ഒ.ടി.ടി റിലീസ് നീക്കവുമായി വീണ്ടും മലയാള സിനിമകള്‍

മലയാളത്തിലെ അടുത്ത ഒ.ടി.ടി സിനിമാ റിലീസിനൊരുങ്ങി ടോവിനോ തോമസ് ചിത്രം 'കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്'. ഇതിനായി അനുമതി ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മാതാവ് ആന്റോ ജോസഫ് മലയാള സിനിമാ സംഘടനകള്‍ക്ക് കത്ത് നല്‍കി. സൂഫിയും സുജാതയും, മ്യൂസിക്കല്‍ ചെയര്‍ എന്നിവ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലാണ് പ്രദര്‍ശിപ്പിച്ചത്.
തിയേറ്ററുകള്‍ തുറക്കുന്നത് വരെ കാത്തിരിക്കുന്നത് സുരക്ഷിതമല്ലെന്നും അതിനിടയില്‍ ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങുമോ എന്ന് താന്‍ ആശങ്കപ്പെടുന്നതായും ആന്റോ ജോസഫ് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മാര്‍ച്ച് മാസം 12ന് തീരുമാനിച്ച ചിത്രത്തിന്റെ റിലീസ് കോവിഡ് സാഹചര്യത്തില്‍ തീയറ്ററുകള്‍ അടച്ചിട്ടത് മൂലം മാറ്റിവയ്ക്കുകയായിരുന്നു. ചിത്രം ഓണ്‍ലൈന്‍ ആയി റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമുകളുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തിയിരുന്നു.
റിലീസ് സംബന്ധിച്ചുള്ള തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് ആന്റോ ജോസഫ് പ്രതീക്ഷ പ്രകടിപ്പിച്ചു ജിയോ ബേബി സംവിധാനം ചെയുന്ന 'കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സി'ല്‍ ടോവിനോ തോമസും അമേരിക്കന്‍ നടി ഇന്ത്യ ജാര്‍വിസുമാണ് നായികാ നായകന്മാരാകുന്നത്.ഒരു കോട്ടയംകാരനും മദാമ്മയും കൂട്ടുകൂടി കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍ വഴി ലഡാക്ക് വരെ പോകുന്നതാണ് സിനിമയുടെ കഥ. അതിനിടയ്ക്ക് അവര്‍ കാണുന്ന കാഴ്ചകള്‍, അവര്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, അടുപ്പം, വിയോജിപ്പുകള്‍, ഇന്ത്യയുടെയും അമേരിക്കയുടെയും സാംസ്‌കാരിക വ്യത്യാസം തുടങ്ങിയവ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കപ്പെടുന്നു.
കൊറോണയുടെ പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ മമ്മൂട്ടിയുടെ 'വണ്‍' ഉള്‍പ്പെടെ പല ചിത്രങ്ങളും ഒടിടി റിലീസിനായി തയ്യാറെടുക്കുന്നുവെന്നാണ് അണിയറയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍. ബോളിവുഡിലും ആറോളം ചിത്രങ്ങള്‍ ഇതിനകം ഓടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്തി.ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് മുഖ്യമന്ത്രിയായി മമ്മൂട്ടി അഭിനയിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ സ്വഭാവമുള്ള'വണ്‍'. മാര്‍ച്ചിലാണ് കേരളത്തിലും തിയേറ്ററുകള്‍ അടച്ചത്. തിയേറ്റര്‍ റിലീസ് ഷെഡ്യൂള്‍ ചെയ്ത നിരവധി ചിത്രങ്ങള്‍ അതോടെ അനിശ്ചിതത്വത്തിലായി. ലോക്ക്ഡൗണ്‍ വന്നതോടെ ഷൂട്ടിംഗുങ്ങള്‍ മുടങ്ങുകയും പ്രീ പ്രൊഡക്ഷന്‍- പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നീണ്ടുപോവുകയും ചെയ്തു. നിയന്ത്രണങ്ങളോടെ ഷൂട്ടിംഗിനും മറ്റു അനുബന്ധജോലികള്‍ക്കും സര്‍ക്കാര്‍ അനുവാദം കൊടുത്തുവെങ്കിലും തിയേറ്ററുകള്‍ എന്ന് തുറക്കാന്‍ കഴിയുമെന്ന കാര്യത്തിലുള്ള അനിശ്ചിതാവസ്ഥ ഇപ്പോഴും തുടരുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline