‘പിഎം നരേന്ദ്ര മോദി’ നാളെ തീയേറ്ററുകളിൽ 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ‘പിഎം നരേന്ദ്ര മോദി’ എന്ന ചിത്രം മെയ് 24ന് തീയേറ്ററുകളിൽ എത്തും. മോഡൽ കോഡ് ഓഫ് കണ്ടക്റ്റ് ലഘിക്കുമെന്ന പരാതിയിന്മേൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സിനിമയുടെ റിലീസ് തീയതി മാറ്റിവെച്ചിരുന്നു. ഏപ്രിൽ അഞ്ചായിരുന്നു മുൻ നിശ്ചയിച്ച തീയതി.

പ്രധാനമന്ത്രിയുടെ പേരുതന്നെ ടൈറ്റിലാക്കിയ ചിത്രത്തിൽ, പ്രമുഖ ബോളിവുഡ് നടൻ വിവേക് ഒബ്രോയ് ആണ് മോദിയായി വേഷമിടുന്നത്.

മോദിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളെ പ്രതിപാദിക്കുന്ന ചിത്രത്തിൽ ഇന്ദിരാ ഗാന്ധിയും അടിയന്തിരാവസ്ഥക്കാലവും, ഗുജറാത്ത് കലാപവുമെല്ലാം പ്രമേയമാക്കിയിട്ടുണ്ട്.

ഒരു സാധാരണക്കാരനിൽ നിന്നും രാജ്യത്തിൻറെ പ്രധാനമന്ത്രി പദത്തിലേക്കുള്ള മോദിയുടെ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.

മേരി കോം, സരബ്ജിത്ത് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ഒമംഗ് കുമാറാണ് 'പിഎം നരേന്ദ്ര മോദി'യുടെയും സംവിധായകൻ.

രാഷ്ട്രീയ സ്വഭാവമുള്ള സിനിമകളാണ് ബോളിവുഡിൽ ഇപ്പോഴത്തെ ട്രെൻഡ്. ഉറി: ദി സർജിക്കൽ സ്ട്രൈക്ക്, ദി ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ, താക്കറെ എന്നിവ ഈയടുത്ത കാലത്ത് റിലീസ് ആയവയാണ്. നസറുദീൻ ഷാ കേന്ദ്ര കഥാപാത്രമാകുന്ന ദി താഷ്കന്റ് ഫയൽസ് മുൻ പ്രധാന മന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ കഥ പറയുന്ന മറ്റൊരു പൊളിറ്റിക്കൽ ത്രില്ലറാണ്.

'പിഎം നരേന്ദ്ര മോദി' നിർമ്മിക്കുന്നത് സുരേഷ് ഒബറോയ്, സന്ദീപ് സിംഗ്, ആനന്ദ് പണ്ഡിറ്റ്, എന്നിവർ ചേർന്ന് ലെജൻഡ് ഗ്ലോബൽ സ്റ്റുഡിയോ, ആനന്ദ് പണ്ഡിറ്റ് മോഷൻ പിക്‌ച്ചേഴ്‌സ് എന്നിവയുടെ ബാനറിലാണ്.

Related Articles
Next Story
Videos
Share it