായ ഭീമസേനനെ അവതരിപ്പിക്കുക.

അതേസമയം രണ്ടാമൂഴം നടക്കുമെന്നും എം. ടിയെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാന്‍ കഴിയാഞ്ഞത് തന്റെ വീഴ്ച്ചയാണെന്നും സംവിധായകനായ ശ്രീകുമാര്‍ പ്രതികരിച്ചു. എത്രയും വേഗം അദ്ദേഹത്തെ പോയിക്കണ്ട് കാര്യങ്ങൾ ധരിപ്പിക്കുമെന്നും ശ്രീകുമാര്‍ ഫേസ്ബുക്കിൽ കുറിച്ചു.

Related Articles
Next Story
Videos
Share it