ഇന്ത്യയുടെ മ്യൂസിക് സ്ട്രീമിംഗ് രംഗത്ത് 'പടയൊരുക്കം'

ഇന്ത്യയിലെ വളർന്നുവരുന്ന ഓൺലൈൻ മ്യൂസിക് സ്ട്രീമിംഗ് മാർക്കറ്റിനെ പോക്കറ്റിലാക്കാൻ ആഗോള കമ്പനികളുടെ പടയൊരുക്കം.ഏതുതരം സംഗീതവും ആസ്വദിക്കാനുള്ള ഇന്ത്യക്കാരുടെ കഴിവുതന്നെയാണ് ഈ ഇൻഡസ്ട്രിയുടെ വളർച്ചയ്ക്ക് പിന്നിൽ.

ഇക്കഴിഞ്ഞ ദിവസമാണ് സ്വീഡനിലെ പ്രമുഖ മ്യൂസിക് സ്ട്രീമിംഗ് കമ്പനിയായ സ്പോട്ടിഫൈ ഇന്ത്യയിൽ എത്തിയത്. ഇപ്പോഴിതാ ഗൂഗിൾ യൂട്യൂബിന്റെ മ്യൂസിക് ആപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു.

ബോളിവുഡ് സംഗീതവും പ്രാദേശിക ഭാഷകളിലെ ഗാനങ്ങളും ഉൾപ്പെടുത്തിയതാണ് ആപ്പ്. സൗജന്യ വേർഷനിൽ പരസ്യങ്ങൾ ഉണ്ടാകും. പരസ്യങ്ങളില്ലാതെ സംഗീതം ആസ്വദിക്കണമെന്നുള്ളവർക്ക് പ്രതിമാസം 129 രൂപയ്ക്ക് പ്രീമിയം വേർഷൻ ലഭ്യമാകും. യുട്യൂബ് പ്രീമിയം മെമ്പർഷിപ് കൂടി ഉൾപ്പെടുന്നതാണ് പ്രീമിയം വേർഷൻ. നിലവിലുള്ള ഗൂഗിൾ പ്ലേ മ്യൂസിക് വരിക്കാർക്ക് യുട്യൂബ് പ്രീമിയം മെമ്പർഷിപ് ലഭിക്കും. ഓഫ്‌ലൈൻ ഡൗൺലോഡ് സേവനത്തിന് മാസം 99 രൂപ നൽകിയാൽ മതിയാകും.

ഇവർക്കൊക്കെ കുറച്ചുനാൾ മുൻപേ ഇന്ത്യയിലെത്തിയ ആമസോണാണെങ്കിൽ പ്രൈം വരിക്കാരുടെ പാക്കേജിൽ ആമസോൺ മ്യൂസിക് ഉൾപ്പെടുത്തിയിട്ടുണ്ട്. മാസം 129 രൂപ അല്ലെങ്കിൽ വർഷം 999 രൂപയാണ് ആമസോൺ പ്രൈമിന്റെ വരിസംഖ്യ. പ്രതിമാസം 119 രൂപയ്ക്കാണ് സ്പോട്ടിഫൈ സേവനം നൽകുന്നത്.

സ്പോട്ടിഫൈ വരുന്നതിന് മുൻപേ ജിയോ രംഗത്തെത്തിയിരുന്നു. സാവനും ജിയോ മ്യൂസിക്കും ലയിച്ച് ജിയോ സാവൻ എന്ന പേരിലാണ് സേവനം ആരംഭിച്ചത്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മ്യൂസിക് സ്ട്രീമിംഗ് സേവനമാണിതെന്നാണ് റിലയൻസ് അവകാശപ്പെടുന്നത്. ജിയോ വരിക്കാർക്ക് 90 ദിവസത്തെ ഫ്രീ-ട്രയലുമായാണ് ആപ്പ് അവതരിപ്പിച്ചത്.

സ്‌ട്രീമിങ് സംഗീതവുമായി ഇന്ത്യയിൽ ആദ്യമെത്തിയത് ആപ്പിൾ മ്യൂസിക്ക് ആയിരുന്നു. പിന്നാലെ ഗൂഗിൾ പ്ളേ. 2018 ഫെബ്രുവരിയിൽ ആമസോൺ മ്യൂസിക്ക് എത്തി. ഐഡിയ, എയർടെൽ പോലെയുള്ള മൊബൈൽ സേവനദാതാക്കളും ഗാന തുടങ്ങിയവരും സ്‌ട്രീമിങ് സംഗീതം നൽകുന്നുണ്ട്.

സ്‌ട്രീമിംഗ്‌ സേവങ്ങൾക്ക് ഏകദേശം 10 കോടി ഉപഭോക്താക്കളുണ്ടെങ്കിലും അതിന്റെ ചെറിയൊരു വിഭാഗം മാത്രമാണ് പണം നൽകി സേവനം വാങ്ങുന്നത്. എന്നിരുന്നാലും ഇൻഡസ്ടറിയുടെ മൊത്തം വില്പന 2017-ൽ 17 ശതമാനം ഉയർന്നിരുന്നു.

Dhanam News Desk
Dhanam News Desk  
Next Story
Share it