കുറിപ്പടി വേണ്ടാത്ത 'ഒ.ടി.സി' മരുന്നുകളുടെ പട്ടിക വരുന്നു
ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകടകളില്‍നിന്ന് നേരിട്ടു വാങ്ങാവുന്ന മരുന്നുകളുടെ ഔദ്യോഗിക പട്ടികയുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കമാരംഭിച്ചു. അത്തരം മരുന്നുകളുടെ ഗുണനിലവാരം, പരസ്യം, വിലനിര്‍ണ്ണയം എന്നിവയില്‍ കര്‍ശനമായ നിയന്ത്രണങ്ങളോടെ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്താനും ഡ്രഗ്സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി (ഡി.സി.സി.) നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഔഷധവിതരണം സുതാര്യവും ഫലപ്രദവുമാക്കാന്‍ കുറിപ്പടികളാവശ്യമില്ലാത്ത ഓവര്‍ ദി കൗണ്ടര്‍ (ഒ.ടി.സി.) മരുന്നുകളുടെ കാര്യത്തില്‍ കാലാനുസൃത തീരുമാനമെടുക്കണമെന്ന ആവശ്യം വിവിധ തലങ്ങളില്‍ ശക്തമായിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ ശിപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ നിയോഗിച്ച ഹരിയാന ഡ്രഗ്സ് കണ്‍ട്രോളര്‍ എന്‍.കെ. അഹൂജയുടെ നേതൃത്വത്തിലുള്ള ഉപസമിതിയുടെ റിപ്പോര്‍ട്ട് ഡി.സി.സി. അംഗീകരിച്ചു.
ഉപസമിതിയുടെ ശുപാര്‍ശകള്‍ പ്രകാരം ഡി.സി.സി.യാണ് മയക്കുമരുന്ന്, സൗന്ദര്യവര്‍ദ്ധക നിയമത്തില്‍ ഒടിസിക്കായി പ്രത്യേക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താനുള്ള ഭേദഗതി വേണമെന്നു നിര്‍ദേശിച്ചത്. ഇതനുസരിച്ച് ഒ.ടി.സി. മരുന്നുകളുടെ നിര്‍വചനം ഔഷധ നിയമത്തിലുള്‍പ്പെടുത്തും. രോഗികളുടെ സുരക്ഷ കൂട്ടാനും ചികിത്സച്ചെലവ് കുറയ്ക്കാനും പര്യാപ്തമായ ശുപാര്‍ശകളാണു സമിതിയുടേത്.
രോഗിയുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാതെ സ്വയം പരിചരണം പ്രോത്സാഹിപ്പിക്കുന്നതിനും ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നീക്കം. കുറിപ്പടി മരുന്നുകള്‍ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനും ഇത് സഹായിക്കും- ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഒടിസി മരുന്നുകള്‍ക്കു നിലവില്‍ നിര്‍വ്വചനമില്ല. അതിനാല്‍, 'കുറിപ്പടി ' നിര്‍ബന്ധിതമല്ലാത്ത ഏത് മരുന്നും ഒടിസി യോഗ്യത നേടുന്നു. അത്തരം ഉല്‍പ്പന്നങ്ങള്‍ സ്വന്തമായി വില്‍ക്കാന്‍ ഫാര്‍മസിസ്റ്റുകള്‍ക്ക് സ്വാതന്ത്ര്യമുണ്ട് . കൂടാതെ രോഗികള്‍ക്ക് വൈദ്യോപദേശമില്ലാതെ അവ വാങ്ങാം. സാധാരണയായി ഉപയോഗിക്കുന്ന വേദനസംഹാരികളായ പാരസെറ്റമോള്‍, ഇബുപ്രോഫെന്‍ തുടങ്ങിയവയും ചുമ, ജലദോഷം, പനി എന്നിവയ്ക്കുള്ള മരുന്നുകളും ഇപ്പോള്‍ ഒടിസി വിഭാഗത്തില്‍ പെടുന്നു.
കുറിപ്പടി നല്‍കുന്ന മരുന്നുകളില്‍ നിന്ന് ഒടിസി വിഭാഗത്തിലേക്ക് മാറുന്നതിനുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും ഇനി നിയമത്തിലൂടെ നിര്‍വചിക്കും. ഒടിസി മരുന്നുകള്‍ക്കു പരസ്യം നല്‍കാം. അതേസമയം കുറിപ്പടി മരുന്നുകളുടെ പരസ്യം നിയമപ്രകാരം നിരോധിച്ചിരിക്കുന്നു. ചില ഉയര്‍ന്ന ആന്റിബയോട്ടിക്കുകള്‍ ഒടിസി ഉല്‍പ്പന്നങ്ങളായി കമ്പനികള്‍ വില്‍പ്പന നടത്തുന്നതിനെക്കുറിച്ചും സര്‍ക്കാരിന് മുന്നില്‍ ധാരാളം പരാതികള്‍ കിട്ടിയിരുന്നു