മഹാ 'മാമാങ്കം' കൊണ്ടാടി മമ്മൂട്ടിയുടെ ആരാധകര്‍

ക്രിസ്മസ് റിലീസ് ആയെത്തിയ 'മാമാങ്കം' മഹാ ആഘോഷമാക്കി മമ്മൂട്ടിയുടെ ആരാധകര്‍. ദീര്‍ഘ കാലമായി കാത്തിരുന്ന പ്രേക്ഷകരെ നിരാശപെടുത്താത്ത തിയേറ്റര്‍ അനുഭവമാണ് ഈ ബ്രഹ്മാണ്ഡ ചിത്രം സമ്മാനിക്കുന്നതെന്ന നിരീക്ഷണം ഏറെക്കുറെ ഏകകണ്ഠം.

ആദ്യന്തം 'ത്രില്‍' നിലനിര്‍ത്തുന്ന കഥയാണ് ചിത്രത്തിന്റെ പ്രാധാന കരുത്ത്. മാമാങ്കത്തിന്റെ ചരിത്രം പറയുന്ന രഞ്ജിത്തിന്റെ വോയിസ് ഓവറോടെയാണ് തുടക്കം. ആത്മസംഘര്‍ഷങ്ങളിലൂടെ കടന്നു പോവുന്ന മമ്മൂട്ടിയുടെ ചന്ദ്രോത്തു വലിയ പണിക്കര്‍ എന്ന 'പരാജയപ്പെട്ട' ചാവേറും കുടിപ്പകയുടെ കഥ കേട്ട് വളര്‍ന്ന പന്ത്രണ്ടു വയസ്സുകാരന്‍ ചന്തുണ്ണിയുമാണ് 'മാമാങ്ക'ത്തിലെ നിര്‍ണായക കഥാപാത്രങ്ങള്‍.

കലാ സംവിധാനത്തിന്റെ പിന്തുണയിലുള്ള സാങ്കേതിക തികവ് മുന്നിട്ടുനില്‍ക്കുന്നു. കേരളത്തിന്റെ കളരി പാരമ്പര്യം ചിത്രത്തിലൂടെ മിന്നുന്നു. മികവ് പുലര്‍ത്തുന്നുണ്ട് ഛായാഗ്രഹണവും എഡിറ്റിംഗും. ' മമ്മുക്കയുടെ സ്‌ക്രീന്‍ പ്രസന്‍സ് എല്ലാ സീനുകളെയും ആവേശഭരിതമാക്കുന്നു. സ്ത്രീ വേഷത്തില്‍ അദ്ദേഹം നൃത്തച്ചുവടുകള്‍ വയ്ക്കുന്നത് അതിമനോഹരമായിരിക്കുന്നു,'-ട്വിറ്ററിലെ ഒരു കുറിപ്പ് ഇങ്ങനെ.

കാവ്യാ ഫിലിംസിന്റെ ബാനറില്‍ മുരളി കുന്നപ്പിള്ളി നിര്‍മ്മിച്ച ചിത്രത്തിന്റെ രചന സജീവ് പിള്ള, സംവിധാനം എം പദ്മകുമാര്‍, ഛായാഗ്രഹണം മനോജ് പിള്ള. സജീവ് പിള്ളയുടെ കഥയ്ക്ക് അവലംബിത തിരക്കഥയും സംഭാഷണവും ഒരുക്കിയിയത് സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണന്‍. സഞ്ചിത് ബല്‍ഹാര, അങ്കിത് ബല്‍ഹാര എന്നിവര്‍ പശ്ചാത്തലസംഗീതവും എം ജയചന്ദ്രന്‍ സംഗീതവും ഒരുക്കി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലേക്കും മൊഴി മാറ്റിയ ചിത്രം മലേഷ്യയിലും ഇന്തോനേഷ്യയിലും റിലീസ് ചെയ്യുന്നുണ്ട്. 9000 ഷോകള്‍ ആദ്യദിനം നടക്കുമെന്നാണ് വിതരണക്കാര്‍ പറഞ്ഞത്. കേരളത്തില്‍ മാത്രം 3600 സ്‌ക്രീനുകളില്‍.

രാവിലെ മുതല്‍ ഉള്ള ഷോകള്‍ എല്ലാം തന്നെ ഫാന്‍സ് പ്രീബുക്ക് ചെയ്തിരുന്നു. മോഹന്‍ലാല്‍, പ്രിയദര്‍ശന്‍, മഞ്ജു വാര്യര്‍ തുടങ്ങി മുന്‍നിരയിലുള്ളവര്‍ റിലീസിന് മുന്‍പ് തന്നെ ചിത്രത്തിനും അണിയറക്കാര്‍ക്കും ആശംസകള്‍ നേര്‍ന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it