വീട്ടില്‍ കേക്ക് ഉണ്ടാക്കി വില്‍ക്കുന്നുണ്ടോ? വഴിയരികില്‍ പലഹാരം വില്‍ക്കുന്നുണ്ടോ? ഇത് ചെയ്തില്ലെങ്കില്‍ തടവ് ശിക്ഷയും പിഴയും ലഭിച്ചേക്കാം

കോവിഡ് വ്യാപനവും തുടര്‍ന്നുള്ള ലോക്ക്ഡൗണും തികച്ചും സാധാരണക്കാരായ വീട്ടമ്മമാരെ പോലും മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ഏത് നാട്ടിലും കാണും കേക്കുണ്ടാക്കി വില്‍ക്കുന്നവര്‍. വീട്ടിലെ നേന്ത്രക്കായയും പച്ചച്ചക്കയും കപ്പയുമെല്ലാം വറുത്ത് പായ്ക്കറ്റിലാക്കി വഴിയരികില്‍ വെച്ച് വില്‍പ്പന നടത്തുന്നവരും ഏറെ. ഉത്സവങ്ങളും പള്ളിപ്പെരുന്നാളുകളും ഇല്ലാതായെങ്കിലും അഞ്ചു രൂപയ്ക്ക് 'എണ്ണക്കടി' വില്‍പ്പന വഴിയോരത്ത് തകൃതിയാണ്.

എന്നാല്‍ അടുത്തിടെയാണ് വീട്ടില്‍ കേക്ക് ഉണ്ടാക്കി വില്‍ക്കാനും ലൈസന്‍സോ രജിസ്‌ട്രേഷനോ വേണമെന്ന കാര്യം പലരും അറിയുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് 2011 ആഗസ്തില്‍ നടപ്പാക്കപ്പെട്ട നിയമമാണ്. കോവിഡ് കാലത്ത് ചെറിയ രീതിയില്‍ ഭക്ഷ്യോല്‍പ്പന്ന നിര്‍മാണവും കച്ചവടവും നടത്തിയവര്‍ ഇക്കാര്യങ്ങളെ കുറിച്ച് അത്രയേറെ ബോധവാന്മാരായിരുന്നില്ലെന്ന് മാത്രം. ഉപജീവനത്തിനായി എല്ലാ വഴികളും നോക്കുന്നവര്‍ നിയമമോ ചട്ടമോ അറിയാതെ മുന്നോട്ടുപോകുകയായിരുന്നു. മാര്‍ച്ചിന് ശേഷം സംസ്ഥാനത്ത് വീടുകളില്‍ തുടങ്ങിയ 2,300 ബിസിനസുകള്‍ രജിസ്‌ട്രേഷന്‍ എടുത്തിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ ഇതിലും എത്രയോ മടങ്ങ് രജിസ്‌ട്രേഷന്‍ എടുക്കാതെയുണ്ട്.

വീട്ടില്‍ ഭക്ഷ്യോല്‍പ്പന്നവുമായി ബന്ധപ്പെട്ട് എന്തുതരത്തിലുള്ള ബിസിനസ് ചെയ്യുന്നവരും കര്‍ശനമായി രജിസ്‌ട്രേഷനോ ലൈസന്‍സോ എടുക്കുക തന്നെ വേണം. അല്ലെങ്കില്‍ കുറ്റകൃത്യത്തിന്റെ വ്യാപ്തി അനുസരിച്ച് അഞ്ച് ലക്ഷം രൂപ വരെ പിഴയും ആറുമാസം വരെ തടവുശിക്ഷയും ലഭിച്ചേക്കാം.

ആര്‍ക്കൊക്കെ രജിസ്‌ട്രേഷന്‍/ ലൈസന്‍സ് വേണം: 2011 ല്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കി ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമ പ്രകാരം വാഹനങ്ങളില്‍ ഭക്ഷണം കൊണ്ടു നടന്ന് വില്‍ക്കുന്നവര്‍, സ്വന്തം ആവശ്യത്തിനല്ലാതെ വില്‍ക്കാനായി വീട്ടില്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നവര്‍, വഴിയോരക്കച്ചവടക്കാര്‍, ഉത്സവപറമ്പുകളിലും മറ്റും ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നവര്‍, അറവ് ശാലകള്‍, കുട്ടികള്‍ക്കുള്ള ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, വീട്ടില്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ശേഖരിച്ച് വെച്ച് വില്‍പ്പന നടത്തുന്നവര്‍, സ്ഥാപനങ്ങളില്‍ കാന്റീന്‍ നടത്തുന്നവര്‍ എന്നിവര്‍ക്കെല്ലാം ലൈസന്‍സ് / രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.

അതിസൂക്ഷ്മ, സൂക്ഷ്മ, ചെറുകിട, വന്‍കിട സംരംഭങ്ങള്‍ എല്ലാം ഇതിന്റെ പരിധിയില്‍ വരും.

