'സർക്കാർ' കേരളത്തിലെ കളക്ഷൻ റെക്കോർഡുകൾ തകർക്കുമോ?

ബോക്സ്ഓഫീസിൽ തരംഗം സൃഷ്ടിച്ച് ഇളയദളപതി വിജയ്യുടെ ദീപാവലി ചിത്രം സർക്കാർ. ഔദ്യോഗിക കണക്കുകൾ പുറത്തുവന്നിട്ടില്ലെങ്കിലും, ആദ്യ ദിവസം തമിഴ്നാട്ടിൽ 30 കോടി രൂപയോളം ചിത്രം വാരിക്കൂട്ടി എന്നാണ് അറിയുന്നത്. കേരളത്തിൽ ആറ്‌ കോടിക്ക് മുകളിലും. ബാഹുബലിയുടെ റെക്കോർഡാണ് കേരളവും തമിഴ്നടുമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സർക്കാർ തകർത്തത്.

തമിഴ്നാട്ടിൽ ആദ്യദിനം ബാഹുബലി 2 നേടിയത് 19 കോടി രൂപയായിരുന്നു. കേരളത്തിൽ 5.45 കോടിയും. ചെന്നൈയിൽ മാത്രം സർക്കാരിന്റെ ആദ്യ ദിവസത്തെ കളക്ഷൻ 2.37 കോടി രൂപയാണ്. രജനികാന്തിന്റെ 'കാല' ആദ്യദിവസം ചെന്നൈയിൽ നേടിയത് 1.75 കോടി രൂപയായിരുന്നു.

ലോകമെമ്പാടും 3000 സ്‌ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം ആഗോളതലത്തിൽ 70 കോടിയോളം റിലീസ് ദിനത്തിൽ തന്നെ നേടി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഎസിൽ 2.31 കോടി രൂപയും ഓസ്ട്രേലിയയിൽ 1.16 കോടിയും യുകെയിൽ 1.17 കോടി രൂപയുമാണ് കളക്ഷൻ. ഓസ്ട്രേലിയയിൽ ഒരു ഇന്ത്യൻ സിനിമ നേടിയതിൽ വെച്ചേറ്റവും വലിയ ഓപ്പണിംഗ് ആണ് സർക്കാരിന് ലഭിച്ചത്.

ചൊവ്വാഴ്ച്ച റിലീസ് ചെയ്യുകവഴി സർക്കാർ കാലാകാലങ്ങളായി നിലനിന്നിരുന്ന രീതിയെ മാറ്റിമറിച്ചിരിക്കുകയാണെന്ന് ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ചൂണ്ടിക്കാട്ടി. സിനിമകൾ സാധാരണ വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ആണ് റിലീസ് ചെയ്യാറ്. മുംബൈയിൽ ചില തീയേറ്ററുകൾ എട്ട് മുതൽ 11 ഷോകൾ വരെ സർക്കാരിന് നൽകിയിട്ടുണ്ട്. ഇത് അസാധാരണമാണെന്ന് തരൺ ആദർശ് പറയുന്നു.

ഏകദേശം 45 കോടി മുടക്കി നിർമ്മിച്ച ചിത്രം 185.6 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിയിരുന്നു. ഒരു വിജയ് സിനിമയുടെ എല്ലാ ചേരുവകളെല്ലാം ചേർന്ന സിനിമ തന്നെയാണ് സർക്കാർ.

തമിഴ്‌നാട്ടിലെ രാഷ്‌ട്രീയസ്ഥിതികളെ കണക്കറ്റ് വിമർശിക്കുന്ന ചിത്രം, വോട്ടിനു വേണ്ടി സൗജന്യങ്ങൾ നൽകുന്ന പ്രവണതയ്ക്കെതിരെ വിരൽ ചൂണ്ടുന്നുണ്ട്.

തുപ്പാക്കി, കത്തി എന്ന ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം എ ആര്‍ മുരുഗദോസും വിജയ്‍യും ഒന്നിക്കുന്ന ചിത്രമാണ് സർക്കാർ. കീർത്തി സുരേഷ്, വരലക്ഷ്മി ശരത്കുമാർ, യോഗി ബാബു, രാധ രവി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Related Articles

Next Story

Videos

Share it