12 ലക്ഷം രൂപ വരെ വാര്‍ഷിക വിറ്റുവരവ് ഉള്ളവരാണ് രജിസ്‌ട്രേഷന്‍ എടുക്കേണ്ടത്. അതിനു മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ളവര്‍ ലൈസന്‍സ് എടുക്കണം.

രജിസ്‌ട്രേഷന്‍ എങ്ങനെ എടുക്കാം: നമ്മുടെ നാട്ടിലെ സാധാരണക്കാരായ വീട്ടമ്മമാര്‍ തനിച്ചും കൂട്ടായും ഒക്കെ നടത്തുന്ന അതിസൂക്ഷ്മ, സൂക്ഷ്മ സംരംഭങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ എടുത്താല്‍ മതി. വാര്‍ഷിക വിറ്റുവരവ് 12 ലക്ഷം രൂപയില്‍ താഴെ ആയിരിക്കുമല്ലോ?

ഇത് വലിയ പണച്ചെലവില്ലാതെ അനായാസം ഓണ്‍ലൈനായി എടുക്കാനും പറ്റും. രജിസ്‌ട്രേഷന്‍ എടുക്കാന്‍ 100 രൂപയാണ് ഫീസ്. അക്ഷയ കേന്ദ്രങ്ങള്‍ വഴി പോലും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സൈറ്റില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ജില്ലാ ഓഫീസുകള്‍ വഴിയാണ് ലൈസന്‍സുകള്‍ നല്‍കുന്നത്. 12 ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വിറ്റുവരവ് ഉള്ളവരാണ് ലൈസന്‍സ് എടുക്കേണ്ടത്. ഇതിന് 2500 രൂപയോളമാണ് ഫീസ്.

ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ എടുത്തില്ലെങ്കില്‍ എന്ത് പറ്റും: ഭക്ഷ്യരംഗത്തുള്ളവര്‍ നിര്‍ബന്ധമായും എടുത്തിരിക്കേണ്ട ഒന്നാണ് ഈ ലൈസന്‍സ്. ഭേേക്ഷ്യാല്‍പ്പന്ന രംഗത്തെ പല കാര്യങ്ങളുണ്ട്. ഐഎസ്‌ഐ, അഗ്്മാര്‍ക്ക് പോലുള്ള സര്‍ട്ടിഫിക്കേഷനുകള്‍. എന്നാല്‍ അവയൊക്കെ നിര്‍ബന്ധമല്ല. എന്നാല്‍ ഈ ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.

രജിസ്‌ട്രേഷന്‍ എടുത്തില്ലെങ്കില്‍ ചെറുകിടക്കാര്‍ ഒരു ലക്ഷം രൂപ വരെ പിഴ നല്‍കേണ്ടി വരും.

ലൈസന്‍സ് എടുക്കാത്തവര്‍ക്ക് കുറ്റത്തിന്റെ വ്യാപ്തി അനുസരിച്ച് ആറുമാസം വരെ തടവു ശിക്ഷയും അഞ്ചുലക്ഷം രൂപ വരെ പിഴയും ലഭിച്ചേക്കാം. ഇത് ഗൗരവമായൊരു ക്രിമിനല്‍ കുറ്റമാണ്.

രജിസ്‌ട്രേഷന്‍ എങ്ങനെ ചെയ്യാം: ഫുഡ് സേഫ്റ്റിയും വൈബ്‌സൈറ്റില്‍ കയറി ആര്‍ക്കും സ്വയം ചെയ്യാം. അല്ലെങ്കില്‍ അക്ഷയ കേന്ദ്രങ്ങളിലും ചെയ്യാം. തനിച്ച് നടത്തുന്ന സംരംഭമാണെങ്കില്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയും മതിയാകും. പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനമാണെങ്കില്‍ അതുമായി ബന്ധപ്പെട്ട രേഖയും കമ്പനിയാണെങ്കില്‍ മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ പോലുള്ള രേഖകളും വേണം.

ഭക്ഷ്യോല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ടെങ്കില്‍ അതിന് ലൈസന്‍സ് നല്‍കുന്നത് കേന്ദ്ര അതോറിറ്റിയാണ്. അതിന്റെ ഓഫീസ് വെല്ലിംഗ്ടണ്‍ ഐലന്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സാധാരണ വീട്ടില്‍ ചെയ്യുന്ന ഒരു ബിസിനസിന് 100 രൂപ രജിസ്‌ട്രേഷന്‍ തുക ചെലവിട്ട്, അല്‍പ്പം സമയം വിനിയോഗിക്കാന്‍ തയ്യാറായില്ലെങ്കില്‍ കടുത്ത പിഴയാകും കാത്തിരിക്കുക.

(വിവരങ്ങള്‍ക്ക് കടപ്പാട്: ബി. പ്രസന്നകുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം മുന്‍ ജനറല്‍ മാനേജര്‍)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Related Articles

Next Story

Videos

Share